മലപ്പുറം ∙ തൃശൂർ കോഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവിന്റെ ഭാര്യ വി.പി.നുസ്രത്ത് സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് പിടിയിൽ.
ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകളുണ്ട്. നുസ്രത്ത് കണ്ണൂർ സ്വദേശിനിയാണ്. അഭിഭാഷക ചമഞ്ഞും സാമ്പത്തിക ഇടപാടുകൾ പറഞ്ഞു തീർക്കാനെന്ന പേരിൽ ഭീഷണിപ്പെടുത്തിയും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടിയതായി ഇവർക്കെതിരെ പരാതിയുണ്ട്. മലപ്പുറം പൊലീസ് സംഘം ഇന്നലെ ചേർപ്പിലെ വീട്ടിൽനിന്നാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തിച്ച ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
സുരേഷ് ബാബു നേരത്തെ തിരൂർ ഡിവൈഎസ്പിയായിരുന്നു. ഇതുൾപ്പെടെ ജില്ലയിൽ ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകയെന്ന വ്യാജേന കേസ് നടത്തിപ്പിനും ഒത്തുതീർപ്പാക്കാനും സഹായം വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയതായി ആരോപിച്ച് പലരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. 10 ലക്ഷവും അതിലധികവും നഷ്ടമായവർ പരാതിക്കാരിലുണ്ട്. സ്വാധീനമുപയോഗിച്ച് നുസ്രത്ത് അറസ്റ്റ് ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് തട്ടിപ്പിനിരയായവർ കോടതിയെ സമീപിച്ചിരുന്നു. പ്രതിയെ കാണാനില്ലെന്ന് പൊലീസ് നിരന്തരം കോടതിയെ അറിയിക്കുകയാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് നുസ്രത്തിനെ കോടതിയിൽ ഹാജരാക്കും.
English Summary: DySP's wife arrested in Cheating case