ADVERTISEMENT

ദുബായ്∙ എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി നിരാഹാരം നടത്തി 7 മാസം കഴിഞ്ഞിട്ടും സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നുപോലും നടപ്പായില്ലെന്നു സാമൂഹിക പ്രവർത്തക ദയാബായി പറഞ്ഞു. തിരുവനന്തപുരത്തു നടത്തിയ 19 ദിവസത്തെ സമരം, ഒക്ടോബർ 20നാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി മെഡിക്കൽ ക്യാംപ് നടത്തുമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളെല്ലാം സർക്കാർ മറന്നെന്നും ദയാബായി ചൂണ്ടിക്കാട്ടി. 

അമ്മയും കുഞ്ഞും ആശുപത്രി തുറന്നെങ്കിലും ജീവനക്കാരെ നിയമിച്ചില്ല. രണ്ടു മാസത്തിനകം നടത്തുമെന്നു പറഞ്ഞ മെഡിക്കൽ ക്യാംപിനെക്കുറിച്ച് മിണ്ടാട്ടമില്ല. ക്യാംപിലേക്ക് 29,000 അപേക്ഷകൾ ലഭിച്ചെന്നാണു മനസ്സിലാക്കുന്നത്. കാസർകോട്ട് ഒരു പ്രശ്നവുമില്ലെന്നു പറയുന്ന സർക്കാരിന് ഇത്രയും അപേക്ഷ വന്നപ്പോൾ ക്യാംപ് നടത്താൻ ധൈര്യമില്ലാതായെന്നും ദയാബായി ‘മനോരമ’യോടു പറഞ്ഞു. കാസർകോട്ട് വീണ്ടും സമരം തുടങ്ങുമെന്നും അവർ പറഞ്ഞു. 

എയിംസ് കോഴിക്കോട്ട് സ്ഥാപിക്കാൻ തീരുമാനിച്ചത് ഭൂമാഫിയയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ്. കോഴിക്കോട്ട് സ്പെഷ്യൽറ്റി ആശുപത്രികളും 3 മെഡിക്കൽ കോളജ് ആശുപത്രികളുമുണ്ട്. ഒരു സ്പെഷ്യൽറ്റി ആശുപത്രി പോലുമില്ലാത്ത കാസർകോട്ട് ഭൂമിയുൾപ്പെടെ എല്ലാ സാഹചര്യവും ഉണ്ടായിട്ടും പരിഗണിക്കാൻ തയാറായില്ല. 

28 കൊല്ലം മുൻപ് കിടത്തിച്ചികിത്സയുണ്ടായിരുന്ന ആശുപത്രി ഒപി മാത്രമായി ചുരുങ്ങിയതാണ് അവർ കാസർകോടിനു വേണ്ടി ചെയ്ത സഹായം. തിരുവനന്തപുരത്തെ സമരത്തിനിടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടായി. പണം അടക്കം മോഷണം പോയി. ഇതു സംബന്ധിച്ചു രണ്ടു തവണ സംസ്ഥാന പൊലീസ് മേധാവിക്കു കത്തെഴുതി. ഒരു നടപടിയുമുണ്ടായില്ലെന്നും ദയാബായി പറഞ്ഞു. 

English Summary : Struggle for Endosulfan victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com