വരവൂർ (തൃശൂർ) ∙ തളി വിരുട്ടാണത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. വിരുട്ടാണം പാണിശ്വരത്ത് മാരാത്ത് (മഠത്തിലാത്ത്) രാജീവാണ് (61) മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ വീട്ടുപറമ്പിലാണ് സംഭവം.
നാളികേരം പെറുക്കുന്നതിനിടയിൽ പന്നി ആക്രമിക്കുകയായിരുന്നു. പാഞ്ഞുവന്ന പന്നി തെങ്ങിൻചുവട്ടിൽ നിൽക്കുകയായിരുന്ന രാജീവിന്റെ നെഞ്ചിലിടിക്കുകയായിരുന്നു. തെറിച്ചുവീണ രാജീവിനെ പന്നി രണ്ടുതവണ കൂടി തേറ്റകൊണ്ട് കുത്തി. നിലവിളികേട്ട് ഓടിവന്ന വീട്ടുകാർ രാജീവിനെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ രാജീവ് വിരുപ്പാക്ക സ്പിന്നിങ് മില്ലിലെ ജീവനക്കാരനായിരുന്നു. വിരമിച്ചശേഷം ഭാര്യയുടെ നാടായ വിരുട്ടാണത്ത് വീടുവച്ച് താമസിച്ചുവരികയായിരുന്നു. സംസ്കാരം ഇന്ന്. ഭാര്യ: രാധാമണി. മകൻ: രോഹിത്.
English Summary: Thrissur native dies in wild boar attack