കാരണം തേടി കേന്ദ്രത്തിനു കേരളം കത്തയയ്ക്കും; കടത്തിൽ കൈവച്ചതെന്തിന്

government-of-kerala
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തിനു കടമെടുക്കാവുന്ന തുക 25,000 കോടി രൂപയായി വർധിപ്പിക്കണമെന്നും ഇല്ലെങ്കിൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന സ്ഥിതിയിലേക്കു നീങ്ങുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കേരളം കത്തെഴുതും. ഇൗ സാമ്പത്തികവർഷം കേരളത്തിനു കടമെടുക്കാമെന്നു കേന്ദ്രംതന്നെ സമ്മതിച്ചിരുന്ന 32,442 കോടിയിൽനിന്ന് ഒറ്റയടിക്കു 17,052 കോടി വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണിത്.

കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കം എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തിയാണു കേന്ദ്രം കടുംവെട്ടു നടത്തിയതെന്നാണു സംസ്ഥാന ധനവകുപ്പ് അനുമാനിക്കുന്നത്. എന്നാൽ, ഇതു 17,052 കോടിയോളം വരില്ലെന്നാണു ധനവകുപ്പിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ എന്തു കാരണം കൊണ്ടാണു കടമെടുപ്പു തുക ഇത്രയധികം വെട്ടിക്കുറച്ചതെന്ന സംശയവും കത്തിൽ ഉന്നയിക്കും. ആദ്യത്തെ 9 മാസത്തേക്കു (ഡിസംബർ വരെ) കടമെടുക്കാനുള്ള തുകയാണോ ഒരു വർ‌ഷത്തേതെന്നു തെറ്റായി കേന്ദ്രം കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന സംശയവുമുണ്ട്.

ഇൗ വർഷം കടമെടുക്കാൻ കഴിയുന്ന 15,390 കോടി രൂപയിൽനിന്ന് 2,000 കോടി ഇതിനകംതന്നെ കടം വാങ്ങിയിട്ടുണ്ട്. ശേഷിക്കുന്നത് 13,390 കോടിയാണ്. നികുതി വഴിയും മറ്റുമുള്ള വരുമാനങ്ങൾ കുതിച്ചുയർന്നാലേ സർക്കാരിനു പിടിച്ചുനിൽക്കാൻ കഴിയൂ. വികസനപദ്ധതികൾ പലതും അവതാളത്തിലാകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും യുജിസി അധ്യാപകർക്കുമൊക്കെ നൽകാനുള്ള കുടിശികയും മുടങ്ങും.

സ്മാർട് മീറ്റർ ആയില്ല;

4,000 കോടി അധിക

കടമെടുപ്പിനും തടസ്സം

പതിവു കടമെടുപ്പിനു പുറമേ വൈദ്യുതി വിതരണ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ നൽകുന്ന അധിക കടമെടുപ്പു തുക കേരളത്തിനു ലഭിക്കുന്ന കാര്യത്തിലും ആശങ്ക. വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കാരണം 4,060 കോടി രൂപ അധികം കടമെടുക്കാനാണ് കഴിഞ്ഞ വർഷം കേന്ദ്രാനുമതി ലഭിച്ചത്. ഇത്തവണയും 4,000 കോടിയോളം കിട്ടുമെന്നാണു കേരളം പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രകടനം ആശാവഹമല്ല. വൈദ്യുതിവിതരണം അളക്കുന്നതിനു സ്മാർട് മീറ്ററുകൾ സ്ഥാപിക്കാനുള്ള കേന്ദ്ര നിർദേശം ഇതുവരെ കേരളം നടപ്പാക്കിയിട്ടില്ല. ഇതു കടമെടുപ്പിനെ ബാധിച്ചേക്കും. 

English Summary : Kerala government may write letter to Central government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS