കോട്ടയം ∙ പേരിനൊപ്പം ജന്മനാടായ കൊല്ലത്തെ കൂടെ ചേർത്തിരുന്നെങ്കിലും 5 വർഷമായി കോട്ടയം വാകത്താനം സ്വദേശിയാണു കൊല്ലം സുധി. വിവാഹശേഷം ഭാര്യ രേഷ്മയുടെ നാടായ വാകത്താനത്താണു സുധി താമസിച്ചത്. വാകത്താനം പഞ്ചായത്ത് ഓഫിസിനു സമീപം വാടകവീട്ടിലായിരുന്നു 2 വർഷത്തോളം.
പിന്നീടു പൊങ്ങന്താനം പന്തിരുപറ കോളനിയിലെ മറ്റൊരു വാടകവീട്ടിലേക്കു താമസം മാറി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇതിനു തൊട്ടടുത്ത വീട്ടിലേക്കു കഴിഞ്ഞ മാസം വീണ്ടും മാറി. പുതുക്കാട്ടിൽ എന്നാണ് മേൽവിലാസം. വൈകുന്നേരങ്ങളിൽ റോഡിലേക്കിറങ്ങുന്ന സുധിയെ കണ്ടാൽ വഴിയാത്രക്കാരും നാട്ടിലുള്ളവരും സെൽഫി എടുക്കാൻ തിരക്കു കൂട്ടുമായിരുന്നു.
കലാരംഗത്തെയും മിമിക്രി വേദികളിലെയും സുഹൃത്തുകൾ സുധിയെത്തേടി വീട്ടിലെത്തിയിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ടിവിയിൽ കാണുന്ന താരങ്ങൾ വീട്ടിലെത്തിയാൽ നാട്ടുകാരും ഓടിയെത്തും. പലയിടങ്ങളിൽ നിന്നും ആളുകൾ അവർ വരച്ച സുധിയുടെ ചിത്രങ്ങളും ആശംസാകാർഡുകളുമായി വീട്ടിലേക്കു വരുമായിരുന്നു. അടുത്ത മാസം ഗൾഫിലെ ഷോയ്ക്കു ശേഷം വാകത്താനത്തു സ്വന്തമായി വീടു വാങ്ങുന്നതിനുള്ള ആലോചനയിലായിരുന്നു സുധിയെന്നു ഭാര്യാമാതാവ് കുഞ്ഞമ്മ പറയുന്നു.
സുധി എത്തിയാൽ ചിരിയും ബഹളവുമാകുന്ന വീട് ഇന്നലെ സങ്കടക്കയത്തിൽ മുങ്ങി. സുധിയുടെ സുഹൃത്തുക്കൾ രാവിലെ മുതൽ വീട്ടിലെത്തി. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (മാ) സംഘടനാ ഭാരവാഹികളും പൊങ്ങന്താനത്തെ വീട്ടിലെത്തി. പുതിയ സിനിമകളിൽ വേഷം ലഭിച്ചതിന്റെ സന്തോഷം കഴിഞ്ഞ ദിവസം നേരിട്ടു കണ്ടപ്പോൾ സുധി പറഞ്ഞിരുന്നതായി സുഹൃത്തും നടനുമായ കണ്ണൻ സാഗർ പറഞ്ഞു.
English Summary : Kollam Sudhi at Kottayam