ചക്രക്കസേരയിലെ കാത്തിരിപ്പ് എല്ലാം ശരിയാകാൻ
Mail This Article
ഒറ്റപ്പാലം ∙ അമ്പലപ്പാറ കടമ്പൂർ ഗവ. ഹൈസ്കൂളിലെ അധ്യാപിക എൻ.വിദ്യാലക്ഷ്മി ഇന്നലെയും സ്കൂളിലെത്തിയതു ചക്രക്കസേരയിലാണ്. 2021 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പു ജോലിക്കിടെ വീണു നട്ടെല്ലിനു ഗുരുതര പരുക്കേറ്റു മാസങ്ങളോളം ചികിത്സയിലായിരുന്നു. 2022 ഡിസംബർ ഒന്നിനാണു തിരികെ ജോലിക്കെത്തിയത്. പ്രബേഷൻ തികയാൻ 2 മാസം മാത്രം ശേഷിക്കെയായിരുന്നു അപകടം. അതോടെ, പ്രബേഷൻ കാലാവധി പൂർത്തീകരിച്ചു നിയമനം സ്ഥിരീകരിക്കാനുള്ള നടപടികൾ അനിശ്ചിതാവസ്ഥയിലായി.
ചികിത്സയ്ക്കായി അവധിയെടുത്ത 17 മാസത്തിൽ വെറും 4 മാസത്തെ ശമ്പളമാണു സർക്കാർ അനുവദിച്ചത്. മുൻകാല പ്രാബല്യത്തോടെ നിയമനം സ്ഥിരപ്പെടുത്താനും ശമ്പളം മുഴുവൻ കിട്ടാനുമാണു വിദ്യാലക്ഷ്മി കാത്തിരിക്കുന്നത്.
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ജനുവരി 12നു സ്കൂളിലെത്തിയപ്പോൾ ടീച്ചർ നിവേദനം നൽകിയിരുന്നു. ‘എല്ലാം ശരിയാകു’മെന്ന് മന്ത്രി ഉറപ്പു നൽകി. അത് യാഥാർഥ്യമാകാനുള്ള കാത്തിരിപ്പിലാണ് ടീച്ചർ.
English Summary : Teacher, who fell down during election duty, is looking for humanitarian approach from government