കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് കത്തിച്ച കേസിൽ ബംഗാൾ കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗർ (40) പൊലീസ് കസ്റ്റഡിയിൽ. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. എൻഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റു കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടി.
ഇന്നലെ പുലർച്ചെ 1.25ന്, റെയിൽവേ ജീവനക്കാരനാണു ട്രെയിനിൽ തീ കണ്ടത്. 1.35ന് അഗ്നിരക്ഷാസേനയെത്തി, ഒരു മണിക്കൂർ കൊണ്ട് പൂർണമായി അണച്ചു. ആളപായമോ പരുക്കോ ഇല്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കിൽനിന്ന് 100 മീറ്റർ അപ്പുറത്താണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്. ഇവിടേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
ട്രെയിനിന്റെ 17–ാം കോച്ച് പൂർണമായി കത്തിനശിച്ചു. ഈ കോച്ചിന്റെ ശുചിമുറിയുടെ ജനൽച്ചില്ലും വാഷ് ബേസിനും തകർത്ത നിലയിലാണ്. പതിനെട്ടാമത്തെ കോച്ചിന്റെ ശുചിമുറിയുടെ ഭാഗത്തും തീപിടിച്ചിട്ടുണ്ട്. പിടിയിലായ പുഷൻജിത്തിന്റെ മാനസികാരോഗ്യം സംബന്ധിച്ചു സംശയങ്ങളുണ്ട്. ട്രെയിനിൽനിന്നു ലഭിച്ച 10 വിരലടയാളങ്ങളിൽ നാലും ഇയാളുടേതാണ്. ഇന്നലെ ട്രെയിനിനു തീയിട്ട സ്ഥലത്തിനു സമീപത്ത് ഈ വർഷം ഫെബ്രുവരി 13ന് തീയിട്ടതും ഇയാളാണെന്ന സൂചനയുണ്ട്. ലക്ഷ്യമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല.
2 മാസം, 2 തീ
രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസിനു തീയിടുന്നത്. ഏപ്രിൽ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ 2 കോച്ചുകളിൽ അക്രമി തീയിട്ടതിനെത്തുടർന്ന് 3 പേർ മരിച്ചിരുന്നു. അന്നു കത്തിനശിച്ച ഡി1, ഡി2 കോച്ചുകൾ ഇപ്പോഴും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ യാഡിലുണ്ട്. ഈ കേസിൽ ഡൽഹി സ്വദേശി ഷാറുഖ് സെയ്ഫിയെ അറസ്റ്റ് ചെയ്തിരുന്നു.
English Summary: Bengal native under custody in Kannur train fire case