ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യൻ നിർമിത ഉൽപന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിൾ തന്നെ. എൽഎസ് കേബിൾ എന്ന കമ്പനി ഇന്ത്യൻ നിർമിതമെന്ന പേരിൽ നൽകിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ഇതും ഗുണനിലവാരം ഉറപ്പില്ലെന്നതും പദ്ധതിയിൽ പങ്കാളിയായ കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു. ഉന്നതതല സമിതിയുടെ പരിശോധനയും നിർദേശിച്ചു.

എന്നാൽ, പദ്ധതി നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) എൽഎസ് കേബിളിനു വേണ്ടി നിർബന്ധം പിടിച്ചു. കെ ഫോൺ പദ്ധതിയെക്കുറിച്ച് അക്കൗണ്ടന്റ് ജനറൽ നടത്തുന്ന ഓഡിറ്റിൽ കെഎസ്ഇബി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒപിജിഡബ്ല്യു കേബിളിന്റെ ആകെ വിലയിൽ 70% വരുന്ന സുപ്രധാന ഘടകങ്ങളാണു ‘ടിജിജി ചൈന’ കമ്പനിയിൽനിന്നു വാങ്ങിയത്. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു.

ഇന്ത്യയിൽ രൂപകൽപന ചെയ്ത്, നിർമിച്ച്, പരിശോധന നടത്തിയ ഉൽപന്നമാകണമെന്നു ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ടെൻഡറിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ 2019 നവംബറിൽ എൽഎസ് കേബിളിന്റെ ഹരിയാനയിലെ പ്ലാന്റ് സന്ദർശിച്ച കെഎസ്ഇബി പ്രതിനിധി അവിടെ ഒപിജിഡബ്ല്യു കേബിൾ നിർമിക്കാനുള്ള സൗകര്യമില്ലെന്നാണ് അറിയിച്ചത്. ഒപിജിഡബ്ല്യു കേബിളിലെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ഇറക്കുമതി ചെയ്യുകയാണെന്നും റിപ്പോർട്ട് നൽകി.

ഘടകങ്ങളിൽ 58% ഇന്ത്യനും 42% ഇറക്കുമതിയുമാണെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ രേഖയുമായി എൽഎസ് കേബിൾ രംഗത്തെത്തി. ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ 55% പ്രാദേശിക ഘടകങ്ങളുണ്ടെങ്കിൽ ഉൽപന്നത്തെ മെയ്ക് ഇൻ ഇന്ത്യയായി പരിഗണിക്കാമെന്നു 2018 ൽ കേന്ദ്രം ടെലികോം മന്ത്രാലയം വിജ്‍ഞാപനം ചെയ്തിരുന്നു. ഇത് ഒപിജിഡബ്ല്യു കേബിളിനും ബാധകമാണെന്നാണു വാദം. ഈ വാദവും രേഖയും അതേപടി കെഎസ്ഐടിഐഎൽ അംഗീകരിച്ചു. ഉന്നതതല സമിതിയെ വയ്ക്കുകയോ സ്വന്തം നിലയ്ക്കു പരിശോധിക്കുകയോ ചെയ്തില്ല. ടെലികോം മന്ത്രാലയത്തിനു കീഴിലെ ടെലി കമ്യൂണിക്കേഷൻ എൻജിനീയറിങ് സെന്ററിൽനിന്ന് ഉപദേശം തേടണമെന്ന കേന്ദ്രവ്യവസ്ഥയും ലംഘിച്ചു.

അറിയില്ല, പരിശോധിക്കാം: കെ ഫോൺ എംഡി

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൈനീസ് കേബിൾ ആരോപണമുന്നയിച്ചപ്പോൾ കെ ഫോൺ നിഷേധിച്ചിരുന്നു. കേബിളിൽ ചൈനീസ് ഘടകമുണ്ടോയെന്നും കെഎസ്ഇബി എതിർത്തിരുന്നോയെന്നും തനിക്ക് അറിയില്ലെന്നു കെ ഫോണിന്റെയും കെഎസ്ഐടിഐഎലിന്റെയും എംഡി ഡോ. സന്തോഷ് ബാബു ‘മനോരമ’യോടു പ്രതികരിച്ചു. 2021 ലാണു താൻ ചുമതലയേറ്റതെന്നും ഇക്കാര്യങ്ങൾ പരിശോധിച്ചു മറുപടി നൽകാമെന്നും പറഞ്ഞു.

English Summary: Cables used for KFON were imported from China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com