യുഎസിൽ ശിവഗിരി ആശ്രമം; സമർപ്പണവും പ്രതിഷ്ഠാ ചടങ്ങുകളും ഇന്നും നാളെയും

HIGHLIGHTS
  • ആശ്രമം വാഷിങ്ടനിൽ ഒന്നേകാൽ ഏക്കർ സ്ഥലത്ത്
sivagiri-in-usa
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയിലേക്കു കൊണ്ടുപോകുന്നതിനു മുന്നോടിയായി ഗുരുദേവ പഞ്ചലോഹവിഗ്രഹം ശിവഗിരിയിലെ മഹാസമാധി മന്ദിരത്തിൽ പൂജിക്കുന്നു. സ്വാമി ഗുരുപ്രസാദ്, അശോകൻ വേങ്ങശ്ശേരി, മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ത്രിരത്‌ന തീർഥർ തുടങ്ങിയവർ സമീപം
SHARE

വർക്കല∙ യുഎസിലെ വാഷിങ്ടനിൽ സ്ഥാപിക്കുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും മറ്റു ചടങ്ങുകളും ഇന്നും നാളെയും നടക്കും. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിലാകും അറിയപ്പെടുക. 

വാഷിങ്ടൻ ഡിസിക്കു സമീപം ഒന്നേകാൽ ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ആശ്രമത്തിൽ വിശാലമായ ധ്യാനമണ്ഡപം, പ്രാർഥനാ ഹാൾ, ലൈബ്രറി, അടുക്കള, അതിഥി മുറികൾ എന്നിവ സജ്ജീകരിക്കുന്നുണ്ട്. വിശ്വശാന്തി പൂജ, ദേവീപൂജ, ഹോമം, കലശപൂജ, ഗുരുപൂജ, സമൂഹപ്രാർഥന, ഗുരുദേവകൃതികളുടെ ആലാപനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. ആധ്യാത്മിക – സാംസ്കാരിക സമ്മേളനങ്ങളുമുണ്ടാകും. 

ആലുവ സർവമത സമ്മേളന ശതാബ്ദി, വൈക്കം സത്യഗ്രഹ സമര ശതാബ്ദി, ശിവഗിരി തീർഥാടന നവതി തുടങ്ങിയ ആഘോഷങ്ങൾ നടക്കുന്ന വേളയിലാണ് യുഎസിലെ ആശ്രമത്തിന്റെ ഉദയം. 

ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം പ്രചരിപ്പിക്കുക, ഗുരുദേവൻ രചിച്ച കൃതികളുടെ ഗവേഷണവും ചർച്ചകളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ആശ്രമത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ എന്നിവർ പറഞ്ഞു. യോഗ, ധ്യാനം എന്നിവ പരിചയപ്പെടാനുള്ള വിപുലമായ സംവിധാനവും ആശ്രമത്തിലുണ്ട്.

English Summary : Consecration of Sivagiri Ashram Complex and Dedication of Panchaloha Idol of Sree Narayana Guru in Washington USA

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA