തിരുവനന്തപുരം ∙ ന്യൂയോർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോകകേരളസഭ മേഖലാ സമ്മേളനത്തിന് ഒരു ലക്ഷം ഡോളറിന്റെ ഗോൾഡ് സ്പോൺസർഷിപ് മാത്രമല്ല, രണ്ടരലക്ഷം ഡോളറിന്റെ ഡയമണ്ട് സ്പോൺസർഷിപ്പും – ഏകദേശം 2.06 കോടി ഇന്ത്യൻ രൂപ!
അമേരിക്കൻ മലയാളിയായ ബാബു സ്റ്റീഫൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറായി 2.5 ലക്ഷം ഡോളറിന്റെ ചെക്ക് സംഘാടക സമിതിക്കു കൈമാറിയതിന്റെ വാർത്തയും ചിത്രവും സഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്.
സംസ്ഥാന ഖജനാവിൽനിന്നു പണം ചെലവിടാതിരിക്കാനാണു പ്രാദേശികമായി സംഘാടക സമിതി സ്പോൺസർഷിപ്പിലൂടെ സമ്മേളനം നടത്തുന്നതെന്നാണു സർക്കാരിന്റെ വാദം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.എൻ.ബാലഗോപാൽ, മുഖ്യമന്ത്രിയെ അനുഗമിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യാത്രച്ചെലവ് വഹിക്കുന്നതു സർക്കാരാണ്.
മുഖ്യമന്ത്രിയും സംഘവും 3 ദിവസമാണ് യുഎസിൽ തങ്ങുന്നതെങ്കിലും ഏകോപനം നിർവഹിക്കാൻ നേരത്തേ പോകുന്ന ഉദ്യോഗസ്ഥർ കൂടുതൽ ദിവസം അവിടെയുണ്ടാകും. ലോകകേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ കെ.വാസുകി ചെലവിടുന്നതു 10 ദിവസം. സഭാ പ്ലാൻ ഫണ്ടിൽ നിന്നാണു ചെലവ്.
നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കൊളശ്ശേരി എന്നിവർ 9 ദിവസം യുഎസിലുണ്ടാകും. യാത്രച്ചെലവും താമസച്ചെലവും വഹിക്കുന്നതു നോർക്ക റൂട്ട്സ് ഫണ്ടിൽനിന്ന്.
പരിപാടി സംഘടിപ്പിക്കുന്നതു ന്യൂയോർക്കിലെ സംഘാടകസമിതിയാണെന്നും അതിനായാണ് അവർ സ്പോൺസർഷിപ് സ്വീകരിക്കുന്നതെന്നും പറയുമ്പോഴാണ് സർക്കാരിന്റെ ഭാഗമായ 4 ഉദ്യോഗസ്ഥർ ഒരാഴ്ച മുൻപേ യുഎസിലെത്തുന്നത്.
കഴിഞ്ഞ വർഷം യുകെയിൽ നടന്ന മേഖലാ സമ്മേളനത്തിനും പ്രാദേശിക സംഘാടക സമിതിയുണ്ടാക്കി ഫണ്ട് പിരിച്ചിരുന്നു. ഒക്ടോബറിൽ നടന്ന സമ്മേളനത്തിന്റെ വരവുചെലവ് കണക്ക് 7 മാസമായിട്ടും വെളിപ്പെടുത്തിയിട്ടില്ല.
English Summary: Diamond sponsorship also for Loka Kerala Sabha Newyork zonal conference