തൃശൂർ ∙ സഹകരണ വിജിലൻസ് ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിനെ തട്ടിപ്പുകാരി വി.പി. നുസ്രത്ത് (36) വിവാഹം ചെയ്തതു പിടികിട്ടാപ്പുള്ളിയായിരിക്കെയെന്നു വിവരം. 40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരിൽ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകൾ നിലനിൽക്കെയാണു കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായത്. 10 ദിവസം മുൻപു മതാചാര പ്രകാരം പെരുമ്പിലാവിൽ ഇവർ വീണ്ടും വിവാഹിതരായെങ്കിലും റജിസ്ട്രേഷൻ നടത്താനായില്ല. തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം അടക്കമുള്ള ജില്ലകളിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത ശേഷം അഭിഭാഷക എന്നു ബോർഡ് വച്ചാണു നുസ്രത്ത് ഇടനില ഇടപാടുകൾ നടത്തിയത്. കോടതിക്കു പുറത്തു സാമ്പത്തിക തർക്കങ്ങൾ പരിഹരിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. പണം വാങ്ങിയെടുത്ത ശേഷം പ്രതി കക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നെന്നും കണ്ടെത്തി.
ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക ഇടനില നിന്നും നുസ്രത്ത് തട്ടിച്ചെടുത്തതു കോടികളാണെന്നാണു സൂചന. പതിനഞ്ചോളം കേസുകൾ പല സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്താൽ അറസ്റ്റ് ഒഴിവാക്കിയെന്നാണു വിവരം. ഇവർക്കെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചു. എന്നാൽ, പ്രതി ഒളിവിലാണ് എന്നായിരുന്നു പൊലീസ് വാദം. ഇതിനിടെ ഡിവൈഎസ്പിയെ വിവാഹം കഴിക്കുകയും ചെയ്തു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തിൽ നിന്നു നിയമപരമായി ഒഴിയുന്നതിനു മുൻപേയാണു നുസ്രത്ത് ഡിവൈഎസ്പി സുരേഷ് ബാബുവിനെ വിവാഹം കഴിച്ചതെന്നു വിവരമുണ്ട്. വിവാഹമോചനക്കേസ് കോടതിയിൽ നിലനിൽക്കെ ഇക്കാര്യം ഒളിച്ചുവച്ച് ഒന്നര വർഷം മുൻപ് ആഡംബരപൂർവം വിവാഹം നടത്തി.
കുടുംബക്ഷേത്ര പുനരുദ്ധാരണത്തിനു ട്രസ്റ്റ് രൂപീകരിക്കാമെന്നു വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിന്റെ പേരിലും ഇവർക്കെതിരെ കേസുണ്ട്. തൃശൂർ ജില്ലയിൽ നെടുപുഴ പൊലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് ഇവർക്കെതിരെ മുൻപു കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഇവർ ഹൈക്കോടതിയെ സമീപിച്ച് ഉപാധികളോടെ ജാമ്യം നേടി. ജാമ്യവ്യവസ്ഥകൾ പാലിക്കാതായപ്പോൾ കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റിന് ഉത്തരവിടുകയും ചെയ്തു. എന്നിട്ടും അറസ്റ്റ് മാസങ്ങളോളം വൈകിയതു ഡിവൈഎസ്പിയുടെ സ്വാധീനത്താലാണെന്നാണ് ആരോപണം.
English Summary: Investigation on DySP's wife cheating case