‘സ്മാർട്ട് മീറ്റർ’ മരവിപ്പിച്ചു; പൊലിയുന്നത് 500 കോടിയുടെ ചെലവുചുരുക്കൽ പദ്ധതി

HIGHLIGHTS
  • സ്മാർട്ട് മീറ്റർ പദ്ധതി മരവിപ്പിച്ചത് കെഎസ്ഇബിക്ക് ഷോക്ക്
kseb-meter
SHARE

കൊച്ചി ∙ സ്മാർട്ട് മീറ്റർ നടപ്പാക്കാനുള്ള തീരുമാനം മരവിപ്പിച്ചതോടെ ‘എംപ്ലോയീ കോസ്റ്റ്’ (ജീവനക്കാർക്കുവേണ്ടിയുള്ള ചെലവ്) ഇനത്തിൽ പ്രതിവർഷം 500 കോടി രൂപ കുറയ്ക്കാനുള്ള അവസരം കെഎസ്ഇബിക്ക് നഷ്ടമാകും.

കേന്ദ്ര സർക്കാർ നിർദേശപ്രകാരം നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിക്കു കെഎസ്ഇബി ടെൻഡർ ക്ഷണിച്ചത്, യൂണിയനുകളുടെ എതിർപ്പിനെത്തുടർന്നു കഴിഞ്ഞ ദിവസം മരവിപ്പിക്കുകയായിരുന്നു. സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതോടെ ബോർഡിലെ റവന്യു വിഭാഗം ജീവനക്കാരുടെ എണ്ണം കുറയ്ക്കാമെന്നും അതുവഴി പ്രതിവർഷം 500 കോടി രൂപ കുറയ്ക്കാമെന്നുമായിരുന്നു കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ പേരിൽ ജീവനക്കാരെ ആരെയും പിരിച്ചു വിടേണ്ടതില്ല. കാരണം, ബോർഡിന്റെ മൂന്നിലൊന്നു ജീവനക്കാരും 2023–25 കാലത്തു വിരമിക്കുകയാണ്.

വൈദ്യുതി മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ‘എംപ്ലോയീ കോസ്റ്റ് ’ ഉള്ളതു കെഎസ്ഇബിക്കാണ്. ഒരു രൂപ വരുമാനത്തിൽ 25 പൈസയും ജീവനക്കാർക്കുവേണ്ടി ചെലവിടുന്നു. നിലവിൽ 6,000 ജീവനക്കാർ ബോർഡിൽ അധികമാണെന്നും ജീവനക്കാരുടെ ചെലവു കുറയ്ക്കണമെന്നും റെഗുലേറ്ററി കമ്മിഷൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2025 ആകുമ്പോൾ കെഎസ്ഇബിയിൽ 40,000 പെൻഷൻകാരുണ്ടാവും.

സ്മാർട്ട് മീറ്റർ ഒന്നോ രണ്ടോ വർഷം വൈകിയാൽ ഇതിന്റെ 15 % സബ്സിഡിയും നഷ്ടമാവും. കേന്ദ്ര സർക്കാർ നിർദേശിച്ച കമ്പനികളെ ഒഴിവാക്കി ബോർഡിനു പദ്ധതി നേരിട്ടു നടപ്പാക്കാൻ 8500 കോടി രൂപ വേണ്ടിവരും. ഇതും പലിശയും ഉപയോക്താവിനു മേൽ വരും.

6000–9000 രൂപയാണു സ്മാർട്ട് മീറ്ററിനു വില കണക്കാക്കുന്നത്. ഇത് ഉപയോക്താവ് നൽകണം. 8–9 വർഷം കൊണ്ട് 100 രൂപ വീതമാണ് ഉപയോക്താവിൽനിന്നു പിരിക്കുന്നത്. സ്മാർട്ട് മീറ്റർ നടപ്പാക്കുമ്പോൾ, ഉപയോക്താവ് ഇപ്പോൾ നൽകുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകേണ്ട. ദ്വൈമാസ ബില്ലിങ്ങിൽ 3 മാസത്തെ വൈദ്യുതി ചാർജിനു തുല്യമായ തുകയും പ്രതിമാസ ബില്ലിങ്ങിൽ 2 മാസത്തെ തുകയുമാണു സെക്യൂരിറ്റി. വൻകിട ഉപയോക്താക്കൾക്ക് ഇതു ലക്ഷങ്ങൾ വരും.

English Summary: KSEB smart meter project

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS