ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നു. 1.68 കോടി പുരുഷൻമാരും 1.82 കോടി സ്ത്രീകളും ചേർന്ന് കേരളത്തിലെ ആകെ ജനങ്ങളുടെ എണ്ണം 3,51,56,007 ആയി. 2011 ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വർഷത്തെ ജനന, മരണ കണക്കുകൾ കൂടി ചേർത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കഴിഞ്ഞയാഴ്ച തയാറാക്കിയ റിപ്പോർട്ടിലാണ് പുതിയ ജനസംഖ്യാക്കണക്ക്. മുൻ വർഷം 3,49,93,356 ആയിരുന്നു സംസ്ഥാനത്തെ ജനസംഖ്യ. 

കഴിഞ്ഞ 10 വർഷത്തെ കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് ജനന നിരക്ക് ക്രമേണ കുറയുകയാണ്. 10 വർഷം മുൻപ് 1000 പേർക്ക് 16 കുഞ്ഞുങ്ങൾ ജനിച്ചിരുന്നെങ്കിൽ ഇന്നത് 12 ആയി താഴ്ന്നു. 

മരണ നിരക്ക് കൂടിയും കുറഞ്ഞുമൊക്കെയാണെങ്കിലും 2021 ൽ 7.17ൽ നിന്ന് ഒറ്റയടിക്ക് 9.66 ആയി ഉയർന്നു. കോവിഡ് മൂലമുണ്ടായ മരണങ്ങളാണ് ഇതിനു കാരണം. 

population-district

62% മലയാളികൾ 40 വയസ്സിൽത്താഴെ 

തിരുവനന്തപുരം ∙ കേരളത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗം യുവാക്കൾ. 40 വയസ്സിനു താഴെയുള്ളവരാണ് 62 ശതമാനത്തിലേറെ കേരളീയർ (ചാർട്ട് നോക്കുക). എന്നാൽ, ഇന്ത്യയുടെ ശരാശരിയെക്കാൾ താഴെയാണിത്. 2011 ലെ സെൻസസ് പ്രകാരം രാജ്യത്ത് 74 % പേർ 40 വയസ്സിൽ താഴെയാണ്.  

2020 ൽ കേരളത്തിൽ 4.46 ലക്ഷം പേർ ജനിച്ചപ്പോൾ 2021 ൽ ഇത് 4.19 ലക്ഷമായി കുറഞ്ഞു. മരിച്ചവരുടെ എണ്ണം 2.50 ലക്ഷത്തിൽ നിന്ന് 3.39 ലക്ഷത്തിലേക്ക് ഉയരുകയും ചെയ്തു. 2021 ൽ മരിച്ചവരിൽ 54.76% പേർ പുരുഷൻമാരും 45.24% പേർ സ്ത്രീകളുമാണ്. മരണ നിരക്കിൽ മുന്നിൽ പത്തനംതിട്ട ജില്ലയാണ് (12.96). കുറവ് മലപ്പുറത്തും (6.26).

സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.56 ൽ നിന്ന് 1.46 ആയി കുറഞ്ഞു. ദേശീയ തലത്തിൽ 2.05 ആണ് പ്രത്യുൽപാദന നിരക്ക്. 2021 ൽ 54.21% സ്വാഭാവിക പ്രസവങ്ങൾ നടന്നപ്പോൾ 42.67% സിസേറിയനായിരുന്നു. കൂടുതൽ സ്ത്രീകൾ പ്രസവിക്കുന്നത് 25 – 29 വയസ്സിലാണ്. ആകെ കുഞ്ഞുങ്ങളിൽ 36.35% ഇൗ പ്രായക്കാരുടേതാണ്. ശിശുമരണ നിരക്ക് 5.13 ൽ നിന്ന് 5.05 ആയി കുറഞ്ഞു. കൂടുതൽ ചികിത്സ സൗകര്യമുള്ള നഗര മേഖലയിലാണ് ശിശുക്കളുടെ മരണം കൂടുതൽ സംഭവിക്കുന്നത്. 2021 ൽ മരിച്ച 2121 ശിശുക്കളിൽ 1,307 പേർ നഗര മേഖലയിലും 814 പേർ ഗ്രാമ മേഖലയിലുമാണ്.

English Summary: Population in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com