എംജി വിസി: സർക്കാർ പാനൽ ഗവർണർ തള്ളി

Mail This Article
തിരുവനന്തപുരം∙എംജി സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലർ ആയി നിയമിക്കുന്നതിനു മുൻ വിസിയെ ഉൾപ്പെടുത്തി സർക്കാർ നൽകിയ 3 അംഗ പാനൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചില്ല. മലയാള സർവകലാശാലാ വിസിയുടെ ചുമതല നൽകാൻ ഒരു പ്രഫസറുടെ മാത്രം പേരു നൽകിയതും അദ്ദേഹം തള്ളി.പകരം രണ്ടു സർവകലാശാലകളിലും ഇപ്പോൾ സർവീസിലുള്ള 3 സീനിയർ പ്രഫസർമാർ വീതം ഉൾപ്പെടുന്ന പാനലുകൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടും.
കഴിഞ്ഞ ശനിയാഴ്ച മുതൽ എംജിയിലും മലയാള സർവകലാശാലയിലും വിസി ഇല്ല. വിസി സ്ഥാനത്തു പകരക്കാരൻ പോലും ഇല്ലാത്തത് ആദ്യമാണ്.എംജിയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ലാത്തിനാൽ വിദ്യാർഥികൾ വലയുന്നു.
കഴിഞ്ഞ മാസം വിരമിച്ച ജീവനക്കാരുടെ തസ്തികകളിലേക്കുള്ള ഉദ്യോഗക്കയറ്റവും നിലച്ചു. മുൻ വിസി ഡോ.സാബു തോമസിന് എംജിയിൽ പുനർനിയമനം നൽകണമെന്ന സർക്കാരിന്റെ ശുപാർശ ഗവർണർ തള്ളിയിരുന്നു.പകരം അദ്ദേഹം സർക്കാരിനോട് പാനൽ ആവശ്യപ്പെട്ടു. വിരമിച്ച വിസി ഉൾപ്പെടെ സർക്കാരിനു താൽപര്യമുള്ള പ്രഫസർമാരുടെ ഈ പാനലും ഗവർണർ അംഗീകരിക്കാൻ തയാറായില്ല. മലയാള സർവകലാശാലയുടെ ചുമതല എംജി വിസിക്ക് ആയിരുന്നതിനാൽ അവിടെയും നാഥനില്ലാത്ത അവസ്ഥ ആണ്.
സംസ്ഥാനത്തെ 9 സർവകലാശാലകളിൽ നിലവിൽ വിസിമാരില്ല.ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി അവസാനിക്കുന്നതുവരെ സ്ഥിരം വിസിമാരെ നിയമിക്കുന്നതിനുള്ള സേർച് കമ്മിറ്റി രൂപീകരണം സർക്കാർ തടഞ്ഞതിൽ അദ്ദേഹം അസന്തുഷ്ടനാണ്.എംജി വിസി നിയമനം നീട്ടുന്നതും അതിന്റെ തുടർച്ചയാണ്. കേരള സർവകലാശാലയിൽ സേർച് കമ്മിറ്റി രൂപീകരിക്കാനുള്ള കോടതിയുടെ ഉത്തരവ് അംഗീകരിക്കാനോ, യൂണിവേഴ്സിറ്റി പ്രതിനിധിയെ കമ്മിറ്റിയിലേക്ക് നിർദേശിക്കാനോ സിപിഎം നേതൃത്വം തയാറാകുന്നില്ല.
English Summary : Governor Arif Muhammad Khan did not accept government panel to appoint vice-chancellor