ADVERTISEMENT

ഇന്നലെ ‘മനോരമ’ സംഘടിപ്പിച്ച ‘വേണം, അഴിമതിയില്ലാ നാട്’ എന്ന ഫോൺ ഇൻ പരിപാടിയിൽ കേരളത്തിലുടനീളമുള്ള വായനക്കാർ പങ്കുവച്ചത് ഒട്ടേറെ അഴിമതിക്കഥകൾ. സർക്കാരിന്റെ വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ജനസമ്പർക്ക പരിപാടിയായ  ‘കരുതലും കൈത്താങ്ങും’ ചില ഉദ്യോഗസ്ഥർക്കു ചാകരയാണെന്നു വന്ന കോളുകളിൽ നിന്നു വ്യക്തമാകുന്നു. ഇതിന്റെ ഭാഗമായി പാലക്കാട് മണ്ണാർക്കാട്ടു നടന്ന അദാലത്തിനിടെയാണു പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായത്.

പല കാരണങ്ങളാൽ പിടിച്ചു വച്ച ഫയലുകൾ അദലാത്തിൽ തീർപ്പാക്കുമ്പോൾ  അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു ഗുണം രണ്ടുണ്ട്; സർക്കാർ ലക്ഷ്യമിട്ട രീതിയിൽ ഫയൽ തീർപ്പാക്കിയെന്ന സൽപ്പേരും ബോണസായി കൈക്കൂലിയും കിട്ടും. മണ്ണാർക്കാട് അറസ്റ്റ് ഒറ്റപ്പെട്ട സംഭവമല്ലെന്നാണു  വിളിച്ച പലരും പറഞ്ഞത്. ഭൂമി തരം മാറ്റത്തിനു കൈക്കൂലി കൊടുത്തതു കൊണ്ടു മാത്രമാണ് കാര്യങ്ങൾ വേഗം നടന്നതെന്നു ഇല്ലെങ്കിൽ പല തടസ്സങ്ങളും ഉയർത്തി ഉദ്യോഗസ്ഥർ കുരുക്കിടുന്നുണ്ടെന്ന പരാതിയുമായി ഒട്ടേറെപ്പേർ വിളിച്ചു. അവയിൽ ചിലതുമാത്രം.

∙ തിരുവനന്തപുരം

പോരട്ടെ, ഒരു സെന്റിന്റെ വില 

ഭൂമി ഉടമസ്ഥനു കൈമാറാനുള്ള സുപ്രീം കോടതി വിധിയുമായി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ കൈക്കൂലിയായി ചോദിച്ചത് ഒരു സെന്റ് ഭൂമിയുടെ വില. കാട്ടാക്കട താലൂക്കിലെ മാറനല്ലൂർ സ്വദേശി ഭദ്രനാണ് അനുഭവം വെളിപ്പെടുത്തിയത്. ഒറ്റി കൊടുത്ത 1.85 ഏക്കർ വസ്തു ഒഴിപ്പിക്കാൻ 1963 മുതൽ തുടങ്ങിയ നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയുടെ അനുകൂല വിധി കിട്ടിയത്. ഉത്തരവും മറ്റു രേഖകളും റവന്യു അധികൃതർക്കു നൽകിയിട്ടും നടപടിയുണ്ടായില്ല. 

ഉടമകൾക്ക് അനുകൂലമായി റിപ്പോർട്ട് നൽകാൻ ഒരു സെന്റ് വസ്തുവിന്റെ വിലയാണ് ഉദ്യോഗസ്ഥർ ചോദിച്ചത്. ഇതു നൽകാത്ത വൈരാഗ്യത്തിൽ വിരുദ്ധ റിപ്പോർട്ട് എഴുതി. വിജിലൻസിനെയും ലോകായുക്തയെയും സമീപിച്ചിരിക്കുകയാണു ഭൂഉടമ. 

∙അനന്തരാവകാശമായി ലഭിച്ച 18 ഏക്കർ പോക്കുവരവു ചെയ്യാൻ കഴിയാതെ വലയുകയാണ് തിരുവനന്തപുരം സ്വദേശിയായ റിട്ട. സൈനിക ഉദ്യോഗസ്ഥൻ. 3 വില്ലേജുകളിലായാണു ഭൂമി. ഒരിടത്തുനിന്നു പോക്കുവരവ് ചെയ്തുകിട്ടിയെങ്കിലും മറ്റു രണ്ടിടങ്ങളിലും തടസ്സവാദങ്ങൾ. 2016 ൽ റവന്യു മന്ത്രിയെ കണ്ടു പരാതി നൽകി. വിജിലൻസിലും പരാതി കൊടുത്തു. വിജിലൻസ് അനുകൂല റിപ്പോർട്ട് കൊടുത്തിട്ടും ഫയൽ മുന്നോട്ടു നീങ്ങിയില്ല. വീണ്ടും മന്ത്രിയെ കണ്ടു. 15 ദിവസത്തിനകം നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം കൊടുത്തെങ്കിലും ഫയൽ അനങ്ങിയില്ല. പോക്കുവരവ് നടത്താൻ അപേക്ഷകൻ 2017 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു പറഞ്ഞാണ് ഇപ്പോൾ വൈകിപ്പിക്കുന്നത്. 

∙എല്ലാം ഓൺലൈനിൽ ചെയ്തോളൂ എന്ന പറയുന്ന റവന്യു മന്ത്രിയും വകുപ്പും അറിഞ്ഞിരിക്കേണ്ടതാണ് ഇനി പറയുന്ന കഥ. മകന് വിദേശത്ത് പഠനത്തിന് പോകാൻ സ്ഥലം ഈടുവച്ചു വായ്പയെടുക്കാൻ കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ അബസ്ട്രാക്ട് (ആർഒആർ) എന്നിവയ്ക്കായി 2 മാസം മുൻപു വട്ടിയൂർക്കാവ് സ്വദേശി ഓൺലൈനിൽ അപേക്ഷിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥരുടെ വിളി എത്തി; കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ അപേക്ഷകനെ നേരിൽ കാണണം. പല തവണ കണ്ടിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ല. ഒടുവിൽ കാശ് അടയ്ക്കണമെന്നായി. കാശൊക്കെ അടച്ചിട്ടുണ്ടെന്നു കർശനമായി പറഞ്ഞപ്പോൾ ഉദ്യോഗസ്ഥൻ പിൻവാങ്ങി. 

കൊല്ലം ജില്ല 

ചുറ്റുമതിലിന് 2 ലക്ഷം 

പഴയ വീടും ചുറ്റുമതിലും പൊളിച്ചു പണിഞ്ഞപ്പോൾ പൂർത്തീകരണ സർട്ടിഫിക്കറ്റിന് 2019 ൽ പ്രവാസി അപേക്ഷ നൽകി. ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ. ചുറ്റുമതിൽ പുറമ്പോക്കിലായതിനാൽ പൊളിക്കാതിരിക്കാൻ 2 ലക്ഷം രൂപ നൽകണമെന്നായിരുന്നു ഡിമാൻഡ്. പ്രവാസി സ്ഥലത്തില്ലാതിരുന്നതിനാൽ ബന്ധുവായ റിട്ട.എസ്ഐയോടാണു പണം ആവശ്യപ്പെട്ടത്. കൈക്കൂലി കൊടുക്കില്ലെന്നു വാശി പിടിച്ച ബന്ധു, 162 ദിവസം ഓഫിസിൽ കയറിയിറങ്ങി. എന്നിട്ടും ഫലമുണ്ടായില്ല. തുടർന്നു നാട്ടിലെത്തിയ പ്രവാസി റവന്യു അദാലത്തിൽ പരാതി നൽകി. തുടർന്ന് വിദേശത്തേക്കു മടങ്ങുകയും ചെയ്തു. എന്നാൽ അദാലത്തിൽ പ്രവാസി നേരിട്ടു ഹാജരാകണമെന്നായി ഉദ്യോഗസ്ഥരുടെ വാശി. അങ്ങനെ അദാലത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം 2 മാസത്തിനു ശേഷം അദ്ദേഹത്തിനു മടങ്ങിയെത്തേണ്ടി വന്നു. സർട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. 

∙ഭൂമി പോക്കുവരുവു ചെയ്യാൻ താലൂക്ക് സർവേ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് ഒന്നര വർഷത്തിനിടെ ഒരു ലക്ഷം രൂപയോളം കൈക്കൂലി നൽകേണ്ടി വന്ന അനുഭവമാണ് തേവലക്കര അരിനല്ലൂർ സ്വദേശി പങ്കുവച്ചത്. ഒമ്പതേ മുക്കാൽ സെന്റ് ഭൂമിയ്ക്കാണു കായൽത്തീരത്തു പട്ടയം കിട്ടിയത്. വെള്ളം കയറി സ്ഥലം ഇപ്പോൾ ആറേകാൽ സെന്റ് ആയി. ഈ ഭൂമി പോക്കുവരവു ചെയ്യുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥർ ഭൂമി അളന്നു തിട്ടപ്പെടുത്തണം. അതിനായി ഒന്നര വർഷത്തിനിടയിൽ പല ഉദ്യോഗസ്ഥർക്കായി 3000, 5000 എന്നിങ്ങനെ പലതവണ കൈക്കൂലി നൽകി. നടപടിയുണ്ടാകാതെ വന്നപ്പോൾ തഹസീൽദാരെ കണ്ടു പരാതിപ്പെട്ട ശേഷമാണു കാര്യം നടന്നത്. 

ആലപ്പുഴ ജില്ല 

20,000 ഗൂഗിൾ പേ ചെയ്തു; 2 മണിക്കൂറിൽ സർട്ടിഫിക്കറ്റ് 

വർഷങ്ങൾക്കു മുൻപു നാടുവിട്ടുപോയ വ്യക്തിയുടെ സ്വത്തുക്കൾ സഹോദരിമാരുടെ മക്കളുടെ പേരിലേക്കു മാറ്റുന്നതിനു വേണ്ടി വില്ലേജ് ഓഫിസിൽനിന്നു ഫാമിലി സർട്ടിഫിക്കറ്റ് അനുവദിക്കാൻ വില്ലേജ് അസിസ്റ്റന്റ് വാങ്ങിയത് 20,000 രൂപ. നാടുവിട്ടുപോയ വ്യക്തി വിവാഹം കഴിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്വത്തുക്കളിൽ സഹോദരിമാർക്കായിരുന്നു അവകാശം. സഹോദരിമാരും മരിച്ചതോടെയാണ് ഇവരുടെ മക്കൾ ഫാമിലി സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിലെത്തിയത്. 

അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടിയില്ല. ഒടുവിൽ വില്ലേജ് അസിസ്റ്റന്റ് കാര്യം പറഞ്ഞു. ‘കിട്ടാൻ ചില നടപടിക്രമങ്ങൾ ഒക്കെയുണ്ട്’– 20,000 രൂപയാണ് ആവശ്യപ്പെട്ടത്. രാവിലെ 10 ന് പണം ഗൂഗിൾപേ ചെയ്തു. 12 ന് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടി. 

∙ പുകപരിശോധന കേന്ദ്രം ആരംഭിക്കാനുള്ള അനുമതിക്കായി ആലപ്പുഴ ജില്ലയിലെ ഒ‌രു ആർടിഒ ഓഫിസിൽ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ല. പല വട്ടം നേരിട്ട് ഓഫിസിലെത്തിയെങ്കിലും പല കാരണം പറഞ്ഞു മടക്കി. ഒടുവിൽ ഒരു ഏജന്റിനെ സമീപിച്ച് 5000 രൂപ കൊടുത്തു. 2 ദിവസം കൊണ്ട് അനുമതി ലഭിച്ചു. 

കോട്ടയം ജില്ല 

ബോണ്ട് പേപ്പർ മുതൽ ഊണുവരെ 

വില്ലേജ് ഓഫിസർമാരുടെ അഴിമതിയെക്കുറിച്ചു വന്നത് ഒട്ടേറെ ഫോൺ കോളുകൾ. കൈക്കൂലിയായി കെട്ടുകണക്കിന് ബോണ്ട് പേപ്പറുകൾ മുതൽ സ്പെഷൽ വിഭവങ്ങൾ കൂട്ടിയുള്ള ഊണുവരെ ചോദിച്ചു മേടിച്ചതായാണു പരാതികൾ. 1000 രൂപയിൽ കുറഞ്ഞ കൈക്കൂലി സ്വീകരിക്കില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥരും ഉണ്ട്. കോടതിയിൽ പോകുമെന്നു പറഞ്ഞപ്പോൾ കോടതി ചെലവ് ഇവിടെ തന്നു കൂടെ എന്ന് ചോദിച്ചവരും ഉണ്ട്. 

പോക്കുവരവ് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ച മുണ്ടക്കയം സ്വദേശിക്ക് 2 മാസത്തോളം ഓഫിസിൽ കയറിയിറങ്ങേണ്ടി വന്നു. ഒടുവിൽ 500 രൂപ നൽകി. ദിവസങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റ് റെഡി. 

∙വാഹനപുക പരിശോധന കേന്ദ്രം തുടങ്ങാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് 5000 രൂപ. സ്ഥല പരിശോധന പോലും നടത്താതെ സർട്ടിഫിക്കറ്റുകളും നൽകി. എന്നാൽ, ഈ വർഷം സ്ഥാപനം മറ്റൊരിടത്തേക്കു മാറ്റാൻ ചെന്നപ്പോൾ മറിച്ചുള്ള അനുഭവമാണ് ഉണ്ടായത്. കർക്കശക്കാരനായ ഉദ്യോഗസ്ഥൻ നേരിട്ടെത്തി പരിശോധന നടത്തി. കൈക്കൂലി നൽകാൻ ശ്രമിച്ചപ്പോൾ അതു കയ്യിൽ വച്ചാൽ മതിയെന്നു പറഞ്ഞു. രേഖകൾ പെട്ടെന്നു ശരിയാക്കി നൽകുകയും ചെയ്തു. 

∙ കഴിഞ്ഞവർഷം വസ്തു തരം മാറ്റുന്നതിന് ഇല്ലിക്കൽ സ്വദേശിയോട് ഉദ്യോഗസ്ഥർ 25,000 രൂപയാണ് ആവശ്യപ്പെട്ടത്. 10,000 രൂപ നൽകി. എന്നിട്ടും നടപടിയില്ലെന്ന് കണ്ടതോടെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എന്നാൽ വിധിയുടെ കാലാവധി തീരുന്നതുവരെ സ്ഥലപരിശോധനയ്ക്കു പോലും ഉദ്യോഗസ്ഥർ എത്തിയില്ല. വീണ്ടും കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതോടെയാണ് കാര്യം നടത്തിക്കൊടുത്തത്. 

ഇടുക്കി ജില്ല 

അതിർത്തികെട്ടാൻ എൻഐടി രേഖ 

∙ കൈക്കൂലി നൽകാത്തതിനാൽ, 2014 ൽ പണിതീർത്ത റോഡിന്റെ കരാർതുക ഇതുവരെ പാസാക്കിയില്ല. ഉടുമ്പൻചോല പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന റോഡിന്റെ പുനരുദ്ധാരണമായിരുന്നു കരാർജോലി. പണി വേഗത്തിൽ കഴിഞ്ഞു. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് പണം നൽകിയില്ല. 

∙ മൂന്നാർ പഞ്ചായത്തിൽ കൈക്കൂലി നൽകില്ലെന്നു വാശിപിടിച്ച ഹോംസ്റ്റേ ഉടമയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനോട് സംരംഭത്തിന് എൻഐടി അംഗീകാരം ഉണ്ടെന്നുള്ള രേഖ ഹാജരാക്കാൻ നിർദേശം. അറ്റകുറ്റപ്പണികൾക്കായി ഹോംസ്റ്റേ ഒരു വർഷത്തോളമായി അടച്ചിട്ടിരിക്കുകയാണ്. 

പത്തനംതിട്ട 

വീട്ടുനമ്പർ കിട്ടാതെ 10 വർഷം 

5000 രൂപ കൈക്കൂലി നൽകാത്തതിന്റെ പേരിൽ 10 വർഷമായി വീട്ടുനമ്പർ കിട്ടാത്തതിന്റെ ദുരിതം ഓട്ടോഡ്രൈവറായ പത്തനംതിട്ട വകയാർ സ്വദേശി ബിജു പങ്കുവച്ചു. താലൂക്കുതല അദാലത്തിൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥൻ ഫയലിലെഴുതിയ കുറിപ്പ് വിനയായി. ഭൂമി ഇപ്പോഴും നിലമാണെന്നും വീട്ടു നമ്പർ നൽകാനാവില്ലെന്നുമാണു ഫയലിൽ കുറിച്ചിരുന്നത്. 

ഫയലിലെ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തിലും വില്ലേജിലും ഉൾപ്പെടെ കയറിയിറങ്ങാൻ തുടങ്ങിയിട്ടു വർഷങ്ങളായി. നിലവിൽ ഭൂമി തരംമാറ്റിയ രേഖ ലഭിച്ചാൽ വീട്ടു നമ്പർ നൽകാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 

എറണാകുളം 

5000 നൽകിയാൽ ഉടനടി 

∙ വൈപ്പിൻ നായരമ്പലം സ്വദേശിയും അയൽക്കാരനും തണ്ടപ്പേരു മാറ്റുന്നതിനു കൊച്ചി താലൂക്ക് ഓഫിസിൽ പോയി. 2 പേർക്കും ഒരേ തരം ഭൂമി, ഒരേ ആവശ്യം. എടവനക്കാട് സ്വദേശിയായ ക്ലാർക്ക് പണം ആവശ്യപ്പെട്ടു. ഒരാൾ 2 പ്രാവശ്യമായി 5000 രൂപ കൊടുത്തു. മറ്റേയാൾ കൊടുത്തില്ല. പണം കൊടുത്തയാൾക്കു വേഗം കാര്യം നടന്നു. കൊടുക്കാതിരുന്നയാൾക്കു 4 ആഴ്ച താമസിച്ചു. 

∙ പിറവത്തിനു സമീപം താമസിക്കുന്ന യുവാവ് പുതിയ വീടു പൂർത്തിയാക്കി വൈദ്യുതി കണക്‌ഷന് അപേക്ഷിച്ചപ്പോൾ മുറ്റത്തൂകൂടി പഴയ വീട്ടിലേക്കുള്ള സർവീസ് കേബിൾ പോകുന്നതിനാൽ, അതുമാറ്റാതെ നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പഴയതു വിഛേദിക്കണം. അതല്ലെങ്കിൽ 15,000 രൂപ മുടക്കി വേറെ പോസ്റ്റിടണം. 5000 രൂപ നൽകിയാൽ ശരിയാക്കാമെന്നു വാഗ്ദാനം. 

അപ്പന്റെ പേരിലുള്ള കണക്‌ഷൻ വിഛേദിക്കാൻ അപ്പൻ അപേക്ഷിക്കണം. അപ്പൻ മരിച്ചതിനാൽ മകൻ അപ്പന്റെ ഒപ്പിട്ടു തന്നാൽ മതിയെന്നായി ഉദ്യോഗസ്ഥൻ. ഒടുവിൽ 2000 രൂപ നൽകി അപ്പന്റെ ഒപ്പിട്ട് കണക്‌ഷൻ വിഛേദിച്ചു പുതിയത് എടുത്തു. 

തൃശൂർ 

പൂട്ടിയ സ്ഥാപനവും കൈക്കൂലി പട്ടികയിൽ 

തൃശൂർ ജില്ലയിൽ കൈക്കൂലി സംബന്ധിച്ച് ഏറ്റവും കൂടുതൽ‌ പരാതികൾ വന്നത് റവന്യു വകുപ്പിനെ സംബന്ധിച്ച്. സ്ഥലം അളക്കുന്നതിനു താലൂക്ക് സർവേയർ വരണമെന്നു വില്ലേജ് ഓഫിസിൽനിന്നു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സർവേയറെ വരുത്തുന്നതിന് 8000 രൂപയും സാക്ഷ്യപത്രം ലഭിക്കുന്നതിന് 7000 രൂപയും കൈക്കൂലി നൽകിയതായി ഒരാൾ പറഞ്ഞു. 

1991 ൽ ലൊക്കേഷൻ പ്ലാനിനു വേണ്ടി 15 കുപ്പി ബ്രാണ്ടി കൈക്കൂലി കൊടുത്ത സംഭവമാണ് മറ്റൊരാൾ വിവരിച്ചത്. 

വിറ്റുവരവ് വർധിപ്പിച്ചു കാണിക്കാതിരിക്കാൻ വിൽപന നികുതി ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കേണ്ടി വന്ന സംഭവമാണ് വ്യവസായിയായ ഒരാൾ വിവരിച്ചത്. ഇതിനു പുറമേ എക്സൈസ് വകുപ്പിൽ നിന്നും വർഷത്തിൽ 3 തവണ ‘പരിശോധന’ എന്നു പറഞ്ഞ് എത്തി മാമൂൽ കൈപ്പറ്റി പോകും. കൈക്കൂലി കൊടുത്തു മുതലാകാതെ വർഷങ്ങൾക്കു മുൻപു സ്ഥാപനം അടച്ചു. ഇപ്പോഴും ഉദ്യോഗസ്ഥർ ഓണം, വിഷു, ക്രിസ്മസ് എത്തുമ്പോൾ ‘പരിശോധന’യ്ക്കായി വിളിക്കാറുണ്ട്. പൂട്ടിപ്പോയ സ്ഥാപനം പിരിക്കാനുള്ളവയുടെ പട്ടികയിൽനിന്നു മാറ്റിയിട്ടില്ല. 

പാലക്കാട് 

മാങ്ങയും തേങ്ങയും എല്ലാം വാങ്ങും 

അതിർത്തിയിലെ ആർടിഒ ചെക്പോസ്റ്റുകളിൽ പണം മാത്രമല്ല തേങ്ങയും കൈക്കൂലിയായി വാങ്ങും. തമിഴ്നാട്ടിൽ തേങ്ങാക്കച്ചവടം നടത്തുന്ന വ്യക്തിയാണു പരാതി പറഞ്ഞത്. തമിഴ്നാട്ടിൽനിന്നു തേങ്ങ കയറ്റി വരുമ്പോൾ 200 രൂപയാണു ചെക്പോസ്റ്റിൽ പടി കൊടുക്കേണ്ടത്. കൂടാതെ 10 നാളികേരം കൂടി ആവശ്യപ്പെടും. 

∙ ഒറ്റപ്പാലം താലൂക്കിലെ ഒരു വില്ലേജിൽ റീസർവേ കഴിഞ്ഞപ്പോൾ ഒരാളുടെ ഭൂമിയുടെ അളവു വല്ലാതെ കുറഞ്ഞു. കരുതലും കൈത്താങ്ങും പദ്ധതിയിൽ പരാതി നൽകിയപ്പോൾ അപേക്ഷ താലൂക്ക് സർവേയർക്കു കൈമാറിയെന്നു മറുപടി കിട്ടി. അതിനു ശേഷം, താലൂക്ക് സർവേ ഓഫിസിൽനിന്നു ഭൂമി പരിശോധിക്കാൻ വരുമെന്ന് അറിയിപ്പു കിട്ടി. ഉദ്യോഗസ്ഥർ വന്നപ്പോൾ ഒപ്പം ഒരു സഹായി ഉണ്ടായിരുന്നു. അളന്ന ശേഷം 3500 രൂപ ആവശ്യപ്പെട്ടു. അതിനു രസീത് നൽകില്ലെന്നും സഹായിക്കാൻ വന്നയാൾക്കുള്ളതാണെന്നും ജീവനക്കാരൻ പറഞ്ഞു. സിസിടിവിയുള്ള ഒരു കടയുടെ മുന്നിൽ വച്ചാണു പണം നൽകിയത്. ദൃശ്യം സുരക്ഷിതമായി ഉണ്ടെന്നു ഭൂവുടമ പറയുന്നു. 

∙ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ പാലക്കയത്തെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിനെക്കുറിച്ചു പരാതിയുമായി ഒട്ടേറെപ്പേർ ഫോൺ ഇൻ പ്രോഗ്രാമിൽ വിളിച്ചു. ഓട്ടോക്കൂലി എന്ന പേരിൽ പോലും ഇയാൾ പണം പിടിച്ചു വാങ്ങുമായിരുന്നു. ഒരിക്കൽ പൂഞ്ചോലയിൽ ഭൂമി അളക്കുന്നതിനായി ഒരാൾ സുരേഷിനെ വിളിച്ചു. ഓഫിസിൽനിന്ന് ഓട്ടോയിൽ വന്നാൽ പണം നൽകണമെന്നു പറഞ്ഞു. കാര്യം കഴിഞ്ഞു ‘പ്രതിഫലം’ വാങ്ങി മടങ്ങുമ്പോൾ, 12 കിലോമീറ്റർ അകലെയുള്ള മണ്ണാർക്കാട് എത്താനുള്ള ഓട്ടോക്കൂലി കൂടി ആവശ്യപ്പെട്ടു. അതും നൽകി. എന്നാൽ 3 കിലോമീറ്റർ അപ്പുറം കാഞ്ഞിരം എന്ന സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോക്കാരനെ അതു വരെയുള്ള കൂലി നൽകി പറഞ്ഞു വിട്ടു. കക്ഷി യാത്ര ബസിലാക്കിയത്രേ. 

മലപ്പുറം 

തണ്ടപ്പേരിന് 1000 രൂപ 

∙ തണ്ടർപ്പേർ ലഭിക്കുന്നതിനായി കൈക്കൂലി നൽകേണ്ടിവന്ന കഥയാണ് കരിപ്പൂർ സ്വദേശി വിവരിച്ചത്. ഭൂമി വന്നു നേരിൽക്കാണമെന്നും അടുത്ത ആഴ്ചയേ ഒഴിവുണ്ടാകൂ എന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ വില്ലേജ് ഓഫിസിനു പുറത്തുവച്ച് ഒരാൾ സമീപിച്ചു. 1000 രൂപയുണ്ടെങ്കിൽ നാളെത്തന്നെ തണ്ടപ്പേർ സംഘടിപ്പിച്ചു തരാമെന്നായി ഇയാൾ. പണം കൊടുത്തു. പിറ്റേന്ന് തണ്ടപ്പേർ റെഡി. 

∙ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾക്കായി 2750 രൂപ കൈക്കൂലി നൽകേണ്ടി വന്നതിനെക്കുറിച്ച് അങ്ങാടിപ്പുറം സ്വദേശി പരാതിപ്പെട്ടു. അളക്കാൻ വന്ന ഉദ്യോഗസ്ഥൻ 1500 രൂപ ചോദിച്ചു വാങ്ങി. സ്കെച്ച് തരാതെ അയാൾ വട്ടംകറക്കിയപ്പോൾ 250 രൂപ കൂടി നൽകേണ്ടി വന്നു. മാസങ്ങൾക്കുശേഷം ഈ ഭൂമി പണയം വയ്ക്കേണ്ടി വന്നപ്പോൾ ഭൂമിക്കു മറ്റവകാശികളില്ല എന്നു തെളിയിക്കുന്ന രേഖ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥനെ സമീപിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള അക്ഷയ സെന്ററുകാരനെ സമീപിച്ച് 1000 രൂപ നൽകി. വൈകാതെ രേഖ കിട്ടി. 

∙ 100 വർഷമായി താമസിക്കുന്ന ഭൂമിയുടെ പട്ടയം ശരിയാക്കാനായി ലാൻഡ് ട്രൈബ്യൂണലിൽ അപേക്ഷ നൽകിയിട്ടും 5 വർഷം കാത്തിരിക്കേണ്ടി വന്ന കഥ പറഞ്ഞത് താനൂർ സ്വദേശി. ഇദ്ദേഹവും 2 സഹോദരിമാരും പല തവണ ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ 50,000 രൂപ നൽകിയാൽ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ഏജന്റുമാർ സമീപിച്ചു. പണം കൊടുക്കാത്തതു മൂലം ഓരോ തവണ ഓഫിസിലെത്തുമ്പോഴും ഉദ്യോഗസ്ഥരുടെ പെരുമാറ്റം പരുക്കനായി. ഒടുവിൽ സ്ഥലം മാറിയെത്തിയ കർക്കശക്കാരനായ ഡപ്യൂട്ടി കലക്ടർ ആണ് സഹായിച്ചത്. വഴിമുടക്കിയ ഉദ്യോഗസ്ഥരെക്കൊണ്ടു തന്നെ പട്ടയം ശരിയാക്കിത്തന്നു. 

∙ മേയ് 5ന് വിജിലൻസിന്റെ പിടിയിലായ നിലമ്പൂർ നഗരസഭാ എൻജിനീയർ സി.അഫ്സലിന് 2 തവണയായി 23,000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്ന അനുഭവം പങ്കുവച്ചത് നിലമ്പൂർ സ്വദേശി. 4 മാസം മുൻപായിരുന്നു സംഭവം. കെട്ടിടത്തിന്റെ വലുപ്പമനുസരിച്ചാണ് കൈക്കൂലിയും നിശ്ചയിച്ചിരുന്നത്. 

കോഴിക്കോട് 

പട്ടയം കിട്ടാൻ 20,000 രൂപ 

∙ ഭൂമി തരം മാറ്റത്തിനു സബ് കലക്ടർ ഉത്തരവായതിനു ശേഷം തുടർ നടപടികളുടെ ഭാഗമായി ഭൂമി പരിശോധിക്കാൻ വന്നപ്പോൾ 5,000 രൂപ കൈക്കൂലി നൽകേണ്ടി വന്ന അനുഭവം ഒരാൾ പങ്കുവച്ചു. സർവേയർ ഇല്ലാത്തതിനാൽ പുറമേ നിന്നും ആളെ വിളിച്ചതാണെന്നും അവർക്കു നൽകാനെന്നും പറഞ്ഞാണ് തുക ആവശ്യപ്പെട്ടത്. പട്ടയം ലഭിക്കാനായി ലാൻഡ് ട്രൈബ്യൂണൽ ഓഫിസിലെ ഇടനിലക്കാരൻ മുഖേന 20,000 രൂപ നൽകിയതും ഒരാൾ വിവരിച്ചു. വിരമിച്ച ഉദ്യോഗസ്ഥനാണ് ഇവിടെ ഇടനിലക്കാരനായി നിൽക്കുന്നത്. 

വടകരയിൽ കൈക്കൂലി നൽകാത്തതിനാൽ കോഴിഫാമിന് അനുമതി നൽകാത്തതും അപേക്ഷ കാണാതായും പിന്നീട് നാട്ടുകാരെ കൊണ്ടു പരാതി നൽകി പദ്ധതിക്കു തടസ്സം നിന്നതുമാണു മറ്റൊരാൾ പറഞ്ഞത്. 5,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 

ഭാഗപത്രം റജിസ്ട്രേഷനു മലപ്പുറത്തെ ഒരു ആധാരം എഴുത്തുകാരൻ മുഖേന 1,500 രൂപ കൈക്കൂലി നൽകേണ്ടി വന്നതാണ് മറ്റൊരു പരാതി. ആധാരത്തിൽ വില കുറച്ചു കാണിച്ചതിനാലാണ് തുക നൽകേണ്ടി വന്നതെന്നാണ് ആധാരം എഴുത്തുകാരൻ നൽകിയ മറുപടി. 

ലൈസൻസ് പുതുക്കി ലഭിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫിസിൽ കൈക്കൂലി നൽകിയത്, സാമൂഹിക വനവൽക്കരണം, തോട്ട നിർമാണം, കെട്ടിട അറ്റകുറ്റപ്പണി എന്നിങ്ങനെ വനം, മരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികളിലെ അഴിമതികളും അറിയിച്ചു. 2 മണിക്കൂറിനിടെ 22 പേരാണ് അനുഭവം പങ്കുവച്ചത്. 

വയനാട് 

പിരിവ് ക്ഷേത്രത്തിന്റെ പേരിൽ

∙ വൈത്തിരി താലൂക്കിലെ ഒരു റവന്യു ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയിരുന്നതു ക്ഷേത്രത്തിന്റെ പേരിൽ. അക്കാലത്ത് ക്ഷേത്രം പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം സ്വന്തമായി രസീത് അടിച്ചാണ് ക്ഷേത്രം ആവശ്യത്തിനു പിരിവ് എന്ന രീതിയിൽ പണം കൈപ്പറ്റിയിരുന്നത്. ക്ഷേത്രം കമ്മിറ്റിക്കാർ സംഭവം അറിഞ്ഞ ഉടൻ പുറത്താക്കി. 

കണ്ണൂർ 

സ്ഥലം കൂട്ടിച്ചേർക്കാൻ ഒരു ലക്ഷം

ഒരു സെന്റ് ഭൂമിക്ക് ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയ കഥയാണ് ചെറുപുഴ പഞ്ചായത്തിലെ വയോധിക പറഞ്ഞത്. മാതാപിതാക്കൾ തന്ന 10 സെന്റ് ഭൂമിക്കു പട്ടയം ലഭിക്കുന്നതിനായി അളന്നപ്പോൾ ഒരു സെന്റ് കൂടുതൽ കണ്ടെത്തി. അതിന്റെ പണം തന്നാൽ ഈ ഭൂമിക്കൊപ്പം ചേർക്കാം എന്നു പറഞ്ഞ് ഉദ്യോഗസ്ഥൻ 50,000 രൂപ വാങ്ങി. 

പണം വാങ്ങിയതിന്റെ പിറ്റേന്ന് ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയി. പകരം വന്നയാൾക്ക് വീണ്ടും 50,000 കൂടി നൽകേണ്ടിവന്നു. 3 വർഷമായി പട്ടയത്തിനുള്ള നെട്ടോട്ടത്തിലാണു വയോധിക. 

English Summary: Bribe stories shared by readers in Manorama phone in programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com