ADVERTISEMENT

തിരുവനന്തപുരം ∙ ഇന്നു കാലാവധി അവസാനിക്കുന്ന എംജി സർവകലാശാല വൈസ് ചാൻസലർ ഡോ: സാബു തോമസിന് പുനർ നിയമനം നൽകണമെന്ന സർക്കാർ നിർദേശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചില്ല. 

താൽക്കാലിക വിസിയെ നിയമിക്കാനായി 3 സീനിയർ പ്രഫസർമാരുടെ പേരുകൾ ഉൾപ്പെട്ട പാനൽ നിർദേശിക്കാൻ ഗവർണർ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. 

ഡോ.സാബു തോമസ് അധിക ചുമതല വഹിക്കുന്ന മലയാളം സർവകലാശാലയിലും പുതുതായി താൽക്കാലിക വൈസ് ചാൻസലറെ നിയമിക്കേണ്ടി വരും. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ പിരിച്ചുവിടൽ നോട്ടിസ് നൽകിയിരിക്കുന്ന വൈസ് ചാൻസലർമാരിൽ ഉൾപ്പെട്ടയാളാണ് ഡോ.സാബു തോമസ്. അദ്ദേഹത്തിന് പുനർ നിയമനം നൽകുന്നതിൽ വൈരുധ്യമുണ്ടെന്ന നിലപാടിലാണ് ഗവർണർ. 

കണ്ണൂർ സർവകലാശാലയിൽ സർക്കാർ നിർദേശ പ്രകാരം ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമന നൽകിയതിനെ പിന്നീട് ഗവർണർ തന്നെ തള്ളി പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ആ സാഹചര്യത്തിൽ മറ്റൊരു പുനർ നിയമനം നടത്തുന്നതിലെ പ്രശ്നങ്ങളും വിയോജിപ്പിനു കാരണമായി. 

എന്നാൽ കണ്ണൂർ സർവകലാശാലാ നിയമത്തിൽ നിന്നു വ്യത്യസ്തമായി എംജി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള പ്രായപരിധി 65 വയസ്സായതിനാൽ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതിൽ നിയമ തടസ്സമില്ലെന്നാണു സർക്കാരിന്റെ നിലപാട്. 

എന്നാൽ ഇത് അംഗീകരിക്കാതെയാണ് താൽക്കാലിക വിസി നിയമനത്തിന് ഗവർണർ പാനൽ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ നൽകുന്ന പാനലിൽ ഡോ.സാബു തോമസിന്റെ പേരു കൂടി ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. 

കുസാറ്റിലും സർക്കാർ നിർദേശിച്ച ആൾക്കാണു വിസിയുടെ ചുമതല നൽകിയത്. 

എംജി സർവകലാശാല വൈസ് ചാൻസലർ കൂടി വിരമിക്കുന്നതോടെ സംസ്ഥാനത്തെ 9 സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാതാവും. 

വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ താൽപര്യം നടപ്പാക്കാനായി കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലാവധി കഴിയും വരെ താൽക്കാലിക വിസിമാർ തുടർന്നാൽ മതിയെന്ന നിലപാടിലാണ് സർക്കാർ.

 

English Summary: Governor rejects MG university VC reappointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com