െലെംഗികാതിക്രമക്കേസുകളിലെ ഒത്തുതീർപ്പ്: പൊതുമാനദണ്ഡം സാധ്യമല്ലെന്ന് െഹെക്കോടതി

High Court of Kerala
SHARE

കൊച്ചി ∙ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകളിലെ നടപടികൾ റദ്ദാക്കുന്നതിനു പൊതു‌മാനദണ്ഡം സാധിക്കില്ലെന്നും അതിജീവിതരുടെ ക്ഷേമം മുൻനിർത്തി കോടതികൾ തീരുമാനിക്കണമെന്നും ഹൈക്കോടതി. 

പോക്സോ കേസിലുൾപ്പെടെ അസാധാരണ സാഹചര്യങ്ങളിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതിക്കു സാധിക്കും. ഓരോ കേസിലും സാഹചര്യവും വസ്തുതയും പരിശോധിച്ചു കോടതികൾ തീരുമാനമെടുക്കണമെന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഒത്തുതീർപ്പിന്റെ പേരിൽ കേസ് റദ്ദാക്കാൻ പ്രതികൾ നൽകിയ ഒരുകൂട്ടം ഹർജികളിലാണു വിധി. 

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസുകൾ, കുട്ടികളെ ഉറ്റബന്ധുക്കൾ പീഡിപ്പിച്ച കേസുകൾ, പ്രണയത്തെ തുടർന്ന് കൗമാരക്കാർ തമ്മിലുള്ള ശാരീരിക ബന്ധം തുടങ്ങിയ കേസുകളാണു കോടതി പരിഗണിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമം സമൂഹത്തിനെതിരെയുള്ള ഹീനമായ കുറ്റകൃത്യമാണെന്നും ഒത്തുതീർപ്പിലെത്തി കേസ് റദ്ദാക്കാൻ അനുവദിക്കരുതെന്നുമാണു സർക്കാർ വാദിച്ചത്. എന്നാൽ, കേസിന്റെ സ്വഭാവം, സമൂഹത്തിലുണ്ടാക്കിയ സ്വാധീനം, അതിജീവിതരെ ബാധിച്ചത് എങ്ങനെ, ഒത്തുതീർപ്പിന്റെ സത്യാവസ്ഥ ഇതെല്ലാം പരിഗണിക്കണമെന്നു കോടതി പറഞ്ഞു. 

കോടതിയുടെ നിർദേശങ്ങൾ

∙ കൗമാരക്കാരുടെ പ്രണയബന്ധങ്ങൾ അതിരുവിട്ട് ‘പോക്സോ’ കേസിൽ കലാശിക്കുന്നതു കൂടുകയാണ്. പ്രായപൂർത്തിയാകാത്തവർക്ക് ഒത്തുതീർപ്പ് സാധിക്കില്ലെങ്കിലും അവരുടെ ഉത്തമ താത്പര്യം മുൻനിർത്തിയുള്ള ധാരണയുണ്ടാക്കാൻ മാതാപിതാക്കൾക്കു സാധിക്കും. ഒത്തുതീർപ്പാക്കിയെന്നു പറഞ്ഞ‌ു മാതാപിതാക്കൾ കേസ് റദ്ദാക്കാൻ എത്തിയാൽ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ ഉത്തമ താത്പര്യം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു കോടതി പരിശോധിക്കണം. 

∙ കുടുംബത്തിനകത്തു നിന്നു കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കേസുകൾ സാധാരണ നിലയ്ക്കു റദ്ദാക്കരുത്. ഇത്തരം അതിക്രമങ്ങൾ ജീവിതത്തിലുടനീളം കുട്ടികളെ ബാധിക്കും. പിതാവ്, രണ്ടാനച്ഛൻ, അടുത്ത ബന്ധു തുടങ്ങിയവരുടെ പീഡനത്തെത്തുടർന്നു കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം അവഗണിച്ചു തീരുമാനമെടുക്കരുത്. 

∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണങ്ങൾ ഉൾപ്പെട്ട കേസുകളിലെ സാഹചര്യം വിലയിരുത്തണം. ചില കേസുകളിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമുണ്ട്. 

∙സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകളിൽ സാധാരണനിലയ്ക്ക് ഹൈക്കോടതി ഇടപെടാൻ പാടില്ലെങ്കിലും ‘അസാധാരണ’ സാഹചര്യങ്ങളിൽ ഇടപെടാം; ഉചിതമായ കേസുകൾ കണ്ടെത്തേണ്ട ബാധ്യത കോടതികൾക്കാണ്.

English Summary: Kerala HC on rape case settlements

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA