ADVERTISEMENT

ലഹരിക്കടിമകളായ മക്കളെ പേടിച്ചു കഴിയുന്ന മാതാപിതാക്കളുടെ വിളികളാണ് മനോരമ നടത്തിയ ‘അരുത് ലഹരി’ ഫോൺ ഇൻ പരിപാടിയിലേക്ക് എത്തിയത്. വിളികളല്ല, ‘നിലവിളി’കൾ!

ഓടിയകന്നാലും പിന്നാലെയെത്തി പിടിമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ചാണ് വിളിച്ച അമ്മമാരിൽ പലരും പറഞ്ഞത്. പൊലീസും നാട്ടുകാരും ഒരുമിച്ചു പ്രതിരോധം തീർത്തിട്ടും തടയാനാവാത്ത മാഫിയയ്ക്കെതിരെ ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന ആശങ്ക, ഇടപെടാൻ അധികാരികൾ ആരുമില്ലെന്ന പരാതികൾ... ആകുലതകൾ.. ഫോൺ ഇൻ പരിപാടിയിൽ വന്ന സങ്കടവിളികളിൽ ചിലത് ഇതാ. സർക്കാർ ഇതിനു കാതുകൊടുത്തേ തീരൂ.

‘എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു; ഒപ്പം വീടും സ്വത്തും പോയി’

ഒരേയൊരു മകനെക്കുറിച്ചു പറയാൻ വിളിച്ച ആ അമ്മ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ്. കൊച്ചിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കവേ, പ്ലസ് ടുവിനു പഠിക്കുന്ന മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി. ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ചു. ലാളിച്ചു വളർത്തിയ മകന്റെ മറ്റൊരു രൂപം കണ്ട് അമ്മ ഞെട്ടി.

മക‌ന് ഇപ്പോൾ പ്രായം 32. വർഷത്തിൽ 8 മാസമെങ്കിലും ഏതെങ്കിലും ലഹരിമോചന കേന്ദ്രത്തിൽ ചികിത്സയിലാണ്. ചികിത്സയ്ക്കും വീട്ടിലും നാട്ടിലും മകനുണ്ടാക്കിയ നാശനഷ്ടങ്ങൾ പരിഹരിക്കാനുമായി ഇതുവരെ 20 ലക്ഷം രൂപ ചെലവായി. ഭർത്താവിന്റെ പെൻഷൻ തികയില്ല. കടം പെരുകി. വീടിനു ജപ്തി നോട്ടിസ് വന്നു. കിട്ടിയ വിലയ്ക്ക് വിറ്റു കടം തീർത്തു. ബാക്കി തുക കൊണ്ടു മകന്റെ ചികിത്സ തുടരുന്നു.  

ഓരോ തവണ ചികിത്സ കഴിഞ്ഞിറങ്ങുമ്പോഴും അവൻ മോചിതനായെന്നു കരുതും. അപ്പോഴേക്കും അവനെ തേടി പഴയ ലഹരിക്കൂട്ടുകാരെത്തും.ജയിലിൽ നിന്ന് ഇറങ്ങിയ കുറ്റവാളികൾ വരെ അതിലുണ്ട്. ഭയന്നു പല സ്ഥലങ്ങളി‍ൽ വാടകയ്ക്കു മാറി മാറി താമസിച്ചിട്ടും രക്ഷയില്ല. അവർ പിൻതുടർന്നെത്തും.ലഹരിവിൽപനക്കാരെ എന്നന്നേക്കുമായി ജയിലിൽ അടയ്ക്കുക മാത്രമാണു പരിഹാരമെന്ന് ഈ അമ്മ ഉറച്ചു വിശ്വസിക്കുന്നു. ‘മകന് ലഹരിക്കുള്ള പണം ഞങ്ങൾ  നൽകണം. അല്ലെങ്കിൽ ഉപദ്രവിക്കും. ഞങ്ങൾ രോഗികളാണ്. പക്ഷേ, ചികിത്സകളെല്ലാം മുടങ്ങി’– അമ്മ പറഞ്ഞു.

‘അവൻ വീണ്ടും വന്നാലെന്താകും..’; തൃശൂരിൽ വിളിച്ച അച്ഛന്റെ നെഞ്ചുനീറ്റുന്ന അനുഭവം

‘ആദ്യം അവൻ വീടു തല്ലിപ്പൊളിച്ചു. ഒരുതവണ വീടിനു തീവച്ചു. എന്റെ മൂക്കിന്റെ പാലം തകർത്തു. പൊലീസുകാർ പിടിച്ചുകൊണ്ടുപോയ അവൻ വൈകാതെ തിരിച്ചുവരും. ഇനി അവൻ ചെയ്യാൻ പോകുന്നതെന്തായിരിക്കുമെന്നോർത്ത് എനിക്കുറങ്ങാനാകുന്നില്ല..’– ആ പിതാവ് നെഞ്ചുലയ്ക്കുന്ന വേദനയാണു പങ്കുവച്ചത്. ലഹരിക്ക് അടിമയായ സ്വന്തം മകന്റെ ഉപദ്രവം ഭയന്നു വാടകവീട്ടിലേക്കു താമസം മാറിയിരിക്കുകയാണ് ഈ അച്ഛനും അമ്മയും. ഇപ്പോൾ ഒരാഗ്രഹം മാത്രം: തങ്ങൾ താമസിക്കുന്നതെവിടെയെന്നു മകൻ അറിയരുത്.

പഠിക്കാൻ മിടുക്കനായിരുന്ന മകൻ പ്ലസ്ടു കാലത്താണു കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയത്. സമനില തെറ്റിയ രീതിയിൽ പെരുമാറാനും അക്രമാസക്തനാകാനും തുടങ്ങിയതോടെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. 12 വർഷത്തെ ചികിത്സ വേണ്ടിവന്നു. 6 മാസം മുൻപു പൂർണ ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തിച്ചു. ജോലിക്കു പോയിത്തുടങ്ങി. ജീവിതം തിരിച്ചുകിട്ടിയെന്ന് ആശ്വസിച്ച 3 മാസം. പക്ഷേ, മകൻ വീണ്ടും അടിമയായി. രാസലഹരി വീട്ടിൽ കൊണ്ടുവന്നു പരസ്യമായി ഉപയോഗിച്ചു തുടങ്ങി. 

കൂട്ടുകാരുമായി വീട്ടിലെത്തി ബഹളം പതിവായതു ചോദ്യം ചെയ്ത അച്ഛനെ ആക്രമിച്ചു. വീട്ടിലെ സാധനങ്ങൾ മുഴുവൻ അടിച്ചു തകർത്തു. തീയിട്ടു. വീടിനകം കത്തിച്ചാമ്പലായി. അച്ഛന്റെ മൂക്ക് ഇടിച്ചു തകർത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. പക്ഷേ, ഏതു നിമിഷവും മടങ്ങിയെത്തും എന്ന ഭീതിയിലാണ് അച്ഛനും അമ്മയും. 66 വയസ്സുള്ള അച്ഛൻ സെക്യൂരിറ്റി ജോലി ചെയ്താണു കുടുംബം പോറ്റുന്നത്. 

‘2 മക്കളെയും ലഹരി കൊണ്ടുപോയി’: കോഴിക്കോട്ട് വിളിച്ച അച്ഛന്റെ വാക്കുകൾ

കൂട്ടുകാർക്കൊപ്പം ബൈക്കിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ മകൻ പൊലീസ് പിടിയിലായി. അന്ന് അവൻ ലഹരി ഉപയോഗിക്കുന്ന വിവരം എനിക്കറിയില്ല. ഉപയോഗം തുടങ്ങിയിട്ടേയുള്ളൂവെന്ന് പിന്നീട് മനസ്സിലായി. കേസ് നടപടികൾക്കൊടുവിൽ ഒരു കാര്യം ബോധ്യപ്പെട്ടു; സഞ്ചരിക്കുന്ന ബൈക്കിൽ കഞ്ചാവ് ഉണ്ടെന്ന വിവരം മകനും അറിയുമായിരുന്നില്ല. കൂട്ടുകാരിലൊരാളാണ് കഞ്ചാവ് കടത്താൻ ബൈക്ക് ഉപയോഗിച്ചത്. അവനെ ചോദ്യം ചെയ്തപ്പോൾ തല്ലരുതെന്നും മാപ്പാക്കണമെന്നും അപേക്ഷിച്ചു സത്യം പറഞ്ഞു. മൈസൂരുവിൽ നിന്നു കഞ്ചാവ് കടത്തി നാലിരട്ടി വിലയ്ക്കു വിൽക്കുന്നു.

എന്റെ 2 മക്കളും ഇന്ന് ലഹരിക്ക് അടിമകളാണ്. കാര്യമായ പണിക്കൊന്നും പോകില്ല. ഹൈദരാബാദിൽ പഠിക്കാൻ പോയി കോവിഡ് കാലത്ത് മടങ്ങിയെത്തിയതാണ് ഒരാൾ. വിദേശത്ത് ജോലിക്കുപോയി മടങ്ങിയെത്തിയതാണ് മറ്റേയാൾ. നാട്ടിൽ ലഹരി കിട്ടാൻ ഒരു തടസ്സവുമില്ല. പൊലീസിൽ വിവരം നൽകിയപ്പോൾ ഒന്നു രണ്ടു തവണ നടപടിയെടുത്തു. ഇനി ഞാൻ തനിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. തിരിച്ചടി നേരിടേണ്ടിവരുമെന്നറിയാം, എങ്കിലും.

English Summary: Parents says about their drugs addicted children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com