ADVERTISEMENT

കോഴിക്കോട്∙ ഭൂരിപക്ഷ സമുദായ വാഴ്ച മതനിരപേക്ഷ രാഷ്ട്രസങ്കൽപത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമായി മാറുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. അതു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ‍നിഷേധിക്കുന്നതിലേക്ക് നയിക്കുന്നു. അധികാരം കയ്യടക്കിയ ഭൂരിപക്ഷസമുദായത്തെ അനുസരിക്കാൻ ജുഡീഷ്യറി, മാധ്യമങ്ങൾ, തിരഞ്ഞെടുപ്പു കമ്മിഷൻ, സിഎജി, സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളെയും ബിജെപി കാൽക്കീഴിലാക്കിയതായി അദ്ദേഹം പറഞ്ഞു. എം.പി.വീരേന്ദ്രകുമാറിന്റെ ചരമവാർഷികദിനത്തിൽ ‘മതനിരപേക്ഷ രാഷ്ട്രവും ഭൂരിപക്ഷ സമുദായ വാഴ്ചയും പൊരുത്തപ്പെടുമോ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രശാന്ത് ഭൂഷൺ.

ജഡ്ജിനിയമനത്തിൽ പാതിവീതം പങ്കിട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ ബിജെപിയുമായി ഒത്തുതീർപ്പിലെത്തിലെത്തിയിരിക്കുന്നു. കീഴടങ്ങാത്ത ജഡ്ജിമാരുടെ അടുത്ത ബന്ധുക്കൾക്ക് നിയമനടപടി നേരിടേണ്ടിവരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ ബിജെപി സർക്കാരിനുവേണ്ടി യാന്ത്രികമായി പ്രവർത്തിക്കുന്ന സ്ഥാപനമായി മാറി. ജാതിമത യാത്രകൾ നടത്താനും ആരാധനാലയങ്ങൾ നിർമിക്കാനും പൊതുഖജനാവിൽനിന്നു പണം ചെലവഴിക്കുന്നത് ഭരണഘടനാവിരുദ്ധമായ നടപടികളാണ്. 

മുപ്പതോ നാൽപതോ ഹിന്ദുസന്യാസിമാരുടെ സാന്നിധ്യത്തിൽ പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയ്ക്കേറ്റ തിരിച്ചടിയാണ്. ഹിന്ദുരാഷ്ട്രം ലക്ഷ്യമിട്ടു നീങ്ങുന്ന ബിജെപി മുസ്‌ലിംകൾക്ക് വോട്ടവകാശം നിഷേധിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. പ്രതി മുസ്‌ലിം ആണെങ്കിൽ കുടുംബത്തോടെ ഇല്ലാതാക്കുന്ന, അതല്ലെങ്കിൽ വ്യാജ ഏറ്റുമുട്ടൽ കൊലകളിലൂടെ ഇല്ലാതാക്കുന്ന സമീപനമാണ് ബിജെപി പിന്തുടരുന്നത്. ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുകയോ പുതിയ ചരിത്രം പാഠപുസ്കങ്ങളിൽ ചേർക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു. ഈ രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ട ചരിത്രം പഠിച്ചുവരുന്ന പുതിയൊരു തലമുറയെ വാർത്തെടുക്കാനും ബിജെപി ശ്രമിക്കുന്നു. 

രാജ്യത്ത് വർഗീയത അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. സഹിക്കാവുന്നതിനപ്പുറം സഹിച്ചുകഴിഞ്ഞ ജനത ഇനി തിരിച്ചടിച്ചുതുടങ്ങും. നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു കനത്ത തിരിച്ചടി കിട്ടും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റുകളിലേക്ക് ചുരുങ്ങും. പക്ഷേ അപ്പോഴേക്കും രാജ്യത്തിന്റെ നല്ലൊരു പങ്കും വർഗീയവൽക്കരിക്കുന്നതിൽ ബിജെപി വിജയിച്ചുകഴിഞ്ഞിരിക്കുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ജീവിച്ചിരുന്നുവെങ്കിൽ ബിജെപിയുടെ ഈ നിലപാടുകൾക്കെതിരെ എം.പി.വീരേന്ദ്രകുമാർ ശക്തമായി പോരാടുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. 

English Summary : Senior advocate prashant bhushan opined majority community rule goes against basic principles of Secularism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com