ADVERTISEMENT

എഴുകോൺ∙ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് കയ്യോടെ പിടികൂടി. എഴുകോൺ സ്റ്റേഷനിലെ എസ്‌സിപിഒ ആറ്റുവാശേരി സ്വദേശി ആർ.പ്രദീപ് കുമാറാണു (47) പിടിയിലായത്. എഴുകോൺ സ്വദേശിയായ ഇരുപത്തി മൂന്നുകാരന്റെ പരാതിയിലാണ് നടപടി.

   കംബോഡിയയിലേക്കു പോകുന്നതിനായി യുവാവ് ഈ മാസം 25ന് പാസ്പോർട്ട് ഓഫിസിൽ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. പാസ്പോർട്ട് ഓഫിസിൽ നിന്ന് എഴുകോൺ പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി അയയ്ക്കുകയും ചെയ്തു. അന്വേഷിച്ചു റിപ്പോർ‍ട്ട് നൽകാൻ ചുമതലപ്പെടുത്തിയത് അനുസരിച്ചു അപേക്ഷകന്റെ വീട്ടിലെത്തിയ പ്രദീപ് യുവാവിനോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ ദിവസം യുവാവ് സ്റ്റേഷനിൽ എത്തിയെങ്കിലും വേണ്ട രീതിയിൽ കാണണം എന്നായിരുന്നത്രെ പ്രദീപിന്റെ പ്രതികരണം.

 ഇന്നലെ വീണ്ടും ഫോണിൽ വിളിച്ചു സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയും നേരിട്ടു കൈക്കൂലി ചോദിക്കുകയും ചെയ്തു. തുടർന്നു യുവാവ് വിജിലൻസ് എസ്പിക്കു പരാതി നൽകുകയും കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം എഴുകോൺ സ്റ്റേഷനിൽ എത്തുകയും ചെയ്തു.  പരാതിക്കാരൻ നൽകിയ 500 രൂപ പ്രദീപ് കൈപ്പറ്റിയ ഉടൻ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദീപിനെ ഇന്നു തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നു ഡിവൈഎസ്പി അറിയിച്ചു. 

കൈക്കൂലി: പിടിയിലായ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം ∙ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ.സോമൻ, കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട അസി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എസ്.ശ്രീധിൻ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കരാറുകാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് സോമനെ വിജിലൻസ് സംഘം പിടികൂടിയത്. സോമനെ ഒന്നാം പ്രതിയും ശ്രീധിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

English Summary : Bribe for clearance certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com