വായ്പ തിരിമറിക്കേസിൽ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ; മുൻ പ്രസിഡന്റ് കസ്റ്റഡിയിൽ

kt-ramadevi-kk-abraham-bank-fraud
കെ.ടി.രമാദേവി, കെ.കെ.ഏബ്രഹാം
SHARE

പുൽപള്ളി ∙ സഹകരണ ബാങ്കിൽ വായ്പത്തുക തിരിമറി നടത്തിയെന്ന പരാതിയിൽ മുൻ ബാങ്ക് പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.ഏബ്രഹാം, സെക്രട്ടറി കെ.ടി.രമാദേവി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെ.കെ.ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി ബത്തേരി മജിസട്രേട്ട് കോടതിയിൽ ഹാജരാക്കിയ രമാദേവിയെ റിമാൻഡ് ചെയ്തു. കേളക്കവല സ്വദേശികളായ പറമ്പക്കാട്ട് ദാനിയേലും ഭാര്യ സാറയും മുൻപേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി.

ഏബ്രഹാമിനെ പുൽപള്ളി ചുണ്ടക്കൊല്ലിയിലെ വീട്ടിൽനിന്നും രമാദേവിയെ മീനങ്ങാടിയിൽനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ധനാപഹരണം, വഞ്ചന തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കൂട്ടുപ്രതിയായ സജീവൻ കൊല്ലപ്പള്ളി ഒളിവിലാണ്. വായ്പത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നടപടി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് പുൽപള്ളിയിലെത്തിച്ച മൃതദേഹവുമായി സമരസമിതി പ്രവർത്തകർ മണിക്കൂറുകളോളം പ്രതിഷേധം നടത്തി. മൃതദേഹവുമായി കെ.കെ.ഏബ്രഹാമിന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും മൃതദേഹം ബാങ്കിനു മുന്നിലിറക്കി വയ്ക്കാനുള്ള നീക്കവും പൊലീസ് തടഞ്ഞു. കുറ്റക്കാരുടെ പേരിൽ ശക്തമായ നടപടിയെടുക്കുമെന്ന റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടർന്ന് 3 മണിക്ക് സമരം അവസാനിപ്പിച്ചു. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധമുണ്ടായി.

വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് തയാറാക്കിയ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് വിജിലൻസ് അറിയിച്ചു. ബെനാമി ഇടപാടുകൾ വഴിയുള്ള ധനാപഹരണവും വായ്പത്തട്ടിപ്പുമുൾപ്പെടെയുള്ള പരാതികളിൽ 2019ൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതാണ്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കുറ്റപത്രം വൈകിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലും പരാതിക്കാരനായ കർഷകൻ ആത്മഹത്യ ചെയ്തതും കണക്കിലെടുത്താണ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

English Summary: Bank secretary arrested in loan fraud case; Former President in custody

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS