ADVERTISEMENT

തിരുവനന്തപുരം ∙ കൈക്കൂലി വാങ്ങിയതിന് പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ വിജിലൻസിന്റെ പിടിയിലായ സംഭവം റവന്യു വകുപ്പ് ജോയിന്റ് സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദേശിച്ചെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റവന്യു ഓഫിസുകൾ അഴിമതി മുക്തമാക്കുന്ന‍തിനു നടപടികൾ സ്വീകരിച്ചെന്നും മന്ത്രി കെ.രാജൻ അറിയിച്ചു.

അഴിമതിക്കാരെക്കുറിച്ച് വിവരം നൽകാനുള്ള ടോൾ ഫ്രീ നമ്പറും പ്രത്യേക പോർട്ടലും അടുത്ത മാസം പകുതി‍ക്കകം പ്രവർത്തനം തുടങ്ങും. എല്ലാ റവന്യു ഓഫിസുകളിലും ഇതിന്റെ വിവരങ്ങൾ പ്രദർശിപ്പിക്കും. പൊലീസ് വിജിലൻസിന്റെ നമ്പർ കൂടാതെ, റവന്യു വിജിലൻസിന്റെ നമ്പറും ഓഫിസുകളിൽ പ്രദർശിപ്പിക്കും. 

അഴിമതി സംബന്ധിച്ചു പൊതുജനങ്ങളിൽ നിന്നു പരാതി സ്വീകരിക്കുന്നതിന് ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

 

വില്ലേജുകളിൽ സർട്ടിഫിക്കറ്റ് വിതരണം വൈകിപ്പിക്കുന്നതായി കണ്ടെത്തൽ

തിരുവനന്തപുരം ∙ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് വില്ലേജ് ഓഫിസുകളിൽ 2 ദിവസമായി തുടരുന്ന മിന്നൽ പരിശോധനയിൽ പലയിടത്തും സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ താമസം ഉണ്ടാകുന്നുവെന്ന് കണ്ടെത്തി. തീർപ്പാക്കാത്ത അപേക്ഷകളും കണ്ടെത്തി. ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ പരിശോധനാ സംഘമാണ് പരിശോധന നടത്തുന്നത്. വിശദ റിപ്പോർട്ട് 2 ദിവസത്തിനകം ലാൻഡ് റവന്യു കമ്മിഷണർക്കു കൈമാറും. 

വ്യാഴാഴ്ച 41 ഓഫിസിലും ഇന്നലെ 31 ഓഫിസിലുമായിരുന്നു പരിശോധന. 11 ഡപ്യൂട്ടി കലക്ടർമാർ, 3 സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ നേതൃത്വത്തിൽ 14 ടീമുകളായിട്ടായിരുന്നു പരിശോധന. 

സേവനാവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റുകളും സേവനങ്ങളും മതിയായ കാരണമില്ലാത്ത നൽകാതിരുന്നാൽ കർശന നടപടി സ്വീകരിക്കണമെന്ന് ലാൻഡ് റവന്യു കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. അടുത്തയാഴ്ച സർവീസ് സംഘടനകളുടെ യോഗം വിളിച്ച് അവരുടെ കൂടി സഹകരണത്തോടെ അഴിമതി തടയാനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും റവന്യു വകുപ്പ് തീരുമാനിച്ചു.

English Summary: Bribe cases in Kerala government offices

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com