ADVERTISEMENT

തേക്കടി ∙ രാവിലെ നടക്കാനിറങ്ങിയപ്പോൾ കാട്ടാനയുടെ മുന്നിൽപെട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ദേഹത്തു ചവിട്ടി ആന നടന്നുപോയി. പെരിയാർ കടുവസങ്കേതം ഈസ്റ്റ് ഡിവിഷൻ‍ ഓഫിസിലെ സീനിയർ ക്ലാർക്ക് കട്ടപ്പന നരിയംപാറ എട്ടിയിൽ റോബി വർഗീസിനെ (54) ഗുരുതര പരുക്കുകളോടെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതുകാലിന് ഒടിവും 5 വാരിയെല്ലുകളിൽ പൊട്ടലുമുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

തേക്കടി ബോട്ട് ലാൻഡിങ്ങിനു സമീപം റോഡിലൂടെ ഇന്നലെ രാവിലെ ആറരയ്ക്കു നടന്നുവന്ന റോബി കുട്ടിയാനയ്ക്കൊപ്പമെത്തിയ പിടിയാനയുടെ മുന്നിൽപെടുകയായിരുന്നു. ഓടുന്നതിനിടെ റോബി റോഡരികിലെ കിടങ്ങിൽ വീണു. കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലേക്കു കടക്കാതിരിക്കാൻ വനംവകുപ്പ് നിർമിച്ചതാണ് 2 മീറ്റർ ആഴമുള്ള കിടങ്ങ്. ഇതേ വഴിയിലൂടെ വന്ന ആന വീണുകിടന്ന റോബിയുടെ വയറ്റിൽ ചവിട്ടിയാണു കാടിനുള്ളിലേക്കു കടന്നുപോയത്. തേക്കടിയിൽ വിനോദസഞ്ചാരികളും മറ്റും രാവിലെ നടക്കാനിറങ്ങുന്നതു വനംവകുപ്പ് നിരോധിച്ചു. 

 

പിന്നാലെ ആനയും കിടങ്ങിലേക്ക്...;റോബിയുടെ കണ്ണിൽ ഇരുട്ടുകയറി

ഏറ്റുമാനൂർ ∙ കുഴിയിൽ വീണുകിടക്കുമ്പോൾ തന്റെ മുകളിലൂടെ കാട്ടാന നടന്നുപോകുന്നതു റോബി കണ്ടു. അനങ്ങാൻ പോലും കഴിയാത്ത നിലയിലായിരുന്നു. ആനയുടെ കാലുകൾ ഉയർന്നുവരുന്നതു കണ്ടപ്പോൾ കണ്ണിൽ ഇരുട്ടു കയറിയെന്നു റോബി പറഞ്ഞു.

ആംബുലൻസിൽ കാരിത്താസ് ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോൾ സഹപ്രവർത്തകൻ എം.കെ.സതീഷിനോടാണ് അപകടനിമിഷങ്ങളെപ്പറ്റി റോബി പറഞ്ഞത്. മുന്നോട്ടു നടന്നുപോയ കാട്ടാന തിരികെയെത്തിയിരുന്നെങ്കിൽ.... ബാക്കി പറയാൻ റോബിക്കു കഴിഞ്ഞില്ല.

13 വർഷമായി തേക്കടിയിൽ ജോലി ചെയ്യുന്ന റോബി ക്വാർട്ടേഴ്സിലാണു താമസം. ദിവസവും രാവിലെ നടക്കാനിറങ്ങും. ഇന്നലെ പിന്നിൽ നിന്നു ശബ്ദം കേട്ടു. ആന ചിന്നം വിളിച്ചു നേരെ ഓടിയടുക്കുകയായിരുന്നു. ഓടിയാൽ രക്ഷപ്പെടില്ലെന്നു തോന്നിയതോടെ കിടങ്ങിലേക്കു ചാടി. വീണപ്പോൾ പരുക്കേറ്റു. തല ഉയർത്തി നോക്കുമ്പോൾ ആനയും കിടങ്ങിലേക്ക് ഇറങ്ങുന്നതാണു കണ്ടത്. ആനയുടെ കാലുകൾ ഉയരുന്നതും താഴുന്നതും കണ്ടു– റോബി പറഞ്ഞു.

ഇന്നലെ ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോകുമ്പോൾ സഹപ്രവർത്തകരും ബന്ധുക്കളും ‘പേടിക്കേണ്ട’ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചപ്പോൾ റോബി പറഞ്ഞു: ‘പേടിയോ എനിക്കോ!!’

 

 

English Summary: Elephant attack Thekkady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com