തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു സ്കൂളുകൾ തുറക്കുന്നു. 2 മാസത്തെ വേനലവധിക്കു ശേഷം പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ ഇന്നു സ്കൂളുകളിലെത്തും. സംസ്ഥാനത്താകെ 15,452 വിദ്യാലയങ്ങളാണുള്ളത്. ഇതിൽ 13,964 എണ്ണവും സർക്കാർ എയ്ഡഡ് മേഖലയിലാണ്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവമുണ്ട്.
രാവിലെ 10ന് തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.ശിവൻ കുട്ടി അധ്യക്ഷത വഹിക്കും. അക്കാദമിക് കലണ്ടർ മന്ത്രി ആന്റണി രാജുവും ‘മധുരം മലയാളം’, ‘ഗണിതം രസം’, ‘കുട്ടിക്കൂട്ടം’ കൈപ്പുസ്തകങ്ങൾ മന്ത്രി ജി. ആർ.അനിലും ‘ഹലോ ഇംഗ്ലിഷ്- കിഡ്‌സ് ലൈബ്രറി’ പുസ്തക പരമ്പര പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രകാശനം ചെയ്യും.
ശുചിത്വ–ഹരിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ശുചീകരണം പൂർത്തിയായി. അഞ്ചിന് പരിസ്ഥിതി ദിനത്തിൽ എല്ലാ സ്കൂളുകളും വലിച്ചെറിയൽ വിരുദ്ധ വിദ്യാലയമായി പ്രഖ്യാപിക്കണമെന്നാണ് നിർദേശം. ലഹരിക്കെതിരെ പൊലീസ്–എക്സൈസ് നടപടികൾക്കൊപ്പം സ്കൂളിൽ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികളും രൂപീകരിക്കും. സാധാരണ, വേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്നത് മഴയുടെ അകമ്പടിയോടെയാണെങ്കിലും ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്.
English Summary: Schools Reopening Today