തൃശൂർ ∙ കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിലൊളിപ്പിച്ചു കടത്തിയ 50 കിലോ കഞ്ചാവുമായി 4 പേർ അറസ്റ്റിൽ. ഒഡീഷ കോരാപ്പുട് മാച്ചാകുന്ദ് സ്വദേശി ഹരിയമുണ്ട ഗാഡിയ (23), കോട്ടയം കടുത്തുരുത്തി കുറുപ്പന്തറ മണിമലകുന്നേൽ തോമസ് (42), ഏറ്റുമാനൂർ തെള്ളകം അതിരമ്പുഴ മാങ്കിലേത്ത് ലിന്റോ (35), കൊടുവള്ളി മാനിപുരം പുത്തൂർ അങ്കമണ്ണിൽ അസറുദീൻ (22) എന്നിവരാണു പിടിയിലായത്. വാണിയമ്പാറയിൽ പൊലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ പോയ കാർ കുതിരാനിൽ പീച്ചി പൊലീസും നിഴൽ പൊലീസും ചേർന്നു പിടികൂടുകയായിരുന്നു.
പാലക്കാടു നിന്നെത്തുന്ന കാറിൽ വൻതോതിൽ കഞ്ചാവു കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ 4 മണിയോടെയാണു പരിശോധന നടത്തിയത്.
വാണിയമ്പാറയിൽ നിന്നു പൊലീസിനെ വെട്ടിച്ചു കടന്ന കാറിനെ കുതിരാൻ വരെ പിന്തുടർന്ന പൊലീസ് സംഘം വളഞ്ഞിട്ടു പിടികൂടി. ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവിന് ചെറുകിട വിപണിയിൽ 50 ലക്ഷത്തോളം രൂപ വിലയുണ്ട്.
ഒരു മാസത്തിനിടെ സിറ്റി പൊലീസ് നടത്തുന്ന രണ്ടാമത്തെ വൻ കഞ്ചാവുവേട്ടയാണിത്. ഒഡീഷയിൽനിന്ന് ആഡംബരക്കാറിൽ കടത്തിയ 221 കിലോ കഞ്ചാവു ചിയ്യാരത്തു നിന്ന് കഴിഞ്ഞ 5നു സിറ്റി പൊലീസ് സംഘം പിടികൂടിയിരുന്നു.
വേനലവധിക്കിടെ 300 കിലോയോളം കഞ്ചാവാണു നിഴൽ പൊലീസ് വിവിധ കേസുകളിലായി പിടികൂടിയത്.
പീച്ചി എസ്എച്ച്ഒ പി.എം. രതീഷ്, നിഴൽ പൊലീസ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, രാകേഷ്, ഗോപാലകൃഷ്ണൻ, മനോജ്, എഎസ്ഐ പ്രിയ, സീനിയർ സിപിഒമാരായ പഴനിസ്വാമി, വിശാഖ്, സിപിഒമാരായ വിപിൻദാസ്, ശരത്, റഷീദ്, സനിൽ കുമാർ, ബിനോജ്, മനോജ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
English Summary : Four people arrested in ganja smuggling