തിരുവനന്തപുരം∙ രാജ്യത്ത് ഏറ്റവും ഉയർന്ന സ്റ്റാംപ് ഡ്യൂട്ടി ഇൗടാക്കുന്നത് കേരളമാണെന്നും ഇതു കുറച്ചില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു വളരാനാകില്ലെന്നും സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പഠന റിപ്പോർട്ട്. ഭൂമിയും കെട്ടിടങ്ങളും മറ്റും കൈമാറ്റം ചെയ്യുമ്പോൾ ന്യായവിലയുടെ 8 ശതമാനമാണ് സ്റ്റാംപ് ഡ്യൂട്ടി. മറ്റു സംസ്ഥാനങ്ങളിൽ 3% –7% ആണ് നിരക്ക്. കേരളം 3% – 5% എങ്കിലും ആക്കണം. പകരം, ഭൂമിയുടെ ന്യായവിലയിലെ പൊരുത്തക്കേടുകൾ പരിഹരിക്കുകയും വേണം. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ചു പഠിക്കാൻ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറ്റിയാണ് (കെ–റെറ) ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയത്.
മറ്റു കണ്ടെത്തലുകൾ, ശുപാർശകൾ:
∙ റിയൽ എസ്റ്റേറ്റ് മേഖലയിൽ സർക്കാരിനു നയം വേണം. ദരിദ്രർക്കുള്ള ഭവന നിർമാണ പദ്ധതിയിൽ ശ്രദ്ധയൂന്നുന്ന സർക്കാർ ഇടത്തരം വരുമാനക്കാർക്കായുള്ള ചെലവു കുറഞ്ഞ ഭവന പദ്ധതികൾ കൂടി പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ഏറ്റെടുക്കണം.
∙ നഗര മേഖലകളിൽ ബഹുനിലക്കെട്ടിടങ്ങളുടെ എണ്ണം പെരുകുകയാണ്. ഉയർന്ന ഭൂമിവിലയും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ഇത് കേരളത്തിന് അനുയോജ്യമായ പ്രവണതയാണ്. തിരുവനന്തപുരം കോർപറേഷനിൽ പുതുതായി റജിസ്റ്റർ ചെയ്ത കെട്ടിടങ്ങളിൽ പകുതിയും ഫ്ലാറ്റുകളാണ്.
∙ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം 2001ൽ 7.8% ആയിരുന്നത് 2011ൽ 10.6 ശതമാനമായി വർധിച്ചു. രാജ്യത്ത് ഇത് 7.5% മാത്രമാണ്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ സർക്കാരിന്റെ വർക്ക് നിയർ ഹോം പോലുള്ള പദ്ധതികൾക്കായി ഉപയോഗിക്കാൻ കഴിയുമോ എന്നു പരിശോധിക്കണം. ഒരു വശത്ത് വീടുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ മറുവശത്ത് 46% പട്ടികജാതിക്കാർക്കും 38% പട്ടികവർഗക്കാർക്കും മാത്രമേ താമസയോഗ്യമായ വീടുള്ളൂ. 11% പട്ടികജാതിക്കാരും 16% പട്ടിക വർഗക്കാരും പൊട്ടിപ്പൊളിഞ്ഞ വീടുകളിലാണു താമസിക്കുന്നത്.
കെട്ടിട നിർമാണത്തിനു വേണ്ടത് 16 അനുമതി!
ബിൽഡർമാർക്ക് കെട്ടിട നിർമാണം പൂർത്തിയാക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നു വാങ്ങേണ്ടത് 16 അനുമതികളാണെന്നും ഇതു പലപ്പോഴും പദ്ധതി പൂർത്തിയാക്കുന്നതിൽ കാലതാമസം സൃഷ്ടിക്കുന്നെന്നും റിപ്പോർട്ടിലുണ്ട്.
English Summary : Stamp duty in Kerala