ADVERTISEMENT

കുമളി ∙ അരിക്കൊമ്പൻ വീണ്ടും മേഘമല മലനിരകളിലേക്കു നീങ്ങുന്നു. ആന മേഘമലയിൽ എത്താതെ തടയണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി. ഷൺമുഖ നദി അണക്കെട്ടിനു സമീപത്തു നിന്നു വനാതിർത്തിയിലൂടെ നീങ്ങിയ ആനയെ വനപാലകർ മേഘമല ഭാഗത്തേക്ക് ഓടിച്ചു വിടുകയാണ് എന്നാണു പ്രദേശവാസികളുടെ പരാതി.

ചിന്നക്കനാൽ ലക്ഷ്യമാക്കിത്തന്നെയാണു ആന നീങ്ങുന്നതെന്നാണു നിരീക്ഷണ സംഘത്തിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ ജനവാസ മേഖല കടക്കാതെ ആനയ്ക്ക് ഈ ലക്ഷ്യത്തിൽ എത്താൻ കഴിയില്ല. ആന ജനവാസ മേഖലയിൽ കടക്കുന്നത് എങ്ങനെയും തടയുക എന്നതാണു തമിഴ്നാട് ലക്ഷ്യമിട്ടിരിക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കൃത്യമായി ലഭിക്കാത്തതിനാൽ കാടിനുള്ളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കാടിനുള്ളിൽ സഞ്ചരിച്ചു പരിചയമുള്ളവരെകൂടി നിരീക്ഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആനയെ ഇവിടെ നിന്ന് പിടികൂടി കൊണ്ടുപോകാൻ തീരുമാനിച്ചിരുന്ന വെള്ളിമലവരെ വനത്തിലൂടെ ആനയെ എത്തിക്കാൻ കഴിയുമോ എന്ന കാര്യവും ഇവർ പരിശോധിക്കുന്നുണ്ട്. മേഘമലയിലേക്ക് ആന വരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നു തോട്ടം തൊഴിലാളിയും ഹൈവേയ്സ് ടൗൺ പഞ്ചായത്ത് അംഗവുമായ തങ്കദുരൈ പറഞ്ഞു. അരിക്കൊമ്പൻ മൂലം ഒരു മാസമായി വിനോദ സഞ്ചാരികൾക്കു മേഘമലയിലേക്കു പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ടൂറിസത്തെ ആശ്രയിക്കുന്ന ഒട്ടേറെ ആളുകളുടെ തൊഴിൽ പ്രതിസന്ധിയിലാണ്. അതിനാൽ ആനയെ പിടികൂടി മാറ്റണം എന്നും തങ്കദുരൈ ആവശ്യപ്പെട്ടു.

English Summary: Arikomban back to Meghamalai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com