പ്രിൻസിപ്പൽമാർക്കു പകരം നിയമിച്ച ഗെസ്റ്റ് അധ്യാപകർക്കു ശമ്പളമില്ല

HIGHLIGHTS
  • എയ്ഡഡ് സ്കൂളുകളിലെ ഗെസ്റ്റ് നിയമനം തള്ളുന്നു
teacher-representational-image
പ്രതീകാത്മക ചിത്രം
SHARE

പാലക്കാട് ∙ ഗെസ്റ്റ് അധ്യാപകർക്കു പ്രായപരിധി കർശനമാക്കിയ സർക്കാർ, ഒരു വർഷം ജോലി ചെയ്ത താൽക്കാലിക അധ്യാപകരുടെ വേതനം നിഷേധിച്ചു. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്ക് ആഴ്ചയിൽ 21 പീരിയഡ് എന്നത് 8 ആയി കുറയ്ക്കുകയും പകരം ഗെസ്റ്റ് അധ്യാപകരെ നിയമിക്കാമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരം ഒരു വർഷം ജോലി ചെയ്ത ഗെസ്റ്റ് അധ്യാപകർക്കു പല റീജനൽ ഡപ്യൂട്ടി ഡയറക്ടറേറ്റുകളും (ആർഡിഡി) നിയമനാംഗീകാരം നൽകിയിട്ടില്ല. ഇവരാണു വേതനം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. 

ഇതിനൊപ്പം, എയ്ഡഡ് സ്കൂളുകളിൽ പ്രിൻസിപ്പൽ ഇൻ ചാർജ് പദവി വഹിക്കുന്ന അധ്യാപകർ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാൻ സമർപ്പിച്ച അപേക്ഷകളും ആർഡിഡി ഓഫിസുകൾ തള്ളുകയാണ്. ഗെസ്റ്റ് അധ്യാപന നിയമനത്തിലെ സർക്കാർ ഉത്തരവിൽ എയ്ഡഡ് സ്കൂളുകളിലെ പ്രിൻസിപ്പൽ ഇൻ ചാർജുമാർക്ക് ഉത്തരവു ബാധകമാണെന്നു പ്രത്യേകം പരാമർശിച്ചിട്ടില്ലെന്നു കാട്ടിയാണ് ആർഡിഡിമാർ നിയമനാംഗീകാരം നൽകാത്തതെന്നു പ്രിൻസിപ്പൽമാർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, പ്രിൻസിപ്പലിന്റെ ചുമതലയുള്ളവർ അധ്യാപനത്തിനൊപ്പം ഭരണപരമായ ജോലികളും ചെയ്യേണ്ട അവസ്ഥയിലാണ്. മുന്നൂറിലധികം എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ നിലവിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഭരണത്തിലാണ്. 

സ്ഥിരനിയമനങ്ങൾ വൈകുന്നതിനൊപ്പം, ഗെസ്റ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കാതിരുന്നാൽ സ്കൂളുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് അധ്യാപകർ പറയുന്നു.

പ്രായപരിധി പിൻവലിക്കണമെന്ന് ആവശ്യം ശക്തം

ഒരു വർഷത്തെ താൽക്കാലിക നിയമനങ്ങൾക്കു പിഎസ്​സി സ്ഥിരനിയമനത്തിനു പാലിക്കുന്ന പ്രായപരിധി തന്നെ പിന്തുടരുന്നത് ഉദ്യോഗാർഥികളുടെ അവസരങ്ങൾ നഷ്ടമാക്കുന്നതാണെന്നു കാട്ടി പ്രിൻസിപ്പൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.സക്കീർ സൈനുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകി. ആവശ്യത്തിന് അധ്യാപകരെ നിയമിക്കാൻ കഴിഞ്ഞില്ലെങ്കിൽ അനധ്യാപക ജീവനക്കാർ പോലും ഇല്ലാത്ത ഹയർ സെക്കൻഡറി വിഭാഗത്തിലെ പ്രവർത്തനങ്ങളെ ഇതു ദോഷകരമായി ബാധിക്കുമെന്നും പരാതിയിൽ പറയുന്നു. ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപക നിയമനം നടക്കാത്ത സാഹചര്യത്തിൽ ഗെസ്റ്റ് നിയമന നിയമങ്ങൾ സുഗമമാക്കണമെന്നു എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജ് ആവശ്യപ്പെട്ടു. 40 വയസ്സു കഴിഞ്ഞവർക്ക് ഗെസ്റ്റ് അധ്യാപകരാകാൻ കഴിയില്ലെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

English Summary : Salary not paid to guest teachers appointed as principals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS