സിദ്ദീഖ് വധക്കേസ്: പ്രതികളെ കൊലപാതക മുറിയിൽ എത്തിച്ച് തെളിവെടുത്തു; രോഷാകുലരായി ആൾക്കൂട്ടം

siddique-murder-case--01
തെളിവെവിടെ?... സിദ്ദീഖ് കൊലപാതകക്കേസിലെ പ്രതി ഷിബിലിയെ കോഴിക്കോട് മിഠായിത്തെരുവിലെ കടയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ, ജീപ്പിലിരിക്കുന്ന പ്രതിയെ ഗ്ലാസിനുള്ളിലൂടെ കാണാൻ ശ്രമിക്കുന്നവർ. മിഠായിത്തെരുവിലെ കടയിൽ നിന്നാണ് മൃതദേഹം കൊണ്ടുപോകാനുള്ള ബാഗ് വാങ്ങിയത്. ചിത്രങ്ങൾ: മനോരമ
SHARE

കോഴിക്കോട്∙ തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ സംഭവം നടന്ന എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഇരുവരെയും ഒറ്റയ്ക്കും ഒന്നിച്ചും ഇരുത്തി ചോദ്യം ചെയ്തു. നടന്ന സംഭവങ്ങൾ ഇരുവരും പൊലീസിനോടു വിവരിച്ചുകൊടുത്തു. ചോദ്യം ചെയ്യലിനോട് ഇരുവരും പൂർണമായും സഹകരിച്ചതായി പൊലീസ് പറഞ്ഞു.

തിരൂർ ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ രാവിലെ 9.50ന് പ്രതികളുമായി എത്തിയ പൊലീസ് 9.52ന് ജീപ്പിൽ നിന്നിറക്കി ഷിബിലിയെ ലോഡ്ജ് മുറിയിലെത്തിച്ചു. 10.15ന് ഫർഹാനയെയും. ഒരു മണിക്കൂർ ‍തുടർന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമൊടുവിൽ 11.15ന് സംഘം എരഞ്ഞിപ്പാലത്തുനിന്ന് തിരിച്ചു.

തുടർന്ന് ഷിബിലിയെ പൊലീസ് പുഷ്പ ജംക്‌ഷനടുത്ത് സിദ്ദീഖിന്റെ മൃതദേഹം മുറിക്കാൻ കട്ടർ വാങ്ങിയ കട, മൃതദേഹം കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച ട്രോളി ബാഗ് വാങ്ങിയ മിഠായിത്തെരുവിലെ കട എന്നിവിടങ്ങളിലും ഗ്ലൗസ് വാങ്ങിയ മിഠായിത്തെരുവിലെ മെഡിക്കൽ ഷോപ്പിലും എത്തിച്ച് തെളിവെടുത്തു. തുടർന്ന് പ്രതികൾ ഭക്ഷണം കഴിച്ച 2 ഹോട്ടലുകളിലും പൊലീസ് ഇരുവരുമായെത്തി തെളിവെടുത്തു. ഉച്ചയോടെ പൊലീസ് സംഘം തിരൂരിലേക്ക് മടങ്ങി.

രോഷാകുലരായി ആൾക്കൂട്ടം

കോഴിക്കോട്∙ ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ രോഷപ്രകടനം. രാവിലെ മുതൽ ഹോട്ടലിനു മുന്നിൽ പ്രതികളെ കാണാൻ വൻ ജനക്കൂട്ടമുണ്ടായിരുന്നു. വന്നയുടൻ ഷിബിലിയെ ഹോട്ടലിനുള്ളിലേക്കു കൊണ്ടുപോയ പൊലീസ് ഫർഹാനയെ 2 വനിതാ പൊലീസുകാർക്കിടയിലായി ജീപ്പിൽത്തന്നെ ഇരുത്തി. എരഞ്ഞിപ്പാലത്തെ ഹോട്ടലിനു മുന്നിൽ പലപ്പോഴും ഗതാഗതം തടസ്സപ്പെട്ടു.

കൃത്യം ഒരു മണിക്കൂറിനുശേഷം പ്രതികളുമായി പൊലീസ് പുറത്തേക്കിറങ്ങി. നിർത്തിയിട്ട 3 ജീപ്പുകളിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന ജീപ്പിലെ പുറകുവശത്തെ വാതിൽ തുറന്ന് ഷിബിലിയെ അകത്താക്കി വാതിലടച്ചു. ഈ സമയത്ത് ഓടിയടുത്ത ഒരാൾ, 2 ലക്ഷം രൂപയ്ക്കു വേണ്ടിയല്ലേ താൻ ഒരാളെ കൊന്നതെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. വശത്തെ ഗ്ലാസ് വാതിലിലൂടെ മറ്റൊരാൾ, ഇനി ജയിലിൽ പോയി കല്യാണം കഴിച്ചു കഴിയാം എന്നും പറയുന്നുണ്ടായിരുന്നു.

കേസ് നടക്കാവ് സ്റ്റേഷൻ പരിധിയിലേക്ക് മാറ്റിയേക്കും

കോഴിക്കോട്∙ ഹോട്ടലുടമ സിദ്ദീഖിനെ കോഴിക്കോട്ടെ ലോഡ്ജിൽ കൊലപ്പെടുത്തിയ കേസ് സംഭവം നടന്ന ഹോട്ടലുൾപ്പെടുന്ന കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലേക്കു മാറ്റാൻ പൊലീസ് ആലോചിക്കുന്നു. കൊലപാതകവും ഗൂഢാലോചനയും നടന്ന ഹോട്ടൽ, കൊല നടത്താനുപയോഗിച്ച ആയുധങ്ങളും മറ്റുപകരണങ്ങളും വാങ്ങിയ കടകൾ എന്നിവയെല്ലാം കോഴിക്കോട്ടായ സാഹചര്യത്തിലാണ് തുടരന്വേഷണത്തിനും മറ്റു നടപടികൾക്കും കേസ് കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം സജീവമായി പരിഗണിച്ചത്.

തിരൂർ സ്വദേശിയായ സിദ്ദീഖിനെ കാണാനില്ലെന്നു വീട്ടുകാർ നൽകിയ പരാതി തിരൂർ പൊലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് സിദ്ദീഖ് കൊല്ലപ്പെട്ടതായി തെളിയുന്നത്. അതുവഴിയാണ് കേസ് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലേക്കു നീങ്ങിയത്. ഇതിന്റെ ഭാഗമായാണ് തെളിവെടുപ്പും മറ്റും തിരൂർ പൊലീസിന്റെ നേതൃത്വത്തിൽ ‍നടന്നുവരുന്നത്. കോടതി അനുവദിച്ച സമയം തീരുന്നതോടെ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. തുടർന്നാകും കേസ് നടക്കാവ് പൊലീസിലേക്കു കൈമാറുന്ന തീരുമാനമെടുക്കുക.

English Summary: Siddique murder case: Evidence taken with accused

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA