യുഎസിൽ വെടിയേറ്റു മരിച്ച മലയാളി ജൂഡിന്റെ അവയവങ്ങൾ ദാനം ചെയ്തു
Mail This Article
കൊട്ടാരക്കര∙ മലയാളി വിദ്യാർഥി യുഎസിൽ വെടിയേറ്റു മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി അഴകത്ത് വീട്ടിൽ റോയ് ചാക്കോ – ആശ ദമ്പതികളുടെ മകൻ ജൂഡ് (21) ആണു മരിച്ചത്. ജൂഡിന്റെ അവയവങ്ങൾ ദാനം ചെയ്തു.
ബിബിഎ വിദ്യാർഥിയായിരുന്ന ജൂഡ് പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്നു. ഫിലഡൽഫിയയിലെ സ്ഥാപനത്തിൽ നിന്നു ജോലി കഴിഞ്ഞു പോകുമ്പോൾ അജ്ഞാതൻ തലയിൽ നിറയൊഴിക്കുകയായിരുന്നെന്നാണു നാട്ടിൽ ലഭിച്ച വിവരം. അക്രമി സംഭവ സ്ഥലത്ത് നിന്നു കടന്നുകളഞ്ഞു. അതുവഴി പോയ വിദ്യാർഥികളാണ് ജൂഡിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചു. മരണം ഉറപ്പായ ഘട്ടത്തിലാണ് അവയവദാനം നടത്താൻ തീരുമാനിച്ചത്.
കവർച്ച ശ്രമത്തിനിടെയാണ് വെടിയേറ്റതെന്നാണു സംശയം. ജൂഡിന്റെ പഴ്സ് കണ്ടെത്താനായിട്ടില്ല. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ടാണ് അജ്ഞാതനായ യുവാവ് നിറയൊഴിച്ചത്. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. ദശാബ്ദങ്ങൾക്കു മുൻപേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ്. റോയി ചാക്കോ ബിസിനസ് നടത്തുന്നു. കൊട്ടാരക്കര കിഴക്കേത്തെരു സ്വദേശിയായ ആശ ഫിലഡൽഫിയയിൽ ജല ഗുണനിലവാര പരിശോധന വിഭാഗത്തിൽ ഉദ്യോഗസ്ഥയാണ്. ജൂഡിന്റെ സംസ്കാരം പിന്നീട് ഫിലഡൽഫിയയിൽ നടക്കും.
English Summary: Malayali killed in US