ADVERTISEMENT

കൊണ്ടോട്ടി (മലപ്പുറം) ∙ സാംസ്കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിലേക്കു നയിച്ച കാര്യങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ ഉൾപ്പെടെ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ഭാര്യ ഷീജ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ റസാഖിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തു വീടിനു സമീപമുള്ള പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിൽ ദിവസവും 100 കിലോ സംസ്കരണത്തിനാണ് അനുമതിയുള്ളത്. എന്നാൽ വളരെക്കൂടുതൽ പ്ലാസ്റ്റിക് മാലിന്യം എത്തിച്ചു സംസ്കരണം നടക്കുന്നുണ്ടെന്നും അതു പരിസര മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരും റസാഖിന്റെ കുടുംബവും പലതവണ പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുകളിലോട്ടു നൽകിയ ഈ പരാതികളിലൊന്നും നടപടിയുണ്ടായിട്ടില്ലെന്ന കാര്യവും ഇതുസംബന്ധിച്ചു പാർട്ടി പ്രാദേശിക നേതൃത്വത്തിൽനിന്നുള്ള മോശം അനുഭവവും റസാഖ് പലതവണ സൂചിപ്പിച്ചിരുന്നു. പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ഏരിയാ സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നിവരെ പേരെടുത്തും വിമർശിച്ചിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും സമഗ്ര അന്വേഷണം വേണമെന്ന് എസ്ഐ ഫദിൽ റഹ്മാനു നൽകിയ പരാതിയിൽ റസാഖിന്റെ ഭാര്യ ഷീജ ആവശ്യപ്പെട്ടു.

പരാതിക്കെട്ടും ആത്മഹത്യാക്കുറിപ്പും സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയാണു റസാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കുറിപ്പുകൾ കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു കേസെടുത്തു പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭാര്യ നൽകിയ പരാതിയിലെ കാര്യങ്ങളും അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.

ഇതിനിടെ ഇന്നലെ രാവിലെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം തുറന്നതറിഞ്ഞു നാട്ടുകാർ സംഘടിച്ചു. തുടർന്നു കരിപ്പൂർ പൊലീസ് എത്തി അടച്ചിടാൻ നിർദേശം നൽകി.

 

 

English Summary: Kondotty cultural activist death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com