തിരുവനന്തപുരം ∙ ‘അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു’ എന്ന പ്രഖ്യാപനത്തോടെ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘കെ ഫോൺ’ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. മറ്റുള്ളവരെക്കാൾ കുറഞ്ഞ നിരക്കിൽ കെ ഫോൺ സേവനം ലഭ്യമാക്കുമെന്നും വാഗ്ദാനം ചെയ്തു. 6 മാസത്തേക്കുള്ള 9 പ്ലാനുകളും ചടങ്ങിൽ പുറത്തിറക്കി.
നിലമ്പൂർ അമരമ്പലത്തെ നഴ്സിങ് വിദ്യാർഥിനി വിസ്മയ, വയനാട് കണിയാമ്പറ്റ പന്തലാടിക്കുന്ന് കോളനിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗവ.എൽപിഎസ് വിദ്യാർഥികൾ, കോട്ടയം എരുമേലി കൂവപ്പള്ളി വില്ലേജ് ഓഫിസ് ജീവനക്കാർ എന്നിവരുമായി കെ ഫോൺ കണക്‌ഷൻ ഉപയോഗിച്ച് മുഖ്യമന്ത്രി തത്സമയം സംവദിച്ചു.
വെബ് പേജ് മന്ത്രി കെ.എൻ.ബാലഗോപാലും ആപ്ലിക്കേഷൻ മന്ത്രി എം.ബി.രാജേഷും മോഡം മന്ത്രി കെ.കൃഷ്ണൻകുട്ടിയും പുറത്തിറക്കി. പദ്ധതിയുടെ 97% പൂർത്തിയായെന്നു കെ ഫോൺ എംഡി ഡോ. സന്തോഷ്ബാബു പറഞ്ഞു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രാദേശികമായി ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നെങ്കിലും അഴിമതി ആരോപിച്ച് യുഡിഎഫ് ബഹിഷ്കരിച്ചു.
കെ ഫോൺ നിരക്ക്
6 മാസത്തേക്കുള്ള നിരക്ക് (നികുതി കൂടാതെ), ഡേറ്റ, വേഗം എന്നിവ ഇങ്ങനെ:
രൂപ– ഡേറ്റ– വേഗം
1794 രൂപ– 3000 ജിബി, 20 എംബിപിഎസ്
2094 രൂപ– 3000 ജിബി, 30 എംബിപിഎസ്
2394 രൂപ– 4000 ജിബി, 40 എംബിപിഎസ്
2694 രൂപ– 5000 ജിബി, 50 എംബിപിഎസ്
2994 രൂപ– 4000 ജിബി, 75 എംബിപിഎസ്
3594 രൂപ– 5000 ജിബി, 100 എംബിപിഎസ്
4794 രൂപ– 5000 ജിബി, 150 എംബിപിഎസ്
5994 രൂപ– 5000 ജിബി, 200 എംബിപിഎസ്
7494 രൂപ– 5000 ജിബി, 250 എംബിപിഎസ്
English Summary: KFON project launched