ADVERTISEMENT

തിരുവനന്തപുരം ∙ റോഡ് ക്യാമറാ വിവാദത്തിൽ കെൽട്രോണിനെ പൂർണമായി സംരക്ഷിച്ചും ഇടപാട് സുതാര്യമെന്നു പ്രഖ്യാപിച്ചും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് നൽകിയ അന്വേഷണ റിപ്പോർട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വ്യവസായ വകുപ്പ് അംഗീകരിച്ചില്ല. റിപ്പോർട്ട് സംബന്ധിച്ച ഫയൽ നടപടികളിലാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമേ അംഗീകരിക്കുകയുള്ളൂവെന്നുമാണു വകുപ്പ് വിശദീകരിക്കുന്നത്. റിപ്പോർട്ട് അംഗീകരിക്കുമെന്നുറപ്പാണെങ്കിലും, വിവരാവകാശ നിയമപ്രകാരം പുറത്തുവിടേണ്ടിവരുമെന്നതിനാലാണു വച്ചുനീട്ടുന്നതെന്നാണു സൂചന.

എസ്ആർഐടിയുമായുള്ള കരാറിൽ ഉപകരാർ കമ്പനികളുടെ പേരുകൾ രേഖപ്പെടുത്തിയതു വീഴ്ചയായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ടിനെ അധികരിച്ചു വാർത്താ സമ്മേളനം നടത്തിയ മന്ത്രി പി.രാജീവ് ഇതിനെ ‘പോരായ്മ’ എന്നു വിശേഷിപ്പിച്ചു ലഘൂകരിക്കാനാണു ശ്രമിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഈ വീഴ്ചയെക്കുറിച്ച് എന്തെല്ലാമാണു വിലയിരുത്തിയിരിക്കുന്നത് എന്നറിയണമെങ്കിൽ റിപ്പോർട്ട് പുറത്തുവരണം. റിപ്പോർട്ട് അംഗീകരിച്ചാൽ അതു പ്രസിദ്ധീകരിക്കാൻ നിർബന്ധിതരാകുമെന്നും വ്യവസായ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്.

ഭാവിയിൽ സമാന പദ്ധതികൾ നടപ്പാക്കുമ്പോൾ മതിയായ പരിശോധന ഉറപ്പുവരുത്തുന്നതിന് ഉന്നതാധികാര സമിതിക്കു സർക്കാർ രൂപം നൽകണമെന്ന നിർദേശം റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് അംഗീകരിച്ചാൽ ഈ നിർദേശവും അംഗീകരിക്കപ്പെടുകയും ഭാവിയിൽ കെൽട്രോണിന്റെ ഇടപാടുകളെല്ലാം ഈ സമിതിയുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാവുകയും ചെയ്യും. 

ഇതിനിടെ എഐ ക്യാമറയുടെ വിലയെത്രയെന്നു വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന കെൽട്രോണിന്റെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. കെൽട്രോണിന്റെ മറുപടി അഴിമതി മൂടിവയ്ക്കുന്നതിനാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

പൊതുമേഖലാ സ്ഥാപനത്തിനു യോജിക്കാത്ത അസംബന്ധ മറുപടിയാണു കെൽട്രോൺ നൽകിയത്. ക്യാമറയുടെ വില വെളിപ്പെടുത്തിയാൽ ആരുടെ രഹസ്യം പുറത്താകുമെന്നാണു കെൽട്രോൺ ഭയക്കുന്നത്. സ്‌കൂൾ തുറക്കുന്ന ആഴ്ചയിൽ തന്നെ വിവാദക്യാമറ ഉപയോഗിച്ച് ചാകര കൊയ്യാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും ആദ്യം റോഡ് നന്നാക്കി സുരക്ഷിതയാത്ര ഒരുക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

English Summary :  Acknowledgment of camera report is extending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com