‘ചെലവ് വഹിക്കുമോ?’: അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന സാബു എം. ജേക്കബിന്റെ ഹർജി തള്ളി

sabu-m-jacob-1
സാബു എം.ജേക്കബ് (Screengrab: Manorama News)
SHARE

കൊച്ചി ∙ അരിക്കൊമ്പനെ പിടികൂടിയാൽ കേരളത്തിലെ മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്കു മാറ്റണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഹർജിയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് എന്തുകൊണ്ടാണ് ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്ന് ആരാഞ്ഞു. ഹർജിയിലെ ആവശ്യങ്ങൾക്ക് പിൻബലമേകുന്ന വസ്തുതകളോ നിയമവശങ്ങളോ ഹാജരാക്കാനായില്ലെന്നു െഹെക്കോടതി വിലയിരുത്തി.

എന്താണ് ഹർജിക്കാരന് ഇക്കാര്യത്തിലുള്ള വൈദഗ്ധ്യം,ബന്ധപ്പെട്ട തമിഴ്നാട് ഉദ്യോഗസ്ഥർ അരിക്കൊമ്പനുനേരെ ക്രൂരത കാട്ടിയെന്നു വ്യക്തമാക്കാൻ വസ്തുതകളുണ്ടോ, അരിക്കൊമ്പന്റെ തുമ്പിക്കൈയിലുള്ള പരുക്ക് തമിഴ്നാട് ഉദ്യോഗസ്ഥരും പ്രദേശവാസികളും മൂലമാണോ, നിയമ പ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ കേന്ദ്ര, തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയോ, ഹർജിക്കാരനും അഭിഭാഷകനും വനമേഖലയിൽ താമസിച്ചിട്ടുണ്ടോ, കാട്ടാനയുടെ മുന്നിൽപെട്ടിട്ടുണ്ടോ,ആനയെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഹർജിക്കാരൻ ചെലവ് വഹിക്കുമോ തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു.

എന്നാൽ ഇതിനു വസ്തുതാപരമായ മറുപടി നൽകാൻ ഹർജിക്കാരനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. ആനയെ ഉൾവനത്തിലേക്കു മാറ്റാനുള്ള തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് നിയമപ്രകാരമാണെന്നു വിലയിരുത്തിയ ഹൈക്കോടതി ഈ ഉത്തരവിന്റെ നിയമസാധുത ഹർജിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലാണ് ആനയുള്ളത്. ഹർജിക്കാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയാണെങ്കിൽ കേരള ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ ബാധകമായിരിക്കില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

English Summary: Petition by Sabu M Jacob to Bring Back Arikomban to Kerala Was Dismissed by HighCourt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS