5 വർഷമായി സ്കൂളിൽ താമസിക്കുന്ന 9 വയസ്സുകാരി; സഞ്ജനയ്ക്കും പ്രവേശനോത്സവം
Mail This Article
തിരുവനന്തപുരം ∙ സ്കൂളിലെ ഒരു ക്ലാസ്മുറിയിൽനിന്നു പുത്തൻ ബാഗും പുസ്തകങ്ങളുമായി ഇറങ്ങുക; തൊട്ടടുത്ത ക്ലാസ് മുറിയിൽ കയറുക. ഇതാണ് ഈ വർഷവും സഞ്ജനയുടെ പ്രവേശനോത്സവം. സ്കൂളിലെ ക്ലാസ് മുറിയാണ് 5 വർഷമായി ഈ 4–ാം ക്ലാസ്സുകാരിയുടെ ‘വീട്’. ഇപ്പോൾ താമസിക്കുന്ന ക്ലാസ് മുറിയിൽനിന്നു രണ്ടു ചുവടു വച്ചാൽ നാലാം ക്ലാസായി.
വലിയതുറ തുണ്ടുവിളാകത്തിൽ സുവിയുടെ മകളായ സഞ്ജനയുടെ കഥ 2020 ലെ പ്രവേശനനോത്സവവേളയിൽ മലയാള മനോരമയിലൂടെ തന്നെ അധികൃതർ അറിഞ്ഞതാണ്. എന്നിട്ടും വീടിനു നടപടിയുണ്ടായില്ല. സഞ്ജനയും ചേട്ടൻ സഞ്ജയും (11) അമ്മയും 2018 ലാണ് വലിയതുറ സർക്കാർ യുപി സ്കൂളിൽ അഭയം തേടിയത്. സഞ്ജയ് ഹൃദ്രോഗി കൂടിയാണ്.
കടൽക്ഷോഭത്തിൽ വീടു നഷ്ടമായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി ഇവിടെ ക്യാംപു തുറന്നത് 2016 ലാണ്. 5 ക്ലാസ് മുറികളിലായി ഇപ്പോൾ 10 കുടുംബങ്ങൾ കഴിയുന്നു. പിന്നിപ്പഴകിയ സാരി കൊണ്ട് അതിരു തിരിച്ച മുറിയിൽ 2 കുടുംബങ്ങൾ വീതം കഴിയുന്നു. അൻപതോളം പേരാണ് ഇങ്ങനെ ദുരിതജീവിതം നയിക്കുന്നത്. ഭൂമിയോ വീടോ സ്വന്തം പേരിൽ ഇല്ലാത്തതിനാൽ, മത്സ്യത്തൊഴിലാളികൾക്കു വീടൊരുക്കുന്ന ‘പുനർഗേഹം’ പദ്ധതിയിലേക്ക് ഇവരെ പരിഗണിച്ചില്ല.
പുനരധിവസിപ്പിച്ചത് 129 പേരെ
2016 ൽ കടൽക്ഷോഭത്തിൽ വീടു നഷ്ടപ്പെട്ട 248 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 25 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. ഇവരിൽ 129 പേർ മാത്രമാണ് ആനുകൂല്യം കൈപ്പറ്റി മാറിത്താമസിച്ചത്. വേലിയേറ്റ രേഖയിൽനിന്നു 50 മീറ്റർ പരിധിയിൽ ഉൾപ്പെടുന്ന മുഴുവൻപേരെയും പുനർഗേഹം ഗുണഭോക്താക്കളാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
English Summary: Life story of Sanjana