ADVERTISEMENT

തിരുവനന്തപുരം∙ കൈക്കൂലി സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട് എഴുനൂറിലേറെ സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ. റവന്യു, തദ്ദേശം, റജിസ്ട്രേഷൻ, മോട്ടർവാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരെക്കുറിച്ചാണ് പരാതികൾ ഏറെയും.

ഉദ്യോഗസ്ഥരുടെ സാമ്പത്തികനില, നാട്ടിലെയും ഓഫിസിലെയും പ്രവർത്തനങ്ങൾ, സൗഹൃദങ്ങൾ എന്നിവ പ്രാഥമികമായി പരിശോധിച്ച് പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാൽ സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി അന്വേഷിക്കും. സസ്പെക്റ്റഡ് ഓഫിസേഴ്സ് ഷീറ്റ് (എസ്ഒഎസ്) എന്നാണ് ഈ പട്ടികയുടെ പേര്. സംശയമുള്ളവരെക്കുറിച്ച് ശേഖരിച്ച പരമാവധി വിവരങ്ങൾ ഇതിൽ ഉണ്ടാകും. പുതിയ വിവരങ്ങൾ വിജിലൻസിന്റെ റേഞ്ച് എസ്പിമാർ ആസ്ഥാനത്തേക്ക് കൈമാറും. ശക്തമായ തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് ഉണ്ടാകും.

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നതെന്നാണു വിജിലൻസിന്റെ നിലപാട്. ചിലർ വ്യക്തിവിരോധത്തിൽ തെറ്റായ പരാതി നൽകും. അവ കണ്ടെത്തി ഒഴിവാക്കാൻ മാസങ്ങളോളം രഹസ്യനിരീക്ഷണം നടത്തും. ഇതിനു സാവകാശം വേണ്ടിവരും.

ഈ വർഷം ഇതുവരെ 23 ട്രാപ് കേസുകളിലായി 26 സർക്കാർ ഉദ്യോഗസ്ഥരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. വിജിലൻസിന്റെ കെണിയിൽ കുടുങ്ങിയതിൽ ഏറെയും റവന്യു ഉദ്യോഗസ്ഥരാണ്. 8 ട്രാപ് കേസുകളിലായി 9 പേർ അറസ്റ്റിലായി. ആരോഗ്യം 3, തദ്ദേശം 5, പൊലീസ്, കൃഷി – 2 വീതം, വനം, റജിസ്ട്രേഷൻ, പട്ടികജാതി വകുപ്പ്– 1 വീതം എന്നിങ്ങനെയാണു മറ്റു വകുപ്പുകളിലെ കേസുകളുടെ എണ്ണം. കഴിഞ്ഞവർഷം 47 കേസുകളിലായി 55 പേരെയും 2021ൽ 30 കേസുകളിലായി 36 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2018ന് ശേഷം കൂടുതൽ അറസ്റ്റ് നടന്നത് റവന്യുവകുപ്പിലാണ്.

English Summary: 700 officials under vigilence surveillance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com