തിരുവഞ്ചൂർ ∙ മുറിവേറ്റ കാലിൽ ഇതു ശ്രദ്ധിക്കാതെ അസ്ഥിയുടെ പൊട്ടലിനു പ്ലാസ്റ്റർ ഇട്ടതിനെത്തുടർന്ന് വിദ്യാർഥിയുടെ കാലിൽ വലിയ വ്രണം രൂപപ്പെട്ടു. അധികൃതർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ. കളപ്പുരയ്ക്കൽ അജിയുടെ മകനും 9–ാം ക്ലാസ് വിദ്യാർഥിയുമായ ജോർജിൻ കെ.അജിയുടെ (14) കാലിലാണ് വലിയ വ്രണം ഉണ്ടായത്.
കഴിഞ്ഞ മേയ് 2ന് കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു ജോർജിനെ പ്രവേശിപ്പിച്ചിരുന്നു. ഫുട്ബോൾ കളിക്കിടെ വീണതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എക്സ്റേ എടുത്ത ശേഷം കാലിൽ പൊട്ടലുണ്ടെന്നു പറഞ്ഞു പ്ലാസ്റ്ററിട്ട് വിട്ടയച്ചു. കാലിനു വേദന കൂടിയതിനെത്തുടർന്ന് ഒരാഴ്ച കഴിഞ്ഞു വീണ്ടും ആശുപത്രിയിൽ എത്തി. മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ജില്ലാ ആശുപത്രിയിൽ നിന്നു നിർദേശിച്ചു. തുടർന്നു വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്ററിട്ട കാലിലെ മുറിവ് വലിയ വ്രണമായെന്നു കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രിയിൽ എക്‌സ്റേ പരിശോധിച്ചപ്പോൾ അസ്ഥിക്കു പൊട്ടൽ ഇല്ലെന്നു കണ്ടെത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ നിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ അധികൃതർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ.
English Summary: Wound in student leg after plastering ignoring injury