വാർധക്യത്തിൽ സരസ്സാൾ തേടുന്നത് ഒരു ‘ലൈഫ്’

sarasal
ആർവിപി പുതൂർ പുതിയ കോളനിയിലെ ഇടിഞ്ഞുവീഴാറായ വീടിനു മുന്നിൽ നിറകണ്ണുകളോടെ 76 വയസ്സുകാരി സരസ്സാൾ. ചിത്രം: ഗിബി സാം ∙ മനോരമ
SHARE

എരുത്തേമ്പതി (പാലക്കാട്) ∙ എഴുപത്തിയാറാം വയസ്സിൽ വീട് അനുവദിച്ചു സരസ്സാളിനെ ചേർത്തു പിടിച്ച സർക്കാർ തന്നെയാണ് ഇപ്പോൾ അവരെ മറുകൈകൊണ്ട് അകറ്റുന്നതും. നയപരമായ അനുകൂല തീരുമാനം കൊണ്ട് അവരെ അടച്ചുറപ്പുള്ള വീട്ടിലാക്കാം, ഇല്ലെങ്കിൽ ഇനിയുള്ള കാലം കരയാനായി വിട്ടു കളയാം.

പാലക്കാട് ജില്ലയിലെ ആർവിപി പുതൂർ പുതിയ കോളനിയിൽ സരസ്സാളിനു ലൈഫ് മിഷനിൽ പട്ടികജാതി വിഭാഗത്തിൽ വീട് അനുവദിച്ചിരുന്നു. എന്നാൽ, 50 വർഷം മുൻപു ഭർത്താവ് അറാന്റെ കൈപിടിച്ചു തമിഴ്നാട്ടിൽ നിന്നു വന്ന സരസ്സാളിനു പട്ടികജാതിക്കാരിയാണെന്ന സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്. 

കോയമ്പത്തൂരിനടുത്തുള്ള വേടവെട്ടിയിൽ നിന്നാണു സരസ്സാളിനെ അറാൻ വിവാഹം കഴിച്ചത്. രണ്ടു പേരും ചക്ലിയ സമുദായക്കാർ. 40 വർഷം മുൻപു കോളറ വന്ന് അറാൻ മരിച്ചു. ഇവർക്കു മൂന്നു പെൺമക്കളാണ്. 

സരസ്സാൾ ചക്ലിയ ജാതിക്കാരിയാണെന്നു തഹസിൽദാർ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നൽകണം. എരുത്തേമ്പതി വില്ലേജ് ഓഫിസർ മുഖേന അപേക്ഷിച്ചപ്പോൾ, ചക്ലിയ സമുദായക്കാരിയെന്നു തെളിയിക്കുന്ന രേഖകൾ ജനിച്ചു വളർന്ന തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്നാൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് നൽകാമെന്നായി. അപ്പോഴും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയില്ല. നേരത്തേ തനിക്കു ലഭിച്ച ജാതി സർട്ടിഫിക്കറ്റുകൾ കാണിച്ചെങ്കിലും ഇപ്പോൾ നിയമം കർശനമാക്കിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

1950നു മുൻപു കേരളത്തിൽ കുടിയേറിയ പട്ടികജാതിക്കാർക്കു മാത്രമേ കേരളത്തിൽ നിന്നുള്ള പട്ടികജാതി സർട്ടിഫിക്കറ്റ് അനുവദിക്കൂ എന്നു റവന്യു ഉദ്യോഗസ്ഥർ പറയുന്നു. 1950നു ശേഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർക്കു കേരളത്തിൽ സംവരണം ലഭിക്കില്ലെന്നും അവരവരുടെ സംസ്ഥാനങ്ങളിൽ മാത്രമേ കിട്ടൂ എന്ന നിയമവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. 

സർക്കാർ തലത്തിൽത്തന്നെ തീരുമാനം വരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 

English summary: Senior lady seek Life Mission home in Palakkad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS