വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Mail This Article
കണ്ണൂർ ∙ വൻ ദുരന്തത്തിൽനിന്ന് ഇന്നലെ കണ്ണൂർ നഗരം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. എക്സിക്യൂട്ടീവ് എക്സ്പ്രസ് കോച്ചിനു തീയിട്ടതിന്റെ ഒരു ട്രാക്കിനപ്പുറം ഡീസൽ നിറച്ച 25 ടാങ്കറുകളുമായി ഗുഡ്സ് ട്രെയിൻ നിൽക്കേണ്ടതായിരുന്നു.
എക്സിക്യൂട്ടീവ് എക്സ്പ്രസിനു മുൻപേ കണ്ണൂരിലെത്തി ആറാം ട്രാക്കിൽ നിർത്തിയിടാറുള്ള ഈ ട്രെയിൻ വൈകിയതിനാൽ വടകരയിൽ പിടിച്ചിട്ടു. എക്സിക്യൂട്ടീവ് കടത്തിവിട്ടു. അല്ലെങ്കിൽ എട്ടാം ട്രാക്കിൽ ട്രെയിനെത്തുമ്പോൾ അടുത്ത് ഗുഡ്സ് വാഗൺ നിർത്തിയിട്ടേനെ. ഒന്നരയ്ക്കു തീപിടിത്തം ഉണ്ടായപ്പോൾ, ഗുഡ്സ് ട്രെയിൻ അടുത്തുള്ള കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന്, അവിടെത്തന്നെ നിർത്തിയിട്ടു.
തീപിടിത്തമുണ്ടായ സ്ഥലത്തു നിന്ന് 100 മീറ്റർ മാത്രമേയുള്ളു ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ശാലയിലേക്ക്. ഇവിടേക്ക് ടാങ്കറിൽ നിന്നുള്ള ഇന്ധനം റെയിൽവേ ട്രാക്കുകൾക്കടിയിലെ പൈപ്പുകളിലൂടെയാണു കൊണ്ടുപോകുന്നത്.
കുറ്റിക്കാടും പുല്ലും നിറഞ്ഞ വിജനമായ ഈ ഭാഗത്ത് മൂന്നിടത്ത് ഫെബ്രുവരി 13നു വൈകിട്ട് 7 മണിയോടെ ഒരാൾ തീ ഇട്ടിരുന്നു. ഇയാളെ അന്നു പൊലീസ് പിടികൂടിയെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
English Summary : Accident took place just 100 meters away from BPCL warehouse