ADVERTISEMENT

തിരുവനന്തപുരം / കോഴിക്കോട് ∙ ലക്നൗവിലെ ബാങ്കെ ബിഹാരി കെമിക്കൽസ് ബ്ലീച്ചിങ് പൗഡർ സ്റ്റോക്ക് തിരിച്ചെടുക്കാൻ വിസമ്മതിച്ചതോടെ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ അനിശ്ചിതത്വം. മറ്റൊരു കമ്പനിയായ പത്തനംതിട്ടയിലെ പാർകിൻസ് എന്റർപ്രൈസസ് സ്റ്റോക്ക് തിരിച്ചെടുത്തു തുടങ്ങി. ഊഹം വച്ചുള്ള നിർദേശം അനുസരിക്കാനാകില്ലെന്നും തങ്ങളുടെ പൗഡറാണ് അപകടകാരണമെങ്കിൽ ശാസ്ത്രീയ തെളിവു നൽകണമെന്നുമാണ് ബാങ്കെ ബിഹാരി കമ്പനിയുടെ നിലപാട്. കെഎംഎസ്‌സിഎലിലെ സ്റ്റോറേജ് സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നമെന്നാണ് അവരുടെ വാദം. 

കമ്പനിയുടെ ചോദ്യങ്ങൾക്കു കെഎംഎസ്‌സിഎൽ ഡപ്യൂട്ടി മാനേജർക്കു കൃത്യമായ മറുപടി നൽകാനായില്ല. തുടർന്ന് ബാങ്കെ ബിഹാരി പ്രതിനിധികളെ വിളിച്ച് സ്റ്റോക്ക് തിരിച്ചെടുക്കാൻ സമ്മർദം ചെലുത്തണമെന്ന് ഗോഡൗൺ മാനേജർമാരോടു നിർദേശിച്ചു. കരാർ നൽകിയവർ വിളിച്ചിട്ടു പ്രതികരിക്കാത്ത സ്ഥിതിക്കു തങ്ങൾ എന്തു ചെയ്യാനാണെന്നാണ് മാനേജർമാർ ചോദിക്കുന്നത്.

കമ്പനികൾ തിരിച്ചെടുക്കുന്നതുവരെ അതീവ സുരക്ഷയിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കണമെന്നാണു സർക്കാരിന്റെ നിർദേശം. ചാക്കുകൾ അട്ടിയട്ടിയായി സൂക്ഷിക്കാതെ വായുസഞ്ചാരമുള്ള മുറിയിൽ നിരത്തി വയ്ക്കണം. മഴയോ െവള്ളമോ തട്ടാതെ പ്രത്യേകം സൂക്ഷിക്കണമെന്നും പറയുന്നു. 

അതിനിടെ, കമ്പനികൾ ബ്ലീച്ചിങ് പൗഡർ തിരിച്ചെടുക്കുന്നതുവരെ മൂന്നു ദിവസത്തേക്ക് അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) ഗോഡൗണുകളിലേക്കു മാറ്റാൻ ദുരന്തനിവാരണ വകുപ്പു നിയമപ്രകാരം ജില്ലാ കലക്ടർമാർ നിർദേശം നൽകി. പ്രതിദിനം 6200 രൂപ കെഎംഎസ്‌സിഎൽ വാടക നൽകണം. തുക കെട്ടിവയ്ക്കുന്ന മുറയ്ക്കു സേവനം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. 

ഇതിനകം തന്നെ ഒരു കോടി അധികച്ചെലവ്

മുൻവർഷത്തേത് ഉൾപ്പെടെ ആറു ലക്ഷം കിലോയുടെ സ്റ്റോക്ക് ഉള്ളപ്പോഴാണ് ക്വട്ടേഷൻ പോലും ക്ഷണിക്കാതെ ബങ്കെബിഹാറി കമ്പനിക്ക് 5.40 ലക്ഷം കിലോയുടെ ഓർഡർ കൂടി നൽകിയത്. ഈ ഓർഡർ പ്രകാരം ഓരോ വെയർഹൗസിലേക്കും രണ്ടു ലോറികളിലായി കൊണ്ടു വന്നു തട്ടിയ ബ്ലീച്ചിങ് പൗഡറാണ് അപകടമുണ്ടാക്കുന്നത്. കിലോ 39 രൂപയ്ക്കു സംസ്ഥാനത്ത് തന്നെയുള്ള കമ്പനി നൽകാമെന്നേറ്റ ബ്ലീച്ചിങ് പൗഡറാണ് 48 രൂപ നൽകി 13 ലക്ഷം കിലോ സംഭരിക്കുന്നത്. ഒരു കോടി രൂപയ്ക്കു മേൽ അധികച്ചെലവ് ഇതിനിടെ വന്നു കഴിഞ്ഞു. 

English Summary: Bleaching powder issue in KMSCL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com