ADVERTISEMENT

തിരുവനന്തപുരം ∙ റവന്യു സേവനങ്ങളിൽ പണമടയ്ക്കൽ ഓൺലൈനിലാകാൻ ബാക്കിയുള്ളതു റവന്യു റിക്കവറി (ആർആർ), അതിർത്തി നിർണയം, പ്ലാന്റേഷൻ ലീസ് എന്നിവയ്ക്കു മാത്രം. റവന്യു റിക്കവറി ഒഴിവാക്കാനുള്ള അപേക്ഷ ഓൺലൈനാണെങ്കിലും ഫീസടയ്ക്കൽ വില്ലേജ് ഓഫിസ് വഴിയാണു നടത്തുക. മറ്റെല്ലാ പണമടയ്ക്കലും ഓൺലൈനിൽ ചെയ്യാമെങ്കിലും ഇതെക്കുറിച്ച് അറിവില്ലാതെയാണു പലരും റവന്യു ഓഫിസുകളിലെ അഴിമതിസംഘത്തിനു മുന്നിൽ ചെന്നുപെടുന്നത്. സങ്കീർണമായ പദപ്രയോഗത്തിലൂടെ നടപടിക്രമങ്ങളെല്ലാം സാധാരണക്കാരന് അപ്രാപ്യമെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്നു.

ബാങ്കുകളും സർക്കാരും നടത്തുന്ന റവന്യു റിക്കവറിയുണ്ട്. ജപ്തി നടത്തിക്കൊടുക്കേണ്ടതു റവന്യു വകുപ്പിന്റെ ചുമതലയാണ്. ജപ്തി ഒഴിവാക്കണമെങ്കിൽ അതും റവന്യു വകുപ്പ് വഴി വേണം. ആർആർ തുടങ്ങിവച്ചാൽ ഓൺലൈനായി അപേക്ഷിച്ചശേഷം വില്ലേജ് ഓഫിസിലാണു പണമടയ്ക്കേണ്ടത്.

അതിർത്തിനിർണയ അപേക്ഷകളാണു നേരിട്ടു പണമടയ്ക്കേണ്ട മറ്റൊരു വിഭാഗം. ഓൺലൈനായി അപേക്ഷ നൽകി ഫീസ് അടയ്ക്കാമെന്നാണു സർക്കാർ പറയുന്നതെങ്കിലും എവിടെയും ഇതു ചെയ്തു തുടങ്ങിയിട്ടില്ല. താലൂക്കിലാണ് അപേക്ഷ നൽകേണ്ടത്. അതിർത്തിക്കാർക്കു നോട്ടിസ് അയയ്ക്കേണ്ടതും സിവിൽ കേസുകൾ നിലവിലുണ്ടോ എന്നു നോക്കേണ്ടതും വില്ലേജ് ഓഫിസിന്റെ ചുമതലയാണ്.

സർക്കാർ ഭൂമി പാട്ടത്തിനെടുത്തു പ്ലാന്റേഷൻ നടത്തുന്നവർ റവന്യു വകുപ്പിന് അടയ്ക്കേണ്ടതാണു പ്ലാന്റേഷൻ ലീസ്. 2019 ൽ ഇത് ഓൺലൈനാകുമെന്നു സർക്കാർ പ്രഖ്യാപിച്ചതാണ്. എന്നാൽ, ഇപ്പോഴും ഈ സേവനം ഓൺലൈനിൽ കയറിയിട്ടില്ല.

ഓരോ സേവനത്തിനും ഓരോ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നെന്ന പ്രശ്നം റവന്യു വകുപ്പിലുണ്ട്. മറ്റൊന്ന്, ഓൺലൈൻ സേവനത്തിൽത്തന്നെ പഴുതുകളുണ്ടെന്നതാണ്. റീസർവേ നടന്ന ഭൂമിയുടെ സ്കെച്ച് മാത്രമേ ഓൺലൈനിൽ ലഭ്യമാകൂ. ഒരു സർവേ നമ്പറിലുള്ള ഭൂമി ഉടമ മൂന്നായി പതിച്ചുകൊടുത്തു സബ് ഡിവിഷൻ നടത്തിയാൽ ആ വിവരവും ഓൺലൈനിൽ വരില്ല. ഈ പഴുതുകളും ഭൂവുടമയുടെ അജ്ഞതയും അഴിമതി മാഫിയയ്ക്കു വളമിടുന്നെന്നു റവന്യു ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

∙ "ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതോ‍ടെ അഴിമതി കുറയ്ക്കാമെന്നാണു പ്രതീക്ഷ. ഇതിനായി പൊതുജനങ്ങളെ ഇ-സേവനങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിനു റവ‍ന്യു ഇ-സാക്ഷരത പദ്ധതി കാര്യക്ഷമമാക്കും." - റവന്യു മന്ത്രി കെ.രാജൻ

സർക്കാർ വകുപ്പുകളിലെ കൈക്കൂലിയും അഴിമതിയും കുറയ്ക്കാൻ എന്തു ചെയ്യും?  സർവീസ് സംഘടനാ നേതാക്കളുടെ പ്രതികരണം

അഴിമതിക്കാരെ തുറന്നുകാട്ടും

∙ അഴിമതിക്കാരെ തുറന്നുകാട്ടാൻ ജീവനക്കാരോട് അഭ്യർഥിക്കും. അഴിമതിക്കെതി‍രെയും ജനപക്ഷ സിവിൽ സർവീസിനും വേണ്ടി യൂണിയന്റെ വജ്രജൂബിലി സമ്മേള‍നത്തിൽ സംഘടനാരേഖ അവതരിപ്പിക്കും. - എം.വി.ശശിധരൻ, (എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്)

സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടരുത് 

∙ അസോസിയേഷന്റെ അംഗത്വം ലഭിക്കാനുള്ള യോഗ്യത തന്നെ അഴിമതിരഹിതരാ‍കുക എന്നതാണ്. അഴിമതിക്കേസുകളുടെ വിചാരണ ഘട്ടങ്ങളിൽ സ്വാധീനം ഉപയോഗിച്ച് പലരും രക്ഷപ്പെടുന്നു. ഇത് അനുവദിക്കരുത്. - ചവറ ജയകുമാർ, (എൻജിഒ അസോസിയേഷൻ, സംസ്ഥാന പ്രസിഡന്റ്)

അഴിമതി ചൂണ്ടിക്കാട്ടണം 

∙ ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വകുപ്പുകളിൽ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണം,  ജോലിഭാ‍രത്തിന് അനുസരിച്ചു കൂടുതൽ ജീവനക്കാരെ അനുവദിക്കണം. തൊട്ടടു‍ത്ത സീറ്റിൽ ഇരിക്കുന്ന സഹപ്രവർത്തകർ അഴിമതി കാട്ടിയാൽ അതു ചൂണ്ടിക്കാട്ടാൻ ശ്രമിക്കണം. - ജയശ്ചന്ദ്രൻ കല്ലിങ്കൽ, ജോയിന്റ് കൗൺസിൽ

സംസ്ഥാന ജനറൽ സെക്രട്ടറി ബോധവൽക്കരിക്കും

∙ അഴിമതിക്കെതിരെ ജീവനക്കാരെ ബോധവൽക്കരിക്കും. കീഴ് ജീവനക്കാരുടെമേൽ മേല‍ധികാരിക്കു കൃത്യമായ നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകണം. ആഴ്ചയിലൊരിക്കൽ ഓഫിസ് മേധാവി യോഗം വിളിച്ച് ഓഫിസ് പ്രവർത്തനം, തീർപ്പുക‍ൽപിക്കാത്ത ഫയലുകൾ എന്നിവയെക്കുറിച്ച് വിലയിരുത്തി അപാതകകൾ പരിഹരിക്കണം. - സിബി മുഹമ്മദ് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്ഇയു) സംസ്ഥാന പ്രസിഡന്റ്

സ്ഥലവും സീറ്റും മാറണം

∙ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സീറ്റു മാറ്റവും നിയമവിധേയമായി നടപ്പാക്കുക. ഒരേ ഉദ്യോഗസ്ഥർ വർഷങ്ങളോളം ഒരേ സ്ഥലത്തു ജോലി ചെയ്യുന്നത് ഒട്ടേറെ പുറം സ്വാധീനങ്ങൾക്കു വഴങ്ങുന്ന‍തിനു കാരണമാകുന്നു. -  ടി.എൻ.രമേശ്, എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ്

English Summary : Only three services remains in revenue department without Payment online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com