കയ്പമംഗലം (തൃശൂർ) ∙ നടനും ടിവി–സ്റ്റേജ് ഷോകളിലൂടെ മനംകവർന്ന മിമിക്രി കലാകാരനുമായ കൊല്ലം സുധി (46) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നടൻ ബിനു അടിമാലി (47), ഉല്ലാസ് അരൂർ (38) എന്നിവരെ പരുക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സ്റ്റേജ്ഷോയ്ക്കു ശേഷം കോഴിക്കോട് വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു സംഘം. മുൻസീറ്റിലായിരുന്ന സുധിയുടെ തലയ്ക്കാണു പരുക്കേറ്റത്. നാട്ടുകാർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടിവിയിലൂടെ ശ്രദ്ധേയനായ സുധിയുടെ ആദ്യ സിനിമ ‘കാന്താരി’ (2015) ആണ്. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’ (2016), ‘കുട്ടനാടൻ മാർപാപ്പ’ (2018), ‘കേശു ഈ വീടിന്റെ നാഥൻ’ (2020), ‘ബിഗ് ബ്രദർ’ (2020), ‘നിഴൽ’ (2021) തുടങ്ങിയവയാണു ശ്രദ്ധേയ ചിത്രങ്ങൾ.
കൊല്ലം പോളയത്തോട് ചായക്കടമുക്ക് പഴഞ്ഞിയിൽ പടിഞ്ഞാറ്റേതിൽ റവന്യു വിഭാഗം റിട്ട. ജീവനക്കാരൻ പരേതനായ ശിവദാസന്റെയും ഗോമതിയുടെയും മകനാണ്. ഭാര്യ: രേഷ്മ (രേണു). മക്കൾ: രാഹുൽ, ഋതുൽ.
മൃതദേഹം ഇന്നു രാവിലെ 7.30നു കോട്ടയം വാകത്താനം പൊങ്ങന്താനം പന്തിരുപറ കോളനിയിലെ വീട്ടിലെത്തിക്കും. സംസ്കാരം രണ്ടിനു തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ.
English Summary: Actor Kollam Sudhi dies in road accident