ADVERTISEMENT

മലപ്പുറം/കോഴിക്കോട്/പാലക്കാട് ∙ കോഴിക്കോട്ടെ ഹോട്ടലുടമയെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തി ശരീരം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ തള്ളിയ കേസിൽ ഹോട്ടലിലെ മുൻ ജീവനക്കാരനും കൂട്ടുകാരിയും അടക്കം 3 പേർ അറസ്റ്റിൽ. 

ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റെ (58) ശരീരഭാഗങ്ങൾ അട്ടപ്പാടി 9–ാം വളവിലെ ചുരത്തിനു സമീപത്തുനിന്നു കണ്ടെത്തി. സിദ്ദീഖിന്റെ കടയിലെ ജീവനക്കാരനായിരുന്ന പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു–23) എന്നിവരാണ് അറസ്റ്റിലായത്. സിദ്ദീഖും പ്രതികളായ ഷിബിലിയും ഫർഹാനയും ഈ മാസം 18നും 19നും ലോ‍‍ഡ്ജിൽ ഒരുമിച്ചുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിവിരോധമാണു കൊലയ്ക്കു പിന്നിലെന്നാണു പ്രാഥമിക നിഗമനം. ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള സാധ്യതകളും പരിശോധിക്കുന്നു. 

പൊലീസ് തിരയുന്നതറിഞ്ഞു ജാർഘണ്ഡിലെ ടാറ്റ നഗറിലേക്കു കടക്കാനൊരുങ്ങുകയായിരുന്ന ഷിബിലിയെയും ഫർഹാനയെയും റെയിൽവേ സുരക്ഷാ സേനയുടെയും തമിഴ്നാട് പൊലീസിന്റെയും സഹായത്തോടെ ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽനിന്നു വ്യാഴാഴ്ച രാത്രിയാണു പിടികൂടിയത്. ഇന്നലെ തിരൂരിലെത്തിച്ചു.

body
അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ നിന്നു മൃതദേഹഭാഗങ്ങൾ അടങ്ങിയ ട്രോളി ബാഗുമായി കയറുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ. പാറക്കെട്ടുകൾക്കിടയിൽ കിടന്ന ബാഗുകൾ ചുവന്ന വൃത്തത്തിൽ

ഈ മാസം 18നാണു സിദ്ദീഖിനെ കാണാതായത്. ഹോട്ടലിൽ രണ്ടാഴ്ചയായി ജോലി ചെയ്തിരുന്ന ഷിബിലിയെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ അന്ന് പിരിച്ചു വിട്ടിരുന്നു. തുടർന്നു സ്വന്തം കാറിൽ പുറത്തു പോയ സിദ്ദീഖ് പിന്നീടു തിരിച്ചെത്തിയില്ല. ഫോൺ സ്വിച്ചോഫ് ആയിരുന്നു. എന്നാൽ, ബാങ്ക് അക്കൗണ്ടിൽനിന്ന് ആരോ എടിഎം വഴി പല തവണ പണം പിൻവലിച്ചതായി മകനു സന്ദേശം ലഭിച്ചു. അതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് പാലക്കാട്ടുനിന്ന് ആഷിഖ് പിടിയിലായി. 

18ന് ഉച്ചതിരിഞ്ഞു 3.40നു സിദ്ദീഖും പിന്നാലെ ഷിബിലിയും ഫർഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. പിറ്റേന്നു ഷിബിലിയും ഫർഹാനയും മാത്രം 2 ട്രോളി ബാഗുകളുമായി കാറിൽ സ്ഥലംവിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. 

മൃതദേഹഭാഗങ്ങൾ അട്ടപ്പാടിയിൽ കൊക്കയിലെറിഞ്ഞതായി പ്രതികൾ സമ്മതിച്ചു. ഇന്നലെ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു അവ കണ്ടെടുത്തത്. 

 

English Summary: Hotel owner killed in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com