ADVERTISEMENT

തൃശൂർ ∙ 300 കോടിയുടെ കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ പ്രതികളിൽനിന്നു 125.83 കോടി രൂപ റവന്യു വകുപ്പു കണ്ടുകെട്ടുമ്പോൾ ബാക്കി 175 കോടി രൂപയ്ക്കു കണക്കില്ല. 2 വർഷമെടുത്തു 3 സീനിയർ ഓഡിറ്റർമാർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ബാങ്കിൽ 300 രൂപയുടെ ക്രമക്കേടു നടന്നതായി കണ്ടെത്തിയിരുന്നെങ്കിലും ‘പ്രത്യക്ഷ’ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾക്കു മേലുള്ള ബാധ്യത 125 കോടി രൂപ മാത്രമായി ചുരുക്കിയതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം സജീവം. തട്ടിപ്പിന്റെ വ്യാപ്തി കുറയ്ക്കാനുള്ള നീക്കമാണിതെന്നും സൂചനയുണ്ട്. പണം തിരിച്ചടയ്ക്കാൻ നൽകിയ സമയപരിധി പിന്നിട്ട‍ിട്ടും ആരും തിരിച്ചടയ്ക്കാത്തതിനാൽ ജോയിന്റ് റജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം മാർച്ചിൽ റവന്യു റിക്കവറിക്കു നടപടി തുടങ്ങിയിരുന്നു.

കരുവന്നൂരിൽ 2 സിപിഎം ഭരണസമിതികളുടെ നേതൃത്വത്തിൽ 2014 മുതൽ വൻതോതിൽ വായ്പാ–നിക്ഷേപ തട്ടിപ്പുകൾ നടത്തിയിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിലടക്കം കണ്ടെത്തിയെങ്കിലും രണ്ടാമത്തെ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും മാത്രമേ പ്രതിചേർത്തിട്ടുള്ളൂ.

ഇവർ 24 പേരിൽനിന്നായ‍ാണ് 125.83 കോടി രൂപ ഈടാക്കാൻ കലക്ടർ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടത്. ഇതിൽ ഭരണസമിതി അംഗങ്ങൾക്കെതിരെ മാത്രമാണു തട്ടിപ്പിന് ആനുപാതികമായ തുക ചുമത്തിയിട്ടുള്ളത്. 35.65 കോടിയുടെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയ കമ്മിഷൻ ഏജന്റ് ബിജോയ് അടയ്ക്കേണ്ടത് 20.72 ലക്ഷം മാത്രമാണ്.

മാനേജർ ബിജു കരീം 25.84 കോടി തട്ടിയെന്നു കണ്ടെത്തിയെങ്കിലും തിരിച്ചടയ്ക്കേണ്ടത് 12.26 കോടി മാത്രം. 5.73 കോടി തട്ടിയ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് 19.91 ലക്ഷം മാത്രം തിരിച്ചടച്ചാൽ മതി. ഇവർ തട്ടിപ്പിലൂടെ സ്വത്തു നേടിയെന്നു തെളിവു കണ്ടെത്താനായത് ഈ തുകയ്ക്കു മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, റവന്യു റിക്കവറി വഴി 125 കോടി തിരിച്ചെടുക്കാനായാലും കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ ദുരിതത്തിനു പരിഹാരമാകില്ല.

വിവിധ സ്കീമുകൾ വഴിയുള്ള നിക്ഷേപ പദ്ധതികളിൽ മാത്രം നിക്ഷേപിച്ചവർക്കു ബാങ്ക് കൊടുക്കാനുള്ളത് ഏകദേശം 141 കോടി രൂപയാണ്. മറ്റു നിക്ഷേപകർ വേറെ. എടുക്കാത്ത വായ്പയുടെ ബാധ്യത ഏൽക്കേണ്ടിവന്നവരുടെ കണക്കു വേറെ. ഇവയടക്കം തട്ടിയെടുത്ത 175 കോടിയോളം രൂപയ്ക്കു കണക്കില്ലാത്ത അവസ്ഥയാണിപ്പോൾ. 300 കോടിയുടെ തട്ടിപ്പു ക്രൈം ബ്രാഞ്ച് അന്വേഷിച്ചപ്പോൾ 227 കോടിയായി കുറഞ്ഞതിനു പിന്നാലെയാണു പ്രതികൾക്കു മേലുള്ള ബാധ്യത 125 കോടി രൂപയായി വീണ്ടും ചുരുങ്ങിയത്.

പ്രതികൾക്കു മേലുള്ള റവന്യു റിക്കവറി 125 കോടി രൂപയായി ഒതുക്കിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്നു പരാതിക്കാരനും ജനകീയ പ്രതിരോധ സമിതി ചെയർമാനുമായ എം.വി.സുരേഷ് ആരോപിച്ചു. ജോയിന്റ് റജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നതു തെറ്റായ കണക്കാണ്. പ്രതികൾക്കു മേലുള്ള ബാധ്യത കുറച്ചുകാണിച്ചു തട്ടിപ്പു തുടരുകയാണെന്നും സുരേഷ് പറഞ്ഞു.

ബിജോയ് തട്ടിച്ച തുക ദുബായിലും ചൈനയിലും? ഇഡി അന്വേഷണം

കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു തട്ടിയെടുത്ത പണമുപയോഗിച്ചു കമ്മിഷൻ ഏജന്റ് എ.കെ.ബിജോയ് ദുബായ്, ചൈന, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിക്ഷേപം നടത്തിയിരുന്നതായി വിവരം. ഇവിടങ്ങളിലേക്കു ബിജോയ് നടത്തിയ യാത്രകളുടെ വിവരങ്ങൾ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) വിശദമായി അന്വേഷിക്കുന്നുണ്ട്. അടുത്ത ബന്ധു ചൈനയിൽ നടത്തിയിരുന്ന ബിസിനസിൽ ബിജോയിക്കുള്ള സാമ്പത്തിക ബന്ധവും അന്വേഷിക്കുന്നുണ്ട്.

English Summary : Karuvannur Bank Fraud Case updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com