അരിക്കൊമ്പനെ തുറന്നുവിട്ടു; ഒരാഴ്ച ആനയെ നിരീക്ഷിക്കാൻ പ്രത്യേകസംഘം

elephant-arikomban
(1) തിരുനെൽവേലി അപ്പർ കോതയാർ വനമേഖലയിൽ ഗോതായി നദിക്കരയിൽ അരിക്കൊമ്പൻ വെള്ളം കുടിക്കുന്നു. (2) തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം കമ്പം പൂശാനംപട്ടിയിൽനിന്നു പിടികൂടി തിരുനെൽവേലിയിലേക്കു കൊണ്ടുപോയപ്പോൾ. (ഫയൽ ചിത്രം: റെജു അർനോൾഡ് ∙ മനോരമ)
SHARE

ചെന്നൈ ∙ തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ കേരള അതിർത്തിയോടു ചേർന്നുള്ള തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്–മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ടു. തിങ്കൾ വൈകിട്ട് അഞ്ചരയോടെ ആനയെ വനത്തിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി ‘അനിമൽ ആംബുലൻസിൽ’ തന്നെ നിർത്തി. വനംവകുപ്പിന്റെ വെറ്ററിനറി വിദഗ്ധസംഘം പച്ചക്കൊടി നൽകിയതോടെ ഇന്നലെ രാവിലെ എട്ടോടെ തുറന്നുവിട്ടു. 

ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പുതിയ സ്ഥലത്ത് ആനയ്ക്കാവശ്യമായ വെള്ളവും ഭക്ഷ്യവസ്തുക്കളും ലഭ്യമാണെന്നും തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ.റെഡ്ഡി അറിയിച്ചു. ഒരാഴ്ച  ആനയുടെ നീക്കങ്ങളും ആരോഗ്യസ്ഥിതിയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തുറന്നുവിട്ട ആന ജലാശയത്തിലെത്തി വെള്ളം കുടിക്കുന്ന ദൃശ്യങ്ങളും വനംവകുപ്പിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 5നു പുലർച്ചെയാണു മയക്കുവെടിയുതിർത്ത് കമ്പത്തുനിന്ന് അരിക്കൊമ്പനെ പിടികൂടിയത്. തുമ്പിക്കൈ, കാലുകൾ എന്നിവിടങ്ങളിലെ മുറിവിനു പ്രത്യേക ചികിത്സ നൽകിയാണു തിരുനെൽവേലിയിലെത്തിച്ചത്.

അരിക്കൊമ്പന്റെ ആരോഗ്യം: ആശങ്ക പ്രകടിപ്പിച്ച് കേരളം

തിരുവനന്തപുരം ∙ തമിഴ്നാട് വനംവകുപ്പ് പിടികൂടിയ ശേഷം തിരു‍നെൽവേലിക്കു സമീപം വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് സംസ്ഥാന വനംവകുപ്പ്. തമിഴ്നാട്ടിൽ ഇരുമ്പുവേലി മറികടക്കുമ്പോഴാണ് അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായതെന്നാണു കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

അരിക്കൊമ്പനെ തിരികെയെത്തിക്കാൻ ഇന്നലെയും പ്രതിഷേധം

ചിന്നക്കനാൽ ∙ അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെയും സൂര്യനെല്ലി-ബോഡിമെട്ട് റോഡിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുതുവാൻ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ താമസിക്കുന്ന ആടുവിളന്താൻ, ടാങ്ക് മേട്, പച്ചപ്പുൽ, കോഴിപ്പന എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇന്നലത്തെ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ചെമ്പകത്തൊഴുക്കുടി ഉൗരുമൂപ്പൻ പാൽരാജ്, വിവിധ ഉൗരുകളിലെ കാണിമാരായ ചെല്ലൻ, രാജുമണി, മുത്തുകുമാർ‍ എന്നിവർ നേതൃത്വം നൽകി.

Content Highlight: Elephant Arikomban

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS