ADVERTISEMENT

തിരുവനന്തപുരം ∙ ഹൈസ്കൂൾ വരെയുള്ളവർക്ക് ഏപ്രിലിലെ ആദ്യ 5 ദിവസം കൂടി പ്രവൃത്തിദിവസമാക്കിയ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. സ്കൂളുകൾ മധ്യവേനലവധിക്കു മാർച്ച് 31നു തന്നെ അടയ്ക്കും. അതേസമയം 13 ശനിയാഴ്ചകളിൽ ക്ലാസ് നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ല. 205 പ്രവൃത്തിദിവസങ്ങളുമായി അക്കാദമിക് കലണ്ടർ പുതുക്കും. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മേൽനോട്ട സമിതിയിലുൾപ്പെട്ട അധ്യാപക സംഘടനാ നേതാക്കളുമായി മന്ത്രി വി.ശിവൻകുട്ടി നടത്തിയ ചർച്ചയിലാണു തീരുമാനം. 

സ്കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ ശനിയാഴ്ചകളിലെ ക്ലാസ് ഒഴിവാക്കണമെന്നു പ്രതിപക്ഷ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. കഴിഞ്ഞ വർഷം 4 ശനിയാഴ്ചകൾ ഉൾപ്പെടെ 202 അധ്യയനദിനങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണ 5 അധ്യയനദിനങ്ങളില്ലാത്ത ആഴ്ചകളിലെല്ലാം ശനി കൂടി ക്ലാസ് വച്ചു. കഴിഞ്ഞ ക്യുഐപി യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, ഏപ്രിൽ 5 വരെ ക്ലാസ് നടത്താനുള്ള തീരുമാനം സംഘടനകളുമായി ആലോചിക്കാതെയാണ് സംസ്ഥാനതല പ്രവേശനോത്സവ വേദിയിൽ മന്ത്രി പ്രഖ്യാപിച്ചത്. 

∙ ‘അധ്യാപകർക്കിടയിൽ അസ്വസ്ഥതയുണ്ടാകരുത് എന്നുള്ളതുകൊണ്ടാണ് ഏപ്രിലിലെ ക്ലാസ് വേണ്ടെന്നു തീരുമാനിച്ചത്. മുഴുവൻ ശനിയാഴ്ചകളിലും ക്ലാസുണ്ടെന്ന പ്രചാരണം ശരിയല്ല. 52 ശനിയാഴ്ചകളിൽ 13 എണ്ണം മാത്രമാണു പ്രവൃത്തിദിനങ്ങൾ.’ – വി.ശിവൻകുട്ടി (വിദ്യാഭ്യാസ മന്ത്രി)

English Summary : No class in April and saturday may working

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com