ADVERTISEMENT

തിരുവനന്തപുരം∙ അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിക്കുന്ന കെട്ടിടങ്ങൾക്കും ഉടമകൾക്കുമെതിരെ നേരിട്ടു നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരം വരും. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് 1962 ലെ കേരള ഫയർ ഫോഴ്സ് നിയമം പരിഷ്കരിക്കുന്നത്. പരിഷ്കരിച്ച നിയമത്തിന്റെ കരട് രൂപം തയാറായി. സർക്കാർ പരിശോധിച്ച ശേഷം നിയമം മലയാളത്തിലേക്കു മൊഴി മാറ്റുന്നതിന് വകുപ്പിനു തിരികെ നൽകി. നിലവിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അഗ്നിരക്ഷാ സേന തദ്ദേശ സ്ഥാപനങ്ങൾക്കു റിപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്. പല കടമ്പകൾ കടന്നാണ് നിയമലംഘനത്തിനെതിരെ നടപടിയുണ്ടാകുന്നത്.

ഫ്ലാറ്റുകൾ, ഗോഡൗണുകൾ, ഫാക്ടറികൾ തുടങ്ങിയ അപകട സാധ്യതയുള്ള കെട്ടിടങ്ങളുടെ രൂപരേഖ പ്രദേശത്തെ അഗ്നിരക്ഷാ നിലയങ്ങൾക്കു നൽകണമെന്ന് ഫയർഫോഴ്സ് സർക്കാരിനോടു ശുപാർശ ചെയ്യും. ഇത്തരം കെട്ടിടങ്ങൾ അഗ്നിരക്ഷാ സേനാംഗങ്ങൾ സന്ദർശിക്കാനും അവയുടെ അവസ്ഥയും അവിടെ ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന വസ്തുക്കൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാനും സൗകര്യമൊരുക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാരിനു ശുപാർശ നൽകുന്നത്.

സേനയിൽ വനിതകൾ ഉടൻ; റോബട്ടും വരും

അപകട മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാ സേനയിൽ ആദ്യമായി വനിതകളെ നിയമിക്കുന്നു. ആദ്യ ഘട്ടത്തിൽ സ്പെഷൽ റിക്രൂട്മെന്റ് വഴി തിരഞ്ഞെടുത്ത 100 വനിതകൾക്കുള്ള പരിശീലനം അടുത്ത മാസം കേരള ഫയർ ഫോഴ്സ് അക്കാദമിയിൽ ആരംഭിക്കും. ഇവർക്കുള്ള നിയമന നടപടികൾ ആരംഭിച്ചു. 

മനുഷ്യർക്കു നേരിട്ടു കടന്നു ചെല്ലാൻ പ്രയാസമുള്ള ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് റോബട്ടുകളെ നിയോഗിക്കാനുള്ള നടപടിയും ആരംഭിച്ചു. ഇതിനായി റോബട്ടിക് ഫയർ ഫൈറ്റിങ് വെഹിക്കിൾ ആണ് സേന വാങ്ങുന്നത്. തീപിടിത്തമുണ്ടാകുമ്പോൾ കനത്ത പുകയുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ ഇവയെ ഉപയോഗിക്കാം. പുറത്തു നിന്നു നിയന്ത്രിക്കാൻ കഴിയുന്ന റോബട്ടിക് വാഹനത്തിൽ ക്യാമറയും വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനങ്ങളുമുണ്ടാകും.

വെയിലും തണുപ്പുമേറ്റ് സർക്കാർ മരുന്നുകൾ

കെഎംഎസ്‌സിഎല്ലിന്റെ സംസ്ഥാനത്തെ 14 മരുന്നു സംഭരണശാലകളിലും ഡ്രഗ്സ് കൺട്രോളറുടെ തുടർപരിശോധന നടക്കാറില്ലെന്ന് ഉദ്യോഗസ്ഥർ. മരുന്നു സൂക്ഷിക്കുന്നതിന് ഡ്രഗ്സ് കൺട്രോളറാണ് ലൈസൻസ് നൽകുന്നത്. ആദ്യം ലൈസൻസ് നൽകുന്നതോടെ അവരുടെ ഉത്തരവാദിത്തം അവസാനിക്കും. മരുന്നുകളുടെ ഗുണനിലവാരം നഷ്ടമാകാതിരിക്കണമെങ്കിൽ 25 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. 

എന്നാൽ, എല്ലാ ഗോഡൗണുകളിലും മാനേജരുടെ മുറിയിൽ മാത്രമേ എസി ഉള്ളൂ. ഷീറ്റ് മേഞ്ഞ ഗോഡൗണുകളിൽ മേൽക്കൂരയോടു ചേർന്നുവരെ മരുന്നുകൾ സംഭരിക്കാറുണ്ട്. ചൂടും തണുപ്പുമേറ്റു ദിവസങ്ങൾ കഴിയുമ്പോൾ മരുന്നുകളുടെ ഗുണമേന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഈ മരുന്നാണു സാധാരണക്കാരന്റെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത്.

English Summary: Fire force to be given right to take action against illegal buildings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com