ADVERTISEMENT

കാസർകോട് ∙ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപക നിയമനം നിയമക്കുരുക്കിലായിട്ടു 3 വർഷം. വകുപ്പുതല പരീക്ഷ പാസായവർ ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കാതെയാണ് നിലവിൽ ചുമതല നിർവഹിക്കുന്നത്. സംസ്ഥാനത്തെ 3500 പ്രൈമറി സ്കൂളുകളിൽ 3100 എണ്ണത്തിലും താൽക്കാലിക പ്രധാനാധ്യാപകരാണ്. യോഗ്യതയുള്ള പ്രധാനാധ്യാപകർക്ക് ആനുകൂല്യങ്ങൾ നൽകാമെന്നു വിദ്യാഭ്യാസ വകുപ്പ് മാർച്ചിൽ സർക്കാരിനു ശുപാർശ നൽകിയെങ്കിലും നടപടിയായില്ല. 

പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരാകാൻ വകുപ്പുതല പരീക്ഷ പാസാകണമെന്നതു നിർബന്ധമാക്കി 2018 ൽ സർക്കാർ ഉത്തരവിറക്കി. ഈ നിബന്ധനയിൽ ഇളവു വേണമെന്ന ചില അധ്യാപകസംഘടനകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതോടെ നിയമപ്രശ്നം തുടങ്ങി. ഉത്തരവു ചോദ്യംചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും എത്തിയ കേസുകളിൽ, വകുപ്പുതല പരീക്ഷ നിർബന്ധമാണെന്ന വിധികളുണ്ടായി. 

സീനിയോറിറ്റി മാത്രം പരിഗണിച്ചു പ്രധാനാധ്യാപകരെ നിയമിക്കണമെന്ന് ചില സംഘടനകൾ നിലപാടു സ്വീകരിച്ചതോടെ സ്ഥാനക്കയറ്റം നിയമക്കുരുക്കിലായി. 2021 ജനുവരിയിൽ 50 വയസ്സു പിന്നിട്ടവരെ സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കി നിയമിക്കാൻ സർക്കാർ ഭേദഗതി വരുത്തി. മതിയായ യോഗ്യതയില്ലാത്ത ചില സംഘടനാ ഭാരവാഹികളെ നിയമിക്കാനുള്ള ശ്രമമാണിതെന്ന് ആരോപണമുയർന്നു. തുടർന്ന് ട്രൈബ്യൂണൽ ഇതു സ്റ്റേ ചെയ്തു. ഒക്ടോബറിൽ താൽക്കാലിക നിയമനത്തിനു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകി. സീനിയോറിറ്റി അടിസ്ഥാനത്തിൽ പ്രധാനാധ്യാപക സ്ഥാനക്കയറ്റം താൽക്കാലികമായി ആരംഭിച്ചു. ചുമതലകൾ നിർവഹിക്കാൻ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാതെയായിരുന്നു ഈ നടപടി. 

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ നടപടികൾ നീളുന്നതിനാൽ മതിയായ യോഗ്യതകളുള്ള പ്രധാനാധ്യാപകർ പോലും താൽക്കാലിക ചുമതല വഹിച്ച് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാതെ വിരമിക്കേണ്ട അവസ്ഥയാണിപ്പോൾ. കേസിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി പറഞ്ഞെങ്കിലും പുതിയ അധ്യയനവർഷത്തിലും നടപടിയായില്ല. 

English Summary : Appointment of Primary Head Teacher in trouble with law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com