ADVERTISEMENT

തിരുവനന്തപുരം ∙ ന്യൂയോർക്കിൽ മാത്രമല്ല, ലോകകേരള സഭയുടെ മേഖലാ സമ്മേളനം ദുബായിലും യുകെയിലും നടന്നപ്പോഴും സ്പോൺസർഷിപ്പുണ്ടായിരുന്നെന്നു സിപിഎം നേതാവ് എ.കെ.ബാലൻ. ആരോപണമുന്നയിക്കുന്നവർ പുൽക്കൂട്ടിൽ കിടക്കുന്ന പട്ടിയെപ്പോലെയാണെന്നും ബാലൻ പറഞ്ഞു. പട്ടി തിന്നുകയുമില്ല, മറ്റാരെക്കൊണ്ടും തീറ്റിക്കുകയുമില്ല. ഇവിടുന്നു കാശെടുക്കാനും പറ്റില്ല, അവിടുള്ളവരുടെ സാമ്പത്തിക സ്രോതസ്സ് ഉപയോഗിക്കാനും പാടില്ലെന്നാണു പറയുന്നത്– ബാലൻ പറഞ്ഞു. 

എന്നാൽ, പൂച്ച പാലു കുടിക്കുന്നതു പോലെ ഒന്നും അറിയാത്ത മട്ടിലുള്ള വെട്ടിപ്പാണു മേഖലാ സമ്മേളനത്തിന്റെ പേരിൽ നടക്കുന്നതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലോകകേരള സഭയ്ക്കു വേണ്ടി ഇത്തരത്തിൽ പണം പിരിക്കുന്ന ‘അമേരിക്കൻ മോഡൽ’ ന്യായീകരിക്കുന്നവർ പരിഹാസ്യരാവുകയാണെന്നു മുൻ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. 

82 ലക്ഷം രൂപ കൊടുത്താൽ മുഖ്യമന്ത്രിയുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കാമെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണെന്നു ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്തിരുന്നാലേ ഭക്ഷണം കഴിക്കാൻ പറ്റൂ എന്നുണ്ടോ? ധനമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രം പണം തരാത്തതിനാൽ കേരളത്തിലെ ഖജനാവ് കാലിയാണ്. കാലിയായ ഖജനാവുള്ള ഒരാൾ അമേരിക്കയിൽ പോയിരുന്നാൽ കൂടെയിരിക്കാൻ ആരെങ്കിലും 82 ലക്ഷം ചെലവാക്കുമോ? ആരോപണമുന്നയിക്കുന്നവരുടേത് പെട്ടെന്നൊന്നും മാറാത്ത അസുഖമാണ്. കേരളത്തിലെ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇമേജും ഗ്രാഫും വല്ലാതെ ഉയർന്നിരിക്കുന്നു. പ്രതിപക്ഷം നോക്കിയാൽ അതില്ലാതാക്കാനാകില്ലെന്നു ബാലൻ പറഞ്ഞു. ക്യാമറ വിവാദത്തിലും ബാലൻ മാത്രമാണു മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിരുന്നത്. 

ബക്കറ്റ് പിരിവിന്റെ പുതിയ രൂപമാണു ലോകകേരള സഭയുമായി ബന്ധപ്പെട്ട സ്പോൺസർഷിപ് എന്നു രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഈ പരിപാടിയിൽ നിന്നു പിന്മാറണം. സ്പീക്കർ സ്ഥാനത്തിരുന്ന് ഒരുപാട് ധൂർത്ത് നടത്തിയ ആളാണു പി.ശ്രീരാമകൃഷ്ണൻ. ഇപ്പോൾ നോർക്ക കിട്ടിയപ്പോൾ സ്പോൺസർഷിപ്പിന്റെ പേരിൽ പിരിവ് തുടങ്ങിയതാണെന്നും ചെന്നിത്തല ആരോപിച്ചു. 

നോർക്കയാണു സമ്മേളനം നടത്തുന്നതെങ്കിൽ പണം സ്വരൂപിക്കാൻ വ്യവസ്ഥാപിത മാർഗം സ്വീകരിക്കണമെന്നു കെ.സി.ജോസഫ് ആവശ്യപ്പെട്ടു. കേരള സർക്കാരിനു പങ്കാളിത്തമുള്ള സംരംഭം സംഘടിപ്പിക്കുമ്പോൾ അവിടെ സ്വീകരിക്കേണ്ടത് അമേരിക്കൻ മോഡൽ അല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശയാത്ര നടത്താൻ മാത്രമുള്ള സംരംഭമാക്കി ലോകകേരള സഭയെ മാറ്റിയെന്നും കെ.സി. കുറ്റപ്പെടുത്തി. 

ലോക കേരളസഭയുടെ പേരിൽ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതിൽ നിന്നു മുഖ്യമന്ത്രി പിന്മാറണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ യഥാർഥ വർഗരാഷ്ട്രീയമാണു പിണറായി വിജയൻ തുറന്നു കാണിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. 

ലോക മലയാള സമ്മേളനങ്ങൾക്കും ആലോചന

ലോക കേരളസഭയുടെ വിദേശത്തെ മേഖലാ സമ്മേളനങ്ങൾക്കു പുറമേ, വിദേശത്തെ ലോക മലയാള സമ്മേളനങ്ങൾക്കും സർക്കാർ പരിപാടിയിടുന്നു. 4 ലോക മലയാളി സമ്മേളനങ്ങൾ സംഘടിപ്പിക്കണമെന്ന നിർദേശം മൂന്നാം ലോകകേരളസഭയിലാണുയർന്നത്. ഈ നിർദേശം ലോക കേരളസഭാ സെക്രട്ടേറിയറ്റ് തത്വത്തിൽ അംഗീകരിക്കുകയും സാംസ്കാരിക വകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയുമാണ്. ദുബായിലും യുകെയിലും ഇപ്പോൾ ന്യൂയോർക്കിലുമുള്ള മേഖലാ സമ്മേളനങ്ങൾ ലോകകേരള സഭയിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്. 

English Summary : Ak Balan and Ramesh Chennithala on lok kerala sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com