ADVERTISEMENT

കൊച്ചി ∙ ലൈംഗികതയുമായി നഗ്നതയെ കൂട്ടിക്കെട്ടരുതെന്നും സ്ത്രീയുടെ അർധനഗ്ന ശരീരം കണ്ടപാടെ അശ്ലീലമെന്നു കരുതരുതെന്നും ഹൈക്കോടതി. അർധനഗ്ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ കുറ്റവിമുക്തയാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിലയിരുത്തൽ.

പോക്സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരമാണു രഹ്നയ്ക്കെതിരെ കേസെടുത്തത്. പൊലീസ് നേരത്തെ കുറ്റപത്രം നൽകി. തുടർന്നു, തന്നെ കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് രഹ്‌ന നൽകിയ ഹർജി വിചാരണക്കോടതി തള്ളി. ഇതിനെതിരെ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. സ്ത്രീയുടെ നഗ്ന ശരീരം ചിത്രീകരിക്കുന്നത് സ്വയമേവ അശ്ലീലമാണെന്നു പറയാനാവില്ല.

കേസിന്റെ സാഹചര്യത്തിൽ ഹർജിക്കാരിയുടെ ആവിഷ്കാരം രാഷ്ട്രീയപരവും കുട്ടികളുടേത് കലാപരവുമാണ്. സ്ത്രീയുടെ അർധ നഗ്ന ശരീരത്തെ ലൈംഗികവൽക്കരിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ നഗ്നശരീരം കാണിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തിൽ നഗ്നത ചിത്രീകരിക്കുന്നത് അശ്ലീലമോ അസഭ്യമോ ആവില്ല. സ്ത്രീ ശരീരത്തെ ലൈംഗികവൽക്കരിക്കുന്നതിനെതിരെ അവരുടെ കാഴ്ചപ്പാടാണു ഹർജിക്കാരി പ്രചരിപ്പിച്ചത്. 

ഒരാളുടെ ചിന്തയും ആശയങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്യ്രത്തിൽ ഉൾപ്പെടുന്നു. അമ്മയുടെ സ്നേഹപരിലാളനയിലാണ് തങ്ങളെന്നാണു മക്കളുടെ മൊഴി. ഹർജിക്കാരിയെ പ്രോസിക്യൂട്ട് ചെയ്യുന്നത് മക്കളെ പ്രതികൂലമായി ബാധിക്കും. രാജ്യത്തെമ്പാടും പുരാതന ക്ഷേത്രങ്ങളിലുൾപ്പെടെ അർധ നഗ്ന പ്രതിമകളും ചുവർ ചിത്രങ്ങളുമുണ്ട്. ദേവതകളുടെ വിഗ്രഹങ്ങൾ അർധനഗ്നമാണെങ്കിലും ക്ഷേത്രങ്ങളിൽ ഒരാൾ പ്രാർഥിക്കുമ്പോൾ ഉള്ളിലുണരുന്ന വികാരം ലൈംഗികതയല്ല, ദൈവികതയാണ്.

പുലികളിയിലും തെയ്യത്തിലും പുരുഷ ശരീരത്തിൽ ചിത്രങ്ങൾ വരയ്ക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. സിക്സ് പാക്ക് മസിലുൾപ്പെടെ കാണിച്ചുള്ള പുരുഷ ശരീര പ്രദർശനങ്ങളും ഷർട്ടില്ലാതെ പുരുഷൻമാർ നടക്കുന്നതും അശ്ലീലമായി കരുതുന്നില്ല. എന്നാൽ സ്ത്രീ ശരീരത്തിന്റെ കാര്യത്തിൽ കാഴ്‌ചപ്പാടു മാറുന്നു. ചിലർ അതിനെ അമിതമായ ലൈംഗികതയായി കാണുന്നു. സമൂഹത്തിലെ ഈ ഇരട്ടത്താപ്പു തുറന്നു കാട്ടാനാണ് ഹർജിക്കാരി വിഡിയോ അപ്‌ലോഡ് ചെയ്തത്. വിഡിയോയിലൂടെ ഹർജിക്കാരി പറയാനുദ്ദേശിച്ച കാര്യം അഭിനന്ദനാർഹമാണ്. ലൈംഗിക ഉദ്ദേശ്യത്തോടെയാണ് ഹർജിക്കാരി ഇതു ചെയ്തതെന്നതിനു സൂചന പോലുമില്ല. വിഡിയോ സാധാരണക്കാരന്റെ കാമാസക്തി വർധിപ്പിക്കുമെന്നോ അയാൾ അധഃപതിക്കാൻ കാരണമാവുമെന്നോ പറയാനാവില്ലെന്നും കോടതി പറഞ്ഞു.

വിഡിയോ നൽകുന്ന സന്ദേശവും അത് പുറത്തിറക്കിയ സാഹചര്യവും കീഴ്ക്കോടതി അവഗണിച്ചെന്നു ഹൈക്കോടതി വിലയിരുത്തി. ഹർജി അനുവദിച്ച ഹൈക്കോടതി തുടർന്ന് കീഴ്ക്കോടതി വിധി റദ്ദാക്കി. രണ്ടു മിനിട്ട് ദൈർഘ്യമുള്ള വിഡിയോ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. യുവതിയുടെ 14 വയസ്സുള്ള മൂത്തമകൻ ഇവരുടെ മാറിടത്തിൽ ഫീനിക്‌സ് പക്ഷിയെ വരയ്ക്കുന്നതാണ് വിഡിയോയിലുള്ളത്. എട്ടുവയസ്സുള്ള മകളും ദൃശ്യത്തിലുണ്ട്. വിഡിയോയ്ക്കു താഴെ വിശദമായ സന്ദേശം ഹർജിക്കാരി നൽകിയിരുന്നു.

ലൈംഗികത സംബന്ധിച്ചു തലതിരിഞ്ഞ ആശയങ്ങൾ കുട്ടികളുടെ മനസ്സിൽ പ്രചരിക്കാതിരിക്കാനും ആൺശരീരത്തിൽനിന്നു വ്യത്യസ്തമായി സ്ത്രീ ശരീരത്തെ ലൈംഗികവൽക്കരിക്കാനുള്ള സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യാനുമാണ് വിഡിയോയെന്ന് ഹർജിക്കാരി വാദിച്ചു. ലൈംഗിക ഇച്ഛാഭംഗം നേരിടുന്ന സമൂഹത്തോടുള്ള പ്രതികരണമാണിതെന്നും ശാരീരിക വിവേചനങ്ങൾക്കെതിരെ പോരാടുന്ന വ്യക്തിയാണ് താനെന്നും ഹർജിക്കാരി വ്യക്തമാക്കി. വിഡിയോയിൽ യുവതി അർധനഗ്ന ശരീരം പ്രദർശിപ്പിച്ചത് അശ്ലീലവും അസഭ്യവുമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

English Summary : POCSO case related to mother's naked body being painted and circulated by her children was quashed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com